മുംബൈ: നോട്ട് അസാധുവാക്കൽ രാഷ്ട്രീയം ചർച്ചയാകുന്നതിനിടെ മഹാരാഷ്ട്ര മുൻസിപ്പൽ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടഫലം പുറത്തു വന്നപ്പോൾ ഭരണകക്ഷിയായ ബിജെപിക്ക് നേട്ടം. പുറത്തു വന്ന ഫലങ്ങൾ അനുസരിച്ച് കോൺഗ്രസ്-എൻസിപി ശക്തികേന്ദ്രങ്ങളിൽ വരെ ബിജെപി മികച്ച വിജയം നേടിയിട്ടുണ്ട്. നോട്ട് അസാധുവാക്കൽ അടക്കമുള്ള വിഷയങ്ങൾ എതിരാളികൾ പ്രചാരണവിഷയമാക്കിയിട്ടും തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ സാധിച്ചത് ബിജെപി ക്യാമ്പിൽ ആവേശം പടർത്തിയിട്ടുണ്ട്.

ഫലം പ്രഖ്യാപിച്ച 3,391 സീറ്റിൽ ബിജെപിശിവസേന സഖ്യം 1,365 സീറ്റ് നേടി. കനത്ത തിരിച്ചടിയേറ്റ കോൺഗ്രസ് മൂന്നാമതായി. 2011ൽ രണ്ടാം സ്ഥാനത്തായിരുന്നു കോൺഗ്രസ്. ബിജെപി 851 സീറ്റും ശിവസേന 514 സീറ്റും നേടി. എൻസിപി 638 സീറ്റിൽ ജയിച്ചപ്പോൾ മൂന്നാമതെത്തിയ കോൺഗ്രസ് 643 സീറ്റിലൊതുങ്ങി. മഹാരാഷ്ട്ര നവനിർമ്മാൺ സേന(16), സിപിഐ(എം) (12), ബിഎസ്‌പി (ഒമ്പത്), മറ്റുള്ളവർ (708) സീറ്റുകൾ നേടി. ആകെ 3510 സീറ്റുകളാണുള്ളത്. 119 സീറ്റിലെ ഫലം അറിവായിട്ടില്ല. 2011ൽ കോൺഗ്രസ്എൻസിപി സഖ്യത്തിനായിരുന്നു വിജയം. എൻസിപി 916, കോൺഗ്രസ് 771, ബിജെപി 298, ശിവസേന 264 എന്നിങ്ങനെയായിരുന്നു കക്ഷിനില.

ഗ്രാമങ്ങളിലെ കോൺഗ്രസ്സിന്റെയും എൻസിപിയുടെയും കോട്ടകളിൽ ബിജെപി-ശിവസേനാ സഖ്യം വൻ മുന്നേറ്റം നടത്തി. 25 ജില്ലകളിലായി 147 നഗരസഭകളിലും 17 നഗർ പഞ്ചായത്തുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 39 നഗരസഭകളിൽ ബിജെപി ചെയർമാൻ സ്ഥാനം നേടി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചെറുപതിപ്പായി വിലയിരുത്തപ്പെട്ട തെരഞ്ഞെടുപ്പിലെ വിജയം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ ജനപ്രീതി തെളിയിച്ചു. ഡിസംബർ 14, 18, ജനവരി 8 എന്നീ തീയതികളിൽ അടുത്ത ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കും. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരിച്ചത്. എൻസിപിയുമായി സഖ്യം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഇതും ബിജെപി-ശിവസേന സഖ്യത്തിന് തുണയായി.

ബിജെപിയിൽ വിശ്വാസമർപ്പിച്ച മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ നന്ദിയറിയിച്ചു. പാർട്ടിയെ വിജയത്തിലേക്ക് നയിച്ച ഫഡ്‌നാവിസിനേയും അദ്ദേഹം അനുമോദിച്ചു. മഹാരാഷ്ട്രയിലെ 147 മുൻസിപ്പൽ കൗൺസിലുകളിലേക്കും 17 നഗർ പഞ്ചായത്തുകളിലേക്കും നടന്ന തിരഞ്ഞെടുപ്പ് മുഖ്യമന്ത്രി ഫഡ്‌നാവിസിന് വളരെ നിർണായകമായിരുന്നു. സംസ്ഥാനത്തൊട്ടാകെ അൻപതോളം തിരഞ്ഞെടുപ്പ് റാലികളിലാണ് പ്രചാരണത്തിന്റെ ഭാഗമായി ഫഡ്‌നാവിസ് പങ്കെടുത്തത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻസിപി 916ഉം കോൺഗ്രസ് 771ഉം ശിവസേന 264ഉം ബിജെപി 298ഉം സീറ്റുകൾ വീതമാണ് നേടിയത്.