ന്യൂഡൽഹി: കോൺഗ്രസ് ചിഹ്നമായ കൈപ്പത്തിയെ മതവുമായി ബന്ധിപ്പിച്ചെന്നാരോപിച്ച് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരേ ബിജെപി തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്കി. ദൈവങ്ങളുടെയും മഹാന്മാരുടെയും ചിത്രങ്ങളിൽ കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നം കണ്ടിട്ടുണ്ടെന്ന രാഹുലിന്റെ പ്രസ്താവനക്കെതിരെയാണ് ബിജെപിയുടെ പരാതി.

രാഹുലിന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ബിജെപി ആരോപിക്കുന്നു. ദേശീയ പാർട്ടിയെന്ന നിലയിൽ കോൺഗ്രസിന്റെ അംഗീകാരവും കൈപ്പത്തി ചിഹ്നവും റദ്ദാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

ഇക്കഴിഞ്ഞ 11ന് ഡൽഹിയിൽ നടന്ന ജൻ വേദ്ന കോൺഗ്രസ് സമ്മേളനത്തിൽൽ വച്ചാണ് കോൺഗ്രസ് ചിഹ്നത്തിന്റെ 'മതപരമായ' പ്രധാന്യം രാഹുൽ എടുത്തു പറഞ്ഞത്. ശിവജി, ഗുരുനാനാക്, ബുദ്ധൻ, മഹാവീരൻ എന്നിവരുടെയെല്ലാം ചിത്രങ്ങളിൽ കോൺഗ്രസിന്റെ ചിഹ്നം കാണിക്കുന്നുണ്ട്. എല്ലാ മതങ്ങളിലും ഈ ചിഹ്നമുണ്ട്. കോൺഗ്രസ് സർക്കാരാണ് ഒപ്പമുള്ളതെങ്കിൽ ഏതൊരു മതത്തിൽപ്പെട്ട വിശ്വാസിക്കും ഭയമില്ലാതെ ജീവിക്കാൻ കഴിയുമെന്നുമായിരുന്നു രാഹുലിന്റെ പരാമർശം.

രാഹുലിന്റെ പ്രസ്താവന ജനപ്രാതിനിധ്യനിയമത്തിന്റേയും പെരുമാറ്റച്ചട്ടത്തിന്റേയും സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളുടേയും ലംഘനമാണെന്ന് ബിജെപി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രാഹുലിന്റെ പ്രസംഗം പകർത്തിയ സിഡിയും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.

കോൺഗ്രസിന് രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ല. 1968ലെ തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ച നിയമം ഇതിന് ബാധകമാണ്. അതിനാൽ തന്നെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം മരവിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.