തിരുവനന്തപുരം: കേരളത്തിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ സാധിക്കിച്ചിട്ടില്ല ബിജെപിക്ക്. എങ്കിലും എല്ലാത്തവണയും തിരഞ്ഞെടുപ്പ് വരുമ്പോൾ ബിജെപിക്ക് വലിയ പ്രതീക്ഷയാണ്. ഇത്തവണയും പതിവു പോലെ ബിജെപിക്ക് കേരളത്തിൽ വലിയ പ്രതീക്ഷയുണ്ട്. ഇത്തവണ അക്കൗണ്ട് തുറക്കാൻ സാധിക്കുമെന്ന് നേതാക്കൾ ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. കേരളത്തിൽ അധികാരം പിടിക്കുമെന്നാണ് ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറയുന്നത്. എന്നാൽ, ഇക്കാര്യം നടക്കാത്ത കാര്യമാണെന്ന് നേതക്കൾക്ക് തന്നെ ബോധ്യവുമുണ്ട്. ഇങ്ങനെയൊക്കിയാണ് കാര്യങ്ങളെങ്കിലും ഒരു സീറ്റിൽ മാത്രം വിജയിച്ച് തടിയെടുക്കാമെന്ന് ബിജെപി സംസ്ഥാന നേതാക്കൾ കരുതിയാൽ തെറ്റി. ഒരു സീറ്റിൽ മാത്രം വിജയിച്ചാൽ പോരെന്നും ചുരുങ്ങിയത് പത്ത് സീറ്റിലെങ്കിലും വിജയിച്ചു വരണമെന്നാണ് അമിത് ഷായുടെ കർശന നിർദ്ദേശം.

പത്ത് സീറ്റുകൾ വിജയിക്കാൻ വേണ്ട എല്ലാ സഹായവും നൽകാൻ തയ്യാറാണെന്നാണ് കേന്ദ്രത്തിന്റെ ഉറപ്പ്. മികച്ച പ്രകടനം കാഴ്‌ച്ചവെക്കാൻ സാധിക്കുന്ന സീറ്റുകളിൽ മാത്രം മത്സരിച്ച് മറ്റ് സീറ്റുകളിൽ അടവ് നയം സ്വീകരിക്കാനാണ് ബിജെപിയുടെ ഉദ്ദേശ്യം. ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പു മികച്ച പ്രകടനം നടത്തിയ 64 നിയമസഭാ മണ്ഡലങ്ങളെ സംസ്ഥാന നേതൃത്വം തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ നാൽപ്പതിൽ ശക്തമായി കേന്ദ്രീകരിച്ചു പ്രവർത്തിക്കും. 15 സീറ്റുകളിൽ വിജയിക്കാൻ ഏറെ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് ഈ മണ്ഡലങ്ങളിൽ താഴെത്ട്ടിൽ പ്രവർത്തനം ശക്തമാക്കും.

തെക്കൻ കേരളത്തിലാണ് ബിജെപിക്ക് കൂടുതൽ സാധ്യതയെന്നാണ് പൊതു വിലയിരുത്തൽ. പ്രത്യേകിച്ച് തിരുവനന്തപുരത്ത് നാല് സീറ്റ് വരെ വിജയിക്കാൻ സാധിക്കുമെന്നും ബിജെപി കരുതുന്നു. സ്ഥാനാർത്ഥി നിണ്ണയവുമായി ബന്ധപ്പെട്ട് കോർ കമ്മിറ്റി യോഗം ഇന്നു തൃശൂരിൽ ചേരുന്നുണ്ട്. ഡൽഹിയിലുണ്ടായിരുന്ന സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസും ഇതിനായി മടങ്ങി. കോർ കമ്മിറ്റി അംഗങ്ങളുടെ ജില്ലാതല യാത്ര അടുത്ത ദിവസം ആരംഭിക്കും. ജില്ലയുടെ ചുമതലയുള്ള കോർ കമ്മിറ്റി അംഗവും സംഘടനാ ചുമതലയുള്ള നേതാവും ജില്ലാ പ്രസിഡന്റും ഓരോ നിയോജകമണ്ഡലങ്ങളിലെയും പ്രധാന നേതാക്കളുടെ യോഗം വിളിച്ചു സ്ഥാനാർത്ഥിത്വം സംബന്ധിച്ച അഭിപ്രായം ആരായും. 

പരമാവധി മൂന്നു പേരടങ്ങുന്ന പാനൽ തയാറാക്കും. ഇതു വച്ച് ഈ മാസം തന്നെ ആദ്യ സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കാനാകുമോ എന്നാണു നേതൃത്വം ആരായുന്നത്. കോർ കമ്മിറ്റിയിലും സംസ്ഥാന നേതൃനിരയിലുമുള്ള ഭൂരിപക്ഷം പേരെയും സ്ഥാനാർത്ഥികളാക്കാനാണു തീരുമാനം. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും മുൻ പ്രസിഡന്റ് വി. മുരളീധരനും തിരുവനന്തപുരം ജില്ലയിലെ സീറ്റുകളിൽ മൽസരിക്കും. നേമത്ത് ഒ. രാജഗോപാലിനെത്തന്നെ എന്ന അഭിപ്രായം ശക്തമാണ്. എന്നാൽ മൽസരിച്ചാൽ ജയിക്കാമെന്ന സാഹചര്യമുണ്ടെങ്കിൽ സ്ഥാനാർത്ഥി ആക്കാതിരിക്കുന്നത് അബദ്ധമാണെന്ന വാദവും ശക്തം. രാജഗോപാലിനെ സ്ഥാനാർത്ഥിയാക്കിയാൽ നേമം സീറ്റ് ഉറപ്പിക്കാമെന്നും വിലയിരുത്തുന്നു. തിരുവനന്തപുരവും കഴക്കൂട്ടവുമാണ് വിജയസാധ്യതയുള്ള മറ്റ് മണ്ഡലങ്ങൾ.

പി.കെ. കൃഷ്ണദാസ് (കാട്ടാക്കട), സി.കെ. പത്മനാഭൻ (കുന്ദമംഗലം), പി.എസ്. ശ്രീധരൻപിള്ള (ചെങ്ങന്നൂർ), കെ. സുരേന്ദ്രൻ (മഞ്ചേശ്വരം), എ.എൻ. രാധാകൃഷ്ണൻ (കൊടുങ്ങല്ലൂർ), ശോഭ സുരേന്ദ്രൻ (പാലക്കാട്), കെ.പി. ശ്രീശൻ (കാസർകോട്), എം ടി. രമേശ് (ആറന്മുള) തുടങ്ങിയവർ അതതു മണ്ഡലങ്ങളിൽ ഒരു കൈ നോക്കിയേക്കും. നടൻ സുരേഷ് ഗോപിയെ തിരുവനന്തപുരത്തോ ആറന്മുളയിലോ മൽസരിപ്പിക്കാൻ സാധ്യതയുണ്ട്. എന്നാൽ കേന്ദ്രനേതാക്കൾ പറഞ്ഞാൽ മാത്രമേ സുരേഷ് ഗോപി മത്സരിക്കുകയുള്ളൂ.

ആർഎസ്എസ് നേതൃത്വം ഇടപെട്ടു തന്നെയാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടത്തുക. ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ആർഎസ്എസ് ശാഖകളുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ എന്തുകൊണ്ടു മുന്നേറാൻ കഴിയുന്നില്ലെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പരിശോധനയാണ് ആർഎസ്എസിന്റെ നേരിട്ടുള്ള ഇടപെടലിനു തദ്ദേശ തിരഞ്ഞെടുപ്പ് മുതൽ വഴിവച്ചിരിക്കുന്നത്. ഗോവ മാതൃകയാക്കി ക്രിസ്ത്യൻ വിഭാഗത്തെ പരമാവധി ഒപ്പം നിർത്താനും നിർദ്ദേശമുണ്ട്.

ക്രിസ്ത്യൻ വിഭാഗക്കാർ പകുതിയോളമുള്ള ഗോവയിൽ ബിജെപിക്ക് അധികാരത്തിൽ വരാമെങ്കിൽ ഇവിടെയും ആകാമെന്നാണ് അനുമാനം. യുഡിഎഫും എൽഡിഎഫും രാഷ്ടീയപ്പാർട്ടികളെ ആശ്രയിക്കുമ്പോൾ, ചെറുതും വലുതുമായ ജാതി-മത സംഘടനകളുടെയും സാമൂഹിക ഗ്രൂപ്പുകളുടെയും പിന്തുണയാണു ബിജെപി നോട്ടമിടുന്നത്. ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരൻ പ്രസിഡന്റായത് ഈ സാധ്യത കൂട്ടുമെന്നാണു പ്രതീക്ഷ. കേന്ദ്രനേതാക്കൾ ഇനി തുടർച്ചയായി കേരളത്തിലെത്തി സ്ഥിതി വിലയിരുത്തും. അടുത്തിടെ കുമ്മനം ക്രൈസ്തവ നേതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തിയത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും വിലയിരുത്തുന്നു. അതേസമയം ബിജെഡിഎസിന്റെ നിലപാട് മാറ്റവും ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്.