- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാടക ഗുണ്ട എത്തിയത് കണ്ണൂരിൽ നിന്നും; ആസൂത്രണം ചെയ്തത് തൃശ്ശൂരിലെ ചില നേതാക്കൾ; കോടാലിയിലെ ഗുണ്ടാ ക്വട്ടേഷൻ നേതാവിന് സ്പോട്ട് ഓപ്പറേഷന്റെ ചുമതല; മൂന്ന് കാറുകൾ ഒരുമിച്ചിട്ടും വളഞ്ഞിട്ടു പിടിച്ചു പണം കവരൽ; ബിജെപി ആരോപണ വിധേയരായ മൂന്നരക്കോടിയുടെ കുഴൽപ്പണ കേസിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അന്വേഷണം തുടങ്ങി
തൃശ്ശൂർ: ബിജെപി ആരോപണ വിധേയരായ കുഴൽപ്പണം തട്ടിയെടുക്കൽ കേസിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അന്വേഷണം തുടങ്ങി. ദേശീയപാർട്ടിയുടെ പണം പോയ വിഷയം വലിയ തോതിൽ വാർത്തകൾ ആയതോടെയാണ് കേന്ദ്ര ഏജൻസി അന്വേഷണം ഊർജ്ജിതമാക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചെലവഴിക്കാൻ രഹസ്യമായി കൊണ്ടുപോയിരുന്ന 3.5 കോടി രൂപ തട്ടിയെടുക്കാൻ ആസൂത്രിതമായ ശ്രമം തന്നെ നടന്നുവെന്നാണ് അറിയുന്നത്. ഇതിനായി രംഗത്തിറക്കിയത് മൂന്നു കാറുകലായിരുന്നു. ഗുണ്ടാബന്ധം കണ്ണൂരിൽ നിന്നും തൃശൂർ കോടാലിയിൽ നിന്നും. മൂന്നരക്കോടിയിൽ അധികം പണമുണ്ടായിരുന്നെന്നും സൂചനകളും പുറത്തുവരുന്നുണ്ട്.
തിരഞ്ഞെടുപ്പിനു മൂന്നുദിവസം മുൻപാണു രാത്രിയിൽ കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് പണം കവർന്നത്. വാഹനം ഓടിച്ചിരുന്ന കോഴിക്കോട് സ്വദേശി ഷംജീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു മൂന്നുകാറുകൾ ഉപയോഗിച്ചു വളഞ്ഞിട്ടു പിടിച്ചായിരുന്നു ആക്രമണമെന്നു മനസ്സിലായത്. ഒരു കാർ മുന്നിൽ കയറി വളച്ചു നിർത്തി. മറ്റു രണ്ടുകാറുകൾ ഇവരുവശത്തും ഇടിപ്പിച്ച ശേഷം തന്നെ കീഴ്പ്പെടുത്തി കടന്നു കളഞ്ഞെന്ന ഡ്രൈവറുടെ മൊഴി എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂരിലെ ഗുണ്ടാനേതാവിന്റെ സഹായത്തോടെ പാർട്ടിയുടെ തൃശൂരിലെ ചില നേതാക്കളാണ് മോഷണം ആസൂത്രണം ചെയ്തതെന്നാണു വിവരം. കൊടകരയിലെ കോടാലിയിലെ ഗുണ്ടാ ക്വട്ടേഷൻ നേതാവിനായിരുന്നു സ്പോട് ഓപ്പറേഷന്റെ ചുമതല. കോഴിക്കോട് നിന്നു പണം കൊടുത്തുവിട്ട കാറിൽ ട്രാക്കർ സംവിധാനവും ഉണ്ടായിരുന്നു. കുറ്റിപ്പുറത്തു നിന്നു ചാവക്കാട് കൊടുങ്ങല്ലൂർ ദേശീയപാത വഴി എറണാകുളത്തേക്ക് പോകാനിരുന്ന സംഘം ഇടയ്ക്കു റൂട്ട് മാറ്റി തൃശൂർ വഴിയായി. കുറ്റിപ്പുറം വരെ വാഹനത്തെ ട്രാക്കർ സംവിധാനത്തിലൂടെ ഗുണ്ടാസംഘം പിന്തുടർന്നെങ്കിലും ഇടയ്ക്ക് കൈവിട്ടു.
തൃശൂരിലെ ഓഫിസിലെത്തിയ സംഘത്തിന് പിറ്റേന്നു പുലർച്ചെ പുറപ്പെട്ടാൽ മതിയെന്ന നിർദ്ദേശം നൽകി എംജി റോഡിലെ ലോഡ്ജിൽ മുറി ശരിയാക്കി നൽകിയ നേതാക്കൾ ഗുണ്ടാസംഘത്തിനു വീണ്ടും ആസൂത്രണത്തിനു സമയം നൽകുകയായിരുന്നു. കേന്ദ്ര ഇന്റലിജൻസും സംഭവത്തിന്റെ വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇതോടെ പണം മടക്കിനൽകി ഒത്തുതീർപ്പിനുള്ള ശ്രമവും സജീവമായി. പൂരത്തിരക്കിനിടയിലും പാർട്ടിയുടെ സംസ്ഥാന നേതാക്കൾ ഇതുമായി ബന്ധപ്പെട്ട അന്വേഷണവുമായി തൃശൂർ നഗരത്തിലുണ്ടായിരുന്നു. കണ്ണൂരിൽ നിന്നുള്ള ഗുണ്ടാനേതാവിന്റെ ഇടപെടൽ മൂലം പാർട്ടിയിലെ കണ്ണൂർ ലോബിയും സംശയത്തിന്റെ നിഴലിലായി.
ഏപ്രിൽ രണ്ടിനു വൈകീട്ട് ഏഴോടെയാണ് പണവുമായി കാർ എത്തിയത്. അപ്പോൾത്തന്നെ കൊച്ചിയിലേക്കു പോകാനായിരുന്നു പദ്ധതി. ഈ വാഹനം തടഞ്ഞുനിർത്തി നേതാക്കൾ കണ്ണൂരിലെ ഗുണ്ടയെ ബന്ധപ്പെട്ടു. രണ്ടരയോടെ ഗുണ്ട കാറിൽ തൃശ്ശൂരിലെത്തി. ഇരിങ്ങാലക്കുടയിൽ താമസിക്കുന്ന തലശ്ശേരി സ്വദേശിയായ മറ്റൊരു ഗുണ്ടയെയും വിളിച്ചുവരുത്തി. മറ്റു രണ്ട് കാറുകളും സംഘടിപ്പിച്ചു. വിശ്വസ്തരായ നാലുപേരെയും കൂട്ടി.
പണവുമായി എത്തിയ കാറിന്റെ ഡ്രൈവറെ വെളുപ്പിന് നാലുമണിക്ക് പോകാൻ അനുവദിച്ചു. മൂന്ന് കാറുകളിൽ ഗുണ്ടാസംഘം പിന്തുടർന്നു. കൊടകര മേൽപ്പാലം കഴിഞ്ഞപ്പോൾ കാറിനെ ഗുണ്ടാസംഘത്തിന്റെ ഒരു കാർ മറികടന്നു നിർത്തി. മറ്റു രണ്ട് കാറുകൾ പണം കൊണ്ടുപോയ കാറിൽ ഇടിച്ചു. ഡ്രൈവർ പുറത്തിറങ്ങിയതോടെ, പണവുമായി വന്ന കാർ ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി. അതേസമയം പണവുമായി എത്തിയ കാറിന്റെ ഡ്രൈവർ കോഴിക്കോട് ചേളന്നൂർ കണ്ണങ്കര എ.കെ. വീട്ടിൽ ഷംജീർ ആണ് കൊടകര പൊലീസിൽ പരാതി നൽകിയത്. അരമണിക്കൂറിനുള്ളിൽ പദ്ധതി ആസൂത്രകനായ പാർട്ടി നേതാവ് സ്റ്റേഷനിലെത്തി ഒത്തുതീർപ്പിനു ശ്രമിച്ചു.
വൻതട്ടിപ്പ് നടക്കുന്നെന്ന സൂചന കിട്ടിയ പാർട്ടിയിലെ മറ്റുചില നേതാക്കളാണ് സംഭവം കുത്തിപ്പൊക്കിയത്. കേസ് ഒത്തുതീർക്കാൻ ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. പൊലീസിന്റെ പ്രഥമവിവര റിപ്പോർട്ടിൽ പാർട്ടിയുടെ പേരുപറയുന്നില്ല. സംഭവത്തെപ്പറ്റി പാർട്ടിയും പാർട്ടിയെ നയിക്കുന്ന സംഘടനയും അന്വേഷണം നടത്തുന്നുണ്ട്. തൃശ്ശൂരിൽ കടക്കെണിയിലായ ഒരു നേതാവ് ഈയിടെ വൻതുകയുടെ കടം വീട്ടിയതും പാർട്ടി അന്വേഷിക്കുന്നുണ്ട്.
അതേസമയം ബിജെപിക്കായി കോടിക്കണക്കിനു രൂപ കുഴൽപ്പണമായി കൊണ്ടുവന്ന സംഭവം തിരഞ്ഞെടുപ്പു കമ്മിഷൻ അന്വേഷിക്കണമെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ ആരോപിച്ചു. ഈ കള്ളപ്പണത്തിൽ നിന്നു മൂന്നരക്കോടി രൂപ തൃശൂർ കൊടകരയിൽ കൊള്ളയടിക്കപ്പെട്ട സംഭവം ഗൗരവമുള്ളതാണ്. സമാനമായ സംഭവം പാലക്കാട്ടും നടന്നു. പണം ഒഴുക്കി ജനവിധി അട്ടിമറിക്കാനുള്ള ബിജെപിയുടെ ഗൂഢനീക്കമാണ് ഇവിടെ വെളിപ്പെട്ടത്. ഉത്തരേന്ത്യൻ മോഡലിൽ കള്ളപ്പണം ഒഴുക്കി ജനാധിപത്യം അട്ടിമറിക്കാൻ നടത്തിയ ശ്രമം തിരഞ്ഞെടുപ്പ് കമ്മിഷൻ ഗൗരവമായി കാണണം വിജയരാഘവൻ പറഞ്ഞു.എൽഡിഎഫ് വിഷയം ഏറ്റെടുത്തതോടെ വിഷയം വലിയ തോതിൽ ചർച്ചയാകുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ