- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയെ വിവാദത്തിലാക്കി കുഴൽപ്പണ കേസിൽ പ്രതിയിൽനിന്ന് 23 ലക്ഷവും സ്വർണവും പിടിച്ചു; കേരള ബാങ്കിൽ 6 ലക്ഷം വായ്പ തിരിച്ചടച്ച രേഖയും കണ്ടെടുത്തു; 30 ലക്ഷത്തിന് കണക്കായതോടെ തുടകയുടെ വലുപ്പവും ഉയരുന്നു; ഗുണ്ടാ സംഘത്തെ സഹായിച്ച 'ഒറ്റുകാരൻ' കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി റഷീദ്
തൃശൂർ: ബിജെപിയെ വിവാദത്തിലാക്കിയ കുഴൽപ്പണ വിവാദത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചു പൊലീസ്. കവർച്ച ചെയ്ത പണത്തിൽ 23.34 ലക്ഷം രൂപ കണ്ടെടുത്തു. പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്നുമാണ് ഈ പണം കണ്ടെടുത്തത്. ഇതിന് പുറമേ ഒന്നേകാൽ ലക്ഷം രൂപയുടെ സ്വർണവും കണ്ടെത്തിയിട്ടുണ്ട്. 3.5 കോടി രൂപയാണ് കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തിരുന്നത്. കവർച്ചയ്ക്കു ശേഷം കേരള ബാങ്കിൽ 6 ലക്ഷം രൂപ വായ്പ തിരിച്ചടച്ചതിന്റെ രേഖയും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ 30 ലക്ഷത്തിലേറെ രൂപയുടെ കണക്കായി.
കേസിൽ ഒൻപതാം പ്രതി തൃശൂർ വേളൂക്കര കോണത്തുകുന്ന് തോപ്പിൽവീട്ടിൽ ബാബു (39) വീട്ടിലൊളിപ്പിച്ച നിലയിലാണ് അന്വേഷണ സംഘം പണം കണ്ടെത്തിയത്. കുഴൽപണ കവർച്ചയുമായി ബന്ധപ്പെട്ട് 25 ലക്ഷം നഷ്ടപ്പെട്ടെന്നു പരാതിപ്പെട്ട കോഴിക്കോട്ടെ അബ്കാരി ധർമരാജനെ ചോദ്യം ചെയ്തതിലൂടെയാണ് അന്വേഷണ സംഘത്തിനു കൂടുതൽ വിവരങ്ങൾ ലഭിച്ചത്. കവർച്ചയ്ക്കിരയായ വാഹനത്തിന്റെ ഡ്രൈവർ ഷംജീറിനൊപ്പം ധർമരാജനെ തൃശൂരിലെത്തിച്ചു ചോദ്യം ചെയ്യുകയായിരുന്നു.
സംഘം തൃശൂരിൽ തങ്ങിയ ലോഡ്ജിലെ രേഖകളും സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തട്ടിയെടുത്ത പണം ആദ്യ മൂന്നു പ്രതികൾ കൊണ്ടുപോയെന്നാണു പ്രാഥമികാന്വേഷണത്തിൽ പൊലീസിനു ലഭിച്ച വിവരം. ഇതുപ്രകാരം നഷ്ടപ്പെട്ട പണം കോടികൾ വരുമെന്ന് ഉറപ്പായി. അതേസമയം, ഗുണ്ടാ സംഘത്തെ സഹായിച്ച 'ഒറ്റുകാരൻ' കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി റഷീദ് ആണെന്നു പൊലീസ് കണ്ടെത്തി. ഡ്രൈവർ ഷംജീറിന്റെ സഹായിയായി കാറിൽ കയറിയ റഷീദ് ഫോണിലെ ജിപിഎസ് ഓൺ ആക്കി, പിന്നാലെ 3 കാറുകളിലായി വന്നിരുന്ന ഗുണ്ടകൾക്കു വിവരം നൽകുകയായിരുന്നു.
ജിപിഎസ് കിട്ടാതായപ്പോൾ വാട്‌സാപ് സന്ദേശങ്ങളും അയച്ചു. പ്രതിപ്പട്ടികയിലുള്ള അലി സാജ്, രഞ്ജിത് എന്നിവർക്കായിരുന്നു സന്ദേശം. രാത്രി തൃശൂരിൽ തങ്ങി പിറ്റേന്നു രാവിലെ പുറപ്പെടുമ്പോഴും സന്ദേശം കൈമാറിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സാങ്കേതിക തെളിവുകൾ അടക്കം കൃത്യമായ വിവരം അന്വേഷണ സംഘത്തിനു ലഭിച്ചതായി എസ്‌പി ജി. പൂങ്കുഴലി പറഞ്ഞു. റഷീദിനെ അന്വേഷിച്ച് തൃശൂരിലെ പൊലീസ് സംഘം കോഴിക്കോട്ട് പോയെങ്കിലും സകുടുംബം മുങ്ങിയതായി കണ്ടെത്തി.
തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർണാടകയിൽ നിന്നും എത്തിച്ച കുഴൽപ്പണമാണ് അതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. അത് എറണാകുളത്ത് എത്തിക്കാനുള്ള ചുമതല ഉണ്ടായിരുന്നത് ധർമരാജനായിരുന്നു. ധർമരാജന്റെ ഡ്രൈവർ ജംഷീറും സഹായി റഷീദും ചേർന്നാണ് പണം എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്.
അതെസമയം കുഴൽപ്പണ കവർച്ചയുമായി ബന്ധമുള്ള ബിജെപി നേതാക്കളെ രക്ഷിക്കാനുള്ള പൊലീസിന്റെ നാടകമാണിതെന്നാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം. കുഴൽപ്പണക്കവർച്ചയിൽ ബിജെപിയുടെ ചില ജില്ലാ നേതാക്കൾക്കും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർത്ഥിക്കും ബന്ധമുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ കേസിലെ പൊലീസ് പങ്കും പുറത്തുവരാൻ തുടങ്ങിയപ്പോൾ കേസ് ക്വട്ടേഷൻ സംഘത്തിന്റെ തലയിൽ കെട്ടിവച്ച് ഫയൽ അടയ്ക്കാനുള്ള ശ്രമമാണെന്നാണ് രാഷ്ട്രീയഎതിരാളികൾ ആരോപിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകരയിൽവെച്ച് വ്യാജ വാഹനാപകടമുണ്ടാക്കി കുഴൽപ്പണം തട്ടിയെടുത്തത്. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകും വഴി തൃശൂരിലെത്തുമ്പോൾ നേരം ഏറെ വൈകിയിരുന്നു. ഇതോടെ കാർ തൃശൂരിലെ പാർട്ടി ഓഫിസിലെത്തി. രാത്രി യാത്ര സാഹസമാണെന്നും വഴിനീളെ പരിശോധനയുണ്ടെന്നും പിടിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പറഞ്ഞ് ഇവിടെയുണ്ടായിരുന്ന പാർട്ടി നേതാക്കൾ അന്ന് പോകാൻ അനുവദിച്ചില്ലത്രെ. ഈ നേതാക്കൾ തന്നെയാണ് പണം തട്ടൽ ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ ആദ്യ റിപ്പോർട്ടിലുണ്ടായിരുന്നത്.
പണവുമായി പോയ കാർ കൊടകരയിലെത്തിയപ്പോൾ പിന്തുടർന്നെത്തിയ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. അപകടമാണെന്ന് കരുതി പണം വെച്ചിരുന്ന കാർ നിർത്തിയപ്പോഴേക്കും ഇടിച്ച കാറിലുണ്ടായിരുന്നവർ ഇറങ്ങി പണമുണ്ടായിരുന്ന കാറുമായി രക്ഷപ്പെട്ടു. കൊടകര മേൽപ്പാലം കഴിഞ്ഞയുടൻ പുലർച്ച നാലേ മുക്കാലോടെയായിരുന്നു അപകടം. കാർ നഷ്ടപ്പെട്ടത് സംബന്ധിച്ച് ഉടമ കൊടകര പൊലീസിൽ നൽകിയ പരാതിയാണ് കോടികളുടെ കുഴൽപ്പണക്കടത്ത് പുറത്ത് വന്നത്.
മറുനാടന് മലയാളി ബ്യൂറോ