- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇസ്ലാമിക തീവ്രവാദത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗമാക്കാൻ കേന്ദ്ര സർക്കാർ നീക്കം; തീവ്രവാദികൾ കൈവെട്ടിയ പ്രൊഫ. ടി ജെ ജോസഫിനെ സന്ദർശിച്ചു സുരേഷ് ഗോപി; പദവി ഏറ്റെടുക്കാൻ അദ്ധ്യാപകൻ സമ്മതം മൂളുമെന്ന് സൂചന
കൊച്ചി: കേരളത്തിലെ ക്രൈസ്തവരെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് വീണു കിട്ടിയ സുവർണാവസരമാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന നാർക്കോടിക് ജിഹാദ് വിവാദം. ഈ വിഷയത്തിൽ സീറോ മലബാർ സഭയ്ക്കും പാലാ ബിഷപ്പിനും പിന്തുണയുമായി രംഗത്തുവന്ന ബിജെപി ഇപ്പോൾ പുതുതന്ത്രം പയറ്റുകയാണ്. കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തെ ദേശീയതലത്തിൽ കൂടി ചർച്ചയാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഊർജ്ജിതപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ തൊടുപുഴ ന്യൂമാൻസ് കോളേജിലെ മുൻ അദ്ധ്യാപകൻ പ്രൊഫ. ടി ജെ ജോസഫിനെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗമാക്കാൻ ഒരുങ്ങുകായാണ് ബിജെപി.
ഇതിന്റെ ഭാഗമായി രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി പ്രൊഫ. ടി ജെ ജോസഫിനെ തൊടുപുഴയിലെ വീട്ടിലെത്തി സന്ദർശിച്ചു. ബിജു പുളിക്കക്കണ്ടം എന്ന നേതാവിനൊപ്പം എത്തിയാണ് സുരേഷ് ഗോപി ജോസഫ് മാഷിനെ കണ്ടത്. മൂവാറ്റുപുഴയിലെ വസതിയിൽ എത്തിയാണ് സുരേഷ് ഗോപി മാഷിനെ കണ്ടത്. ജീവിതകാലം മുഴുവൻ ദുരിതം പേറേണ്ടി വന്ന സാധുവായ അദ്ധ്യാപകന് ദേശീയ തലത്തിൽ ഒരു പദവി കൊടുക്കാമെന്നാണ് സുരേഷ് ഗോപി നൽകിയ വാഗ്ദാനം എന്നാണ് ലഭിക്കുന്ന വിവരം.
ന്യൂനപക്ഷ കമ്മീഷൻ അംഗമാക്കാനാണ് ശ്രമം. ഈ ആവശ്യത്തോട് ടി ജെ ജോസഫും സമ്മതം അറിയിച്ചുവെന്ന സൂചനയുണ്ട്. എന്നാൽ ഇക്കാര്യം ദേശീയ തലത്തിലാണ് തീരുമാനം കൈക്കൊണ്ടേത്. വൈകാതെ കേന്ദ്രത്തിൽ നിന്നും തീരുമാനം ഉണടാകുമെന്നാണ പുറത്തുവരുന്ന വിവരം. നിലവിൽ ന്യൂനപക്ഷ കമ്മീഷന്റെ ദേശീയ ചെയർമാനമായി മുൻ ഐ.പി.എസ് ഓഫീസറും ബിജെപി ദേശീയ വക്താവുമായ ഇഖ്ബാൽ സിങ് ലാൽപുര സ്ഥാനമേറ്റിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഖൈറുൽ ഹസൻ റിസ്വിയായിരുന്നു അവസാന ചെയർമാൻ. വൈസ് ചെയർമാനായ ആതിഫ് റഷീദ് മാത്രമാണ് ഇപ്പോൾ ന്യൂനപക്ഷ കമ്മീഷനിൽ അംഗമായുള്ളത്.
ആകെയുള്ള ഏഴ് അംഗങ്ങളിൽ ആറുപേരുടെയും കാലാവധി കഴിഞ്ഞിട്ട് ഒരു വർഷത്തോളമായി. പുതിയ അംഗങ്ങളെ നിയമിക്കുന്ന കൂട്ടത്തിലാണ് പ്രൊഫ. ടി ജെ ജോസഫിനെയും കേന്ദ്രം പരിഗണിക്കുന്നത്. എന്തുകൊണ്ടാണ് ന്യൂനപക്ഷ കമ്മീഷനിൽ അംഗങ്ങളെ നിയമിക്കാത്തതെന്ന് ഈ വർഷം ആദ്യത്തിൽ ഡൽഹി ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ആരാഞ്ഞിരുന്നു. ഇതോടെയാണ് കേന്ദ്രസർക്കാർ നിയമനങ്ങളിലേക്ക് കടക്കുന്നത്. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗമായാൽ രാജ്യം മുഴുവൻ സഞ്ചരിച്ച് ന്യൂനപക്ഷ അവകാശ വിഷയങ്ങളിൽ ഇടപെടാൻ ജോസഫ് മാഷിന് സാധിച്ചേക്കും.
ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്നും കേരളത്തിൽ നിന്നും മുമ്പ് ബിജെപി നേതാവ് ജോർജ്ജ് കുര്യനായിരുന്നു നേരത്തെ ചുമതല. കുര്യൻ ബിജെപി സംസ്ഥാന ജെനറൽ സെക്രട്ടറി ആയി ചുമതലഏറ്റെടുത്ത് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി പോയതിനെ തുടർന്നാണ് ജോർജ് കുര്യൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. ഇതോടെ കൃസ്ത്യൻ സമുദായ പ്രതിനിധിയെ കമ്മീഷനിലേക്ക് ഉൾപ്പെടുത്തിയിരുന്നില്ല.
രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളിൽ കൃസ്ത്യൻ സമുദായത്തിന് ഇപ്പോൾ ന്യൂനപക്ഷ കമ്മീഷനിൽ പ്രാതിനിധ്യം ഇല്ലാത്ത അവസ്ഥയാണ്. ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായ നിരവധി ഇടപെടലുകൾ കമ്മീഷൻ വൈസ് ചെയർമാൻ എന്ന നിലയിൽ ജോർജ് കുര്യൻ നടത്തിയിരുന്നു. ലൗ ജിഹാദ് വിഷയത്തിൽ അഭ്യന്തര മന്ത്രാലയത്തെ ഇടപെടുവിക്കുന്നതിനും കേരള ഡിജിപിയോട് റിപ്പോർട്ട് തേടുന്നതിനും ഒക്കെ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ എന്ന നിലയിൽ ജോർജ് കുര്യന് കഴിഞ്ഞിരുന്നു.
ജോസഫ് സാറിന്റെ ജീവിതം മാറ്റി മറിച്ച സംഭവം
2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസർ ടി.ജെ.ജോസഫിനെ മതനിന്ദ ആരോപിച്ച് ഏഴംഗസംഘം കാർ തടഞ്ഞാക്രമിച്ച് വലതുകൈ വെട്ടിയെറിഞ്ഞത് വീടിനു സമീപത്തെ നിർമല മാതാ പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞ് കാറിൽ കുടുംബസമേതം മടങ്ങുമ്പോഴായിരുന്നു അക്രമം. വാനിലെത്തിയ ഏഴംഗ സംഘം കാർ തടഞ്ഞ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രൊഫസറെ വലിച്ചിറക്കി കൈകളിലും കാലുകളിലും വെട്ടുകയായിരുന്നു.
2010 മാർച്ച് 23 നാണ് ജോസഫിന്റെ ജീവിതത്തെ മാറ്റി മറിച്ച ആ ചോദ്യപേപ്പർ വിവാദം ഉണ്ടായത്. തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന രണ്ടാം സെമസ്റ്റർ ബി കോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യ പേപ്പറിലെ 11-ാം നമ്പർ ചോദ്യം. ആവശ്യമായ ചിഹ്നങ്ങൾ ചേർക്കാനുള്ള ഈ ചോദ്യം വിവാദമായി. ചോദ്യ പേപ്പർ തയ്യാറാക്കിയ ജോസഫിനെ കോളേജധികൃതർ സസ്‌പെൻഡ് ചെയ്തു. തൊടുപുഴ പൊലീസ് കേസെടുത്തു. പ്രൊഫ. ജോസഫ് ഒളിവിൽ പോയി. പിന്നീട് ഡിവൈ.എസ്‌പി.ക്കു മുന്നിൽ പ്രൊഫ. ജോസഫ് കീഴടങ്ങി. കുറ്റപത്രം തയ്യാറാക്കിയതിന് പിന്നാലെയാണ് ഒുസംഘം സ്വയം അവരുടേതായ നീതി നടപ്പാക്കാനിറങ്ങിയത്.
മത നിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിമാറ്റിയ കൈയുടെ ചലനശേഷി ഒട്ടുമുക്കാലും വീണ്ടു കിട്ടി. ആശയങ്ങൾകൊണ്ട് പൊരുതി തോൽക്കുന്നവരാണ് അക്രമം വളർത്തി വിജയം കൊയ്യാൻ ഇറങ്ങുന്നത്. ഇത്തരക്കാർ ആരായാലും അവർ തീവ്രവാദികൾ തന്നെ മാറ്റമില്ല,ജോസഫ് സാർ പറഞ്ഞിട്ടുണ്ട്.
താലിബാൻ മോഡൽ ആക്രമണമെന്നായിരുന്നു ജോസഫിന്റെ കൈവെട്ടിമാറ്റിയ സംഭവം പരക്കെ ചർച്ച ചെയ്യപ്പെട്ടത്. പ്രൊഫ. ടി ജെ ജോസഫ് തയ്യാറാക്കിയ ചോദ്യപ്പേപ്പറിലെ ഒരു ചോദ്യമാണ് വിവാദമായത്. ഗദ്യ ഭാഗത്തിന് ഉചിതമായ ചിഹ്നങ്ങൾ ചേർത്തെഴുതുക എന്ന ചോദ്യത്തിൽ നൽകിയ സംഭാഷണത്തിൽ 'മുഹമ്മദ്' എന്ന പേര് ഉപയോഗിച്ചതാണ് കേരളം ഞെട്ടിച്ച ആ സംഭവത്തിലേക്ക് എത്തിയത്.
'മുഹമ്മദ് പടച്ചോനേ പടച്ചോനേ ദൈവം എന്താടാ നായിന്റെ മോനേ മുഹമ്മദ് ഒരു അയില അതു മുറിച്ചാൽ എത്ര കഷ്ണമാണ്. ദൈവം മൂന്ന് കഷ്ണമാണെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായേ'എന്നതായിരുന്നു ഗദ്യഭാഗം. ഈ സംഭാഷണത്തിലെ മുഹമ്മദ് എന്ന പേര് പ്രവാചകനെ അവഹേളിക്കാൻ ഉപയോഗിച്ചതാണെന്ന ആരോപണമാണ് പിന്നീടുയർന്നത്. ചില മുസ്ലിം സംഘടനകൾ തൊടുപുഴയിൽ പ്രതിഷേധം സംഘടിപ്പിക്കുകയും അദ്ധ്യാപകനെതിരെ നടപടിയാവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിലുള്ള കോളേജ് ടി ജെ ജോസഫിനെതിരെ നടപടിയെടുത്തു. ഇങ്ങനെയൊരു സംഭവമുണ്ടായതിൽ കോളേജ് അധികൃതർ മാപ്പുപറയുകയും ചെയ്തു.
തുടർന്ന് ജോസഫിനെ സസ്പെൻഡ് ചെയ്തു. പൊലീസ് കേസ് വന്നതിനാൽ ഒളിവിൽപ്പോയ പ്രൊഫ. ജോസഫ് 2010 ഏപ്രിൽ ഒന്നിന് പൈനാവിൽ പിടിയിലായി. തുടർന്ന് ജാമ്യത്തിലിറങ്ങിയ ജോസഫിനു നേരെ എന്നും ഭീഷണി ഉയർന്നിരുന്നു. ചോദ്യ പേപ്പറിലെ വിവാദഭാഗം പി.ടി.കുഞ്ഞുമുഹമ്മദിന്റെ 'ഒരു വിശ്വാസിയുടെ കണ്ടെത്തലുകൾ' എന്ന ലേഖനത്തിലെ സംഭാഷണശകലമാണെന്നു ജോസഫ് വിശദീകരിച്ചിരുന്നു. ഈ ലേഖനത്തിലെ ഭ്രാന്തനെന്ന കഥാപാത്രത്തിന് 'മുഹമ്മദ്' എന്ന പേര് നൽകുക മാത്രമാണ് താൻ ചെയ്തതെന്ന് ജോസഫ് പിന്നീട് വിശദീകരിച്ചിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച തിരക്കഥയുടെ രീതിശാസ്ത്രം' എന്ന പുസ്തകത്തിലാണ് പി.ടി.കുഞ്ഞുമുഹമ്മദിന്റെ ലേഖനമുള്ളത്.
ദൈവമായും ഭ്രാന്തനായും വരുന്നത് ഒരേ കഥാപാത്രം തന്നെയാണ്. അതായത് ചോദ്യവും ഉത്തരവും പറയുന്നത് ഒരാൾ തന്നെ. ഈ ഭാഗത്തിൽ ഭ്രാന്തന് ഒരു പേര് കൊടുത്തു എന്നതിന്റെ പേരിലാണ് പൈശാചിക ആക്രമണത്തിന് ജോസഫിന് ഇരയാകേണ്ടി വന്നത്. ഭ്രാന്തൻ എന്ന കഥാപാത്രത്തിന് ഒരു പേര് നൽകുന്നതാണുചിതമെന്ന ചിന്തയിലാണ് മുഹമ്മദ് എന്നു പേരിട്ടത്. ദൈവത്തെ 'പടച്ചോനെ' എന്നു സംബോധന ചെയ്യുന്നത് ഇസ്ലാം മതത്തിൽ പെട്ടവരായതിനാൽ ആ മതത്തിൽപ്പെട്ട ഒരാളുടെ പേരാവട്ടെയെന്ന് കരുതി. പി.ടി.കുഞ്ഞുമുഹമ്മദ് എഴുതിയതിനാൽ അദ്ദേഹത്തിന്റെ പേരിലെ മുഹമ്മദ് എന്നത് മാത്രമെടുത്ത് കഥാപാത്രത്തിനിടുകയായിരുന്നു. മുഹമ്മദ് എന്നെഴുതിയാൽ പ്രവാചകനായ മുഹമ്മദ് നബിയാണെന്ന് ആരെങ്കിലും തെറ്റിദ്ധരിക്കാമെന്ന ചിന്തയേ ഉണ്ടായിരുന്നില്ലെന്നും പ്രൊഫ. ജോസഫ് ആശുപത്രിക്കിടക്കയിൽ നിന്നും മാധ്യമങ്ങൾക്കായി എഴുതിയ കത്തിൽ വിശദീകരിച്ചിരുന്നു.
2014 മാർച്ചിൽ ദുരിതങ്ങൾക്കിടയിൽ സാന്ത്വനവും ധൈര്യവുമേകി തനിക്കൊപ്പമുണ്ടായിരുന്ന ഭാര്യ സലോമിയെയും ജോസഫിന് നഷ്ടമായി.കോളേജ് അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയിൽ മനംനൊന്താണു സലോമി ജീവിതം അവസാനിപ്പിച്ചത് എന്ന ആരോപണം ശക്തമായിയിരുന്നു. തുടർന്ന് ഇതേവർഷം മാർച്ച് 28-ന് കോളേജ് അധികൃതർ അദ്ദേഹത്തെ ജോലിയിൽ തിരിച്ചെടുത്തു. ഇതേ വർഷം മാർച്ച് 31 നാണ് ഇദ്ദേഹം സർവ്വീസിൽ നിന്നും വിരമിക്കുകയും ചെയ്തു. കൈവെട്ട് സംഭവം പ്രൊഫ:ജോസഫിന്റെ ജീവിതത്തിൽ ഉണ്ടാക്കിയ ചലനങ്ങൾ ചെറുതല്ല.
മറുനാടന് മലയാളി ബ്യൂറോ