- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീണ്ടും ഓപ്പറേഷൻ കേരളയുമായി ബിജെപി; പാർട്ടിക്ക് വളർച്ച കുറഞ്ഞ കേരളവും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങൾ അടുത്ത ലക്ഷ്യമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി യോഗം; ഇവിടങ്ങളിൽ പാർട്ടി വളർത്താൻ ഉത്തർപ്രദേശിൽ പയറ്റിത്തെളിഞ്ഞ 'പന്നാ പ്രമുഖ്' സംവിധാനവും
ന്യൂഡൽഹി: കേരളം അടക്കം ബിജെപിക്ക് വളർച്ച കുറഞ്ഞ സംസ്ഥാനങ്ങളിൽ ബദൽ കക്ഷിയായി വളരാനുള്ള നീക്കം ശക്തമാക്കാൻ ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗത്തിന്റെ തീരുമാനം. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് പാർട്ടിയുടെ അടുത്ത ലക്ഷ്യമെന്ന് ദേശീയ നിർവാഹകസമിതി യോഗം തീരുമാനിച്ചു. ഇവിടങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുമെന്ന് ഞായറാഴ്ച ഡൽഹിയിൽ ചേർന്ന നിർവാഹകസമിതി യോഗത്തിൽ ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു.
കേരളസർക്കാർ പ്രീണനരാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോവിഡ് കാലത്തെ കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് യോഗം പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. കേരളം പിടിക്കാൻ വേണ്ടി അടുത്തകാലത്ത് നടത്തുന്ന നീക്കങ്ങളുടെ തുടർച്ചയായുള്ള തന്ത്രങ്ങൾ ആവിഷ്്കകരിക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. അടുത്ത വർഷമാദ്യം തിരഞ്ഞെടുപ്പ് നടക്കാനുള്ള അഞ്ചുസംസ്ഥാനങ്ങളിലെ പാർട്ടിയുടെ തയ്യാറെടുപ്പുകൾ. ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ, കോവിഡ് പ്രതിരോധം, ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ ശേഷമുണ്ടായ വികസനം തുടങ്ങിയവ ചർച്ചചെയ്തതായി കേന്ദ്രമന്ത്രിമാരായ നിർമലാ സീതാരാമൻ, ഭൂപേന്ദ്ര യാദവ്, ധർമേന്ദ്ര പ്രധാൻ എന്നിവർ പത്രസമ്മേളനങ്ങളിൽ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ നേടിയ വിജയം ടി.ആർ.എസിന് ബദൽ ബിജെപി.യാണെന്ന് തെളിയിച്ചു. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുശതമാനത്തിൽ വൻവർധനയുണ്ടായി. പ്രത്യേകപദവി റദ്ദാക്കിയശേഷം ജമ്മുകശ്മീരിൽ വിപുലമായ വികസനമാണുണ്ടായിരിക്കുന്നത്. രാജ്യത്തെ കർഷകർക്കായി മോദി സർക്കാർ ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾ നടത്തിയെന്നും നഡ്ഡ പറഞ്ഞു. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനറിപ്പോർട്ട് അതത് സംസ്ഥാന ഭാരവാഹികൾ യോഗത്തിൽ അവതരിപ്പിച്ചു. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. സമാപനയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചു.
പാർട്ടിക്കു ശക്തമായ സ്വാധീനമില്ലാത്ത കേരളമടക്കം 5 സംസ്ഥാനങ്ങളിൽ വോട്ടേഴ്‌സ് ലിസ്റ്റിലെ ഓരോ പേജിലെയും അംഗങ്ങളെ സ്വാധീനിക്കാൻ ഒരാളെ വീതം ബിജെപി നിയോഗിക്കും. വോട്ടർപട്ടികയിലെ ഒരു പേജിലുള്ള (പന്നാ) വോട്ടർമാരെ ബിജെപിയിലേക്ക് ആകർഷിക്കുക ആയിരിക്കും 'പന്നാ പ്രമുഖ്' എന്നറിയപ്പെടുന്ന വ്യക്തിയുടെ ചുമതല. യുപിയിൽ ആർഎസ്എസ് ആവിഷ്‌കരിച്ചു വിജയകരമായി നടപ്പാക്കിയ തന്ത്രമാണിത്. 2022 ഏപ്രിൽ ആറിനകം എല്ലാ ബൂത്തുകളിലും പന്നാ കമ്മിറ്റികൾ നിലവിൽവരും. കേരളത്തിനു പുറമേ ആന്ധ്ര, ഒഡീഷ, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണു പാർട്ടി ശ്രദ്ധിക്കുക.
2019-നുശേഷം ആദ്യമായി ചേർന്ന ബിജെപി. ദേശീയ നിർവാഹകസമിതി യോഗത്തിൽ പ്രധാനമന്ത്രിയുൾപ്പെടെ 124 അംഗങ്ങൾ നേരിട്ടുപങ്കെടുത്തു. മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, ഡോ. മുരളീമനോഹർ ജോഷി എന്നിവർ ഓൺലൈനായി പങ്കെടുത്തു. കേരളത്തിൽനിന്ന് മന്ത്രി വി. മുരളീധരൻ, ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, വക്താവ് ടോം വടക്കൻ എന്നിവർ നേരിട്ടും മറ്റുനേതാക്കൾ ഓൺലൈൻവഴിയും പങ്കെടുത്തു.
അതേസമയം പ്രധാനമന്ത്രിയുടെ 'മൻ കി ബാത്ത്' കേൾക്കുന്നതിന് ആറുമാസത്തിനുള്ളിൽ രാജ്യവ്യാപകമായി സ്ഥിരം സംവിധാനങ്ങൾ സ്ഥാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനും മുമ്പ് പാർട്ടിയെ ശക്തിപ്പെടുത്താൻ 10,40,000 ബൂത്തുകളിൽ ഡിസംബർ 25-നുമുമ്പ് കമ്മിറ്റികൾ രൂപവത്കരിക്കും. അടുത്തവർഷം ഏപ്രിൽ ആറിനുമുമ്പ് പന്നാ പ്രമുഖുമാരെ (വോട്ടർ പട്ടികയുടെ ചുമതലക്കാർ) ഈ ബൂത്തുകളിൽ നിയോഗിക്കും.
മറുനാടന് മലയാളി ബ്യൂറോ