- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി കെ ജാനുവിന് സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണം കെട്ടിചമച്ചത്; ബത്തേരിയിലെ റിസോർട്ടിൽ വെച്ച് പൂജാദ്രവ്യങ്ങൾ അടങ്ങിയ സഞ്ചിയിൽ 25 ലക്ഷം രൂപ കൈമാറിയെന്ന ആരോപണം നിഷേധിച്ച് ബിജെപി ജില്ലാ സെക്രട്ടറി; ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്നും പ്രശാന്ത് മലവയൽ
സുൽത്താൻ ബത്തേരി: ബത്തേരി നിയസഭാ മണ്ഡലത്തിൽ മൽസരിക്കാൻ വേണ്ടി സികെ ജാനുവിന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണം കെട്ടിചമച്ചതെന്ന് ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ. ജാനുവിന് കോഴ നൽകിയെന്ന് കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് സംഘം പ്രശാന്ത് മലവയലിനെ എഴര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് പ്രശാന്ത് തന്റെ നിലപാട് വ്യക്തമാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബത്തേരിയിലെ റിസോർട്ടിൽ വെച്ച് പൂജാദ്രവ്യങ്ങടങ്ങിയ സഞ്ചിയിൽ സികെ ജാനുവിന് 25 ലക്ഷം രൂപ ബിജെപി ജില്ലാ സെക്രട്ടറിയായ പ്രശാന്ത് മലവയൽ കൈമാറിയെന്നായിരുന്നു പ്രസീദയുടെ മൊഴി. ഈ മൊഴിയെകുറിച്ചാണ് പ്രധാനമായും അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞത്. എന്നാൽ, ഈ മൊഴി പ്രശാന്ത് നിഷേധിച്ചു.
ഇതു കൂടാതെ മാർച്ച് അവസാനം ബത്തേരിയിലേക്ക് കാസർഗോഡ് നിന്ന് ഇന്നോവാ കാറിൽ പണമെത്തിച്ചതിനെകുറിച്ചും അന്വേഷണ സംഘം വിശദീകരണം തേടിയിരുന്നു. കാസർഗോഡ് നിന്നും പണമെത്തിച്ചത് പ്രശാന്തെന്നായിരുന്നു പ്രസീദയുടെ മോഴി. ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും അന്വേഷണ സംഘത്തെ കാര്യങ്ങൾ ബോധിപ്പിച്ചതായും പ്രശാന്ത് മലവയൽ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു. അതേസമയം യുവമോർച്ചയിൽ രാജി തുടരുകയാണ്. ഇന്ന് 180-ത്തിലധികം പ്രവർത്തകർ രാജിവെച്ചു. പ്രശാന്ത് മലവയലിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് നടപടിയെടുക്കണെന്നാവശ്യപ്പെട്ടാണ് പ്രവർത്തകരുടെ കൂട്ടരാജി.
സികെ ജാനുവിന് 2016-ലെ തെരഞ്ഞെടുപ്പിനെക്കാൽ ഇത്തവണ വോട്ടു കുറഞ്ഞതോടെ തുടങ്ങിയതാണ് ബത്തേരിയിലെ പ്രശ്‌നങ്ങൾ. വോട്ടുകച്ചവടവും ബിജെപി ജില്ലാ നേതാക്കളുടെ സാമ്പത്തിക ക്രമക്കേടും അന്നു തന്നെ യുവമോർച്ച ജില്ലാ അധ്യക്ഷൻ ദിപുവം മണ്ഡലം പ്രസിഡന്റ് ലിലിൽകുമാറും ചോദ്യം ചെയ്തിരുന്നു.
സുൽത്താൻ ബത്തേരി മണ്ഡലത്തിന്റെ ചുമതലയില്ലാത്ത ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. പ്രശാന്തിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു ഇരുവരുടെയും പ്രധാന ആവശ്യം . ഇതു പരിഗണിക്കാതെ ഇന്നലെ ഇരുവരെയും പുറത്താക്കിയതാണ് യുവമോർച്ച പ്രവർത്തകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. വിശദീകരണമില്ലാതെ നടത്തിയ ഈ പുറത്താക്കൽ നടപടിക്കെതിരെ ബിജെപിയിലും പ്രതിഷേധം പുകയുകയാണ്.
ഇതിനോടകം ബത്തേരി കൽപറ്റ മണ്ഡലം കമ്മിറ്റികൾ രാജിവച്ചു. അഞ്ച് പഞ്ചായത്ത് കമ്മിറ്റികളും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബത്തേരിയിൽ മാത്രം 270 പ്രവർത്തകർ രാജി വച്ചിട്ടുണ്ടെന്നും ഇത് രണ്ടു ദിവസത്തിനുള്ളിൽ ആയിരത്തലേറെ ആകുമെന്നുമാണ് ദീപുവിനെ അനുകൂലിക്കുന്നവരുടെ അവകാശവാദം.
മറുനാടന് മലയാളി ബ്യൂറോ