ലഖ്‌നൗ: ദളിത് വിരോധികളെന്ന പേരു മാറ്റാനുള്ള ബിജെപിയുടെ ശ്രമം പാളുന്നു. ഉത്തർപ്രദേശിന്റെ മനസ്സ് പിടിക്കാൻ ദളിത് ജാതീയ വോട്ടുകൾ അനിവാര്യതയാണ്. ഇത് മനസ്സിലാക്കിയാണ് ദേശീയ അധ്യക്ഷൻ അമിത് ഷാ പദ്ധതികൾ തയ്യാറാക്കിയത്. ഇതിൽ ആദ്യത്തേത് തന്നെ പൊളിഞ്ഞു. അഗ്രയിൽ പദ്ധതിയിട്ട വമ്പൻ റാലി അമിത് ഷാ ഉപേക്ഷിച്ചത് അതുകൊണ്ട് തന്നെ യുപിയിൽ വലിയ വാർത്തയാവുകയാമ്. 40,000 ദളിതരെ സംഘടിപ്പിക്കാൻ കഴിയാത്തതാണ് ഇതിന് കാരണം. ഇത് പ്രതിപക്ഷം തെരഞ്ഞെടുപ്പിൽ നിറയ്ക്കുകയാണ്. ഇതിനെ എങ്ങനെ നേരിടുമെന്ന് അറിയാതെ പകയ്ക്കുകയാണ് ബിജെപി നേതൃത്വം.

ബുദ്ധമതക്കാരുടെ ധർമ്മ ചേതന യാത്ര എത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കാനിരുന്ന റാലിയാണ് പാർട്ടി സംസ്ഥാന ഘടകം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഏതാണ്ട് 40,000 ദളിതുകളെ പങ്കെടുപ്പിച്ച നടത്താൻ തീരുമാനിച്ച റാലി മോശം കാലാവസ്ഥയെ തുടർന്നാണ് മാറ്റുന്നത് എന്നാണ് ബിജെപി സംസ്ഥാന ഘടകം വിശദീകരിക്കുന്നത്. എന്നാൽ റാലിയിൽ പങ്കെടുക്കുന്നതിൽ നിന്നും ദളിതർ വിമുഖത പ്രകടിപ്പിച്ചതാണ് പദ്ധതി ഉപേക്ഷിക്കാൻ കാരണം എന്ന് പാർട്ടി വൃത്തങ്ങൾ തന്നെ സമ്മതിക്കുന്നു. ചേതന യാത്രയ്ക്കും സംസ്ഥാനത്ത് ഭീഷണിയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഹത്രാസ്, അലീഗഡ്, മഥുര എന്നീ ഭാഗങ്ങളിൽ നേരത്തെ തന്നെ യാത്രയ്‌ക്കെതിരെ പ്രതിഷേധം ഉണ്ടായിരുന്നു.

രാജ്‌നാഥ് സിങ് സർനാഥിൽ പതാക ഉയർത്തി തുടക്കം കുറിച്ച ചേതന യാത്ര യുപിയിൽ എത്തുന്നത്തിനോടനുബന്ധിച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്ന ഷായുടെ റാലിയിൽ 40,000 അധികം ദളിതരെ പങ്കെടുപ്പിക്കണം എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിനു നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ആളുകളെ സംഘടിപ്പിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. രോഹിത് വെമുലയുടെ ആത്മഹത്യയും ജെഎൻയുവിലെ കന്നയ്യ കുമാറിന്റെ അറസ്റ്റുമൊക്കെ ദളിതരിൽ ബിജെപിക്ക് മോശം പ്രതിച്ഛായ ഉണ്ടാക്കിയിരുന്നു. ഇത് മറികടക്കാനുള്ള ശ്രമമാണ് പൊളിയുന്നത്. ചേതന യാത്രക്കെതിരെ ഉണ്ടായേക്കാവുന്ന ദലിത് പ്രക്ഷോഭവും റാലി റദ്ദ് ചെയ്യാൻ കാരണമായിട്ടുണ്ട്.

അതേസമയം ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുടെ ദലിത റാലി ആളുകളില്ലാതെ പിൻവലിച്ചു എന്ന വാർത്ത വന്നതിനു പിന്നാലെ രാജ്യത്ത് വർധിച്ചുവരുന്ന ദലിത് പീഡനങ്ങളിൽ പ്രതിഷേധിച്ച് ബിജെപി നേതാവ് പാർട്ടിയിൽനിന്നും രാജിവച്ചു. പോർബന്ധറിൽ നിന്നുള്ള ബിജെപി നേതാവ് ബാബു പൻഡവധേരയാണ് രാജി വച്ചത്. ദളിതർക്ക് നീതി നൽകുന്നതിൽ ബിജെപി പരാജയപ്പെടുന്നു എന്നാരോപിച്ചാണ് ബാബു പൻഡവധേര രാജി.പോർബന്ധറിൽ ബിജെപിയുടെ പ്രമുഖനായ ദളിത് നേതാവായ ബാബു പൻഡവധേര പാർട്ടിയുടെ പട്ടിക ജാതി വിഭാഗം സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗംകൂടിയാണ് ബാബു പൻഡവധേര. ബാബു പൻഡവധേരയോടൊപ്പം 200 അനുയായികളും പാർട്ടി വിട്ടിട്ടുണ്ട്.

26 വർഷമായി സജീവ ബിജെപി പ്രവർത്തകനാണ് ബാബു പൻഡവധേര. നേരത്തെ ദളിത് കർഷകനായ രാമ ശിങ്കാർക്കിയയുടെ കൊലപാതകത്തിൽ ബിജെപി നേതാക്കൾക്ക് പങ്കുണ്ടെന്ന വാർത്ത പുറത്ത് വന്നതു മുതലേ ബാബു പൻഡവധേര പാർട്ടിയുമായി അഭിപ്രായ വ്യത്യാസത്തിലാണ്.