മുംബൈ: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെ പരസ്യമായി ആക്ഷേപിച്ച് ശിവസേന. നരേന്ദ്ര മോദി എന്ന ഓക്‌സിജനാണു ബിജെപിയെ നിലനിർത്തുന്നതെന്നു ശിവസേന പരിഹസിച്ചു.

കേന്ദ്രത്തിലെ അധികാരത്തിന്റെ രൂപത്തിൽ ബിജെപിക്കുള്ള ജീവവായുവാണു മോദി. മോദിയുടെ ജനപ്രിയത നിലനിൽക്കുന്നിടത്തോളം കാലമേ അധികാരം ഉണ്ടാവൂ എന്നും ശിവസേന ചൂണ്ടിക്കാട്ടി.

അതിനിടെ, ശിവസേനയെ ഭീകരസംഘടനായി പ്രഖ്യാപിക്കണമെന്നു പാക്കിസ്ഥാനിലെ പ്രതിപക്ഷ കക്ഷി ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന പ്രവർത്തനങ്ങൾക്കു തടസമാകുന്നതു ശിവസേനയാണെന്നും അഭിപ്രായപ്പെട്ടു.

കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ ആക്ഷേപിച്ച് ശിവസേന മുഖപത്രമായ സാമ്‌നയിലാണു ലേഖനം പ്രത്യക്ഷപ്പെട്ടത്. ദസറ ദിനത്തിൽ ശിവസേനയുടെ റാലിക്കുണ്ടായ വൻവിജയം, ഭാവി സേനയുടേതാണെന്ന് തെളിയിക്കുന്നതായും പറയുന്നു. വേണ്ടി വന്നാൽ മഹാരാഷ്ട്രയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ പാർട്ടി പ്രാപ്തമാണെന്നും സേന കൂട്ടിച്ചേർത്തു. ശിവസേന എപ്പോഴും തങ്ങളുടെ ചിന്തകളിലും നയങ്ങളിലും ദേശീയതയിലും ഉറച്ചു നിൽക്കുന്ന പാർട്ടിയാണ്. ഹിന്ദുത്വം, ദേശീയവാദം തുടങ്ങിയ സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്ന ഏത് പ്രശ്‌നത്തിലും ശിവസേന പിന്തുണയുമായി ഉണ്ടാവും. എന്തുവില കൊടുത്തും പാർട്ടിയുടെ മൂല്യങ്ങൾ സംരക്ഷിക്കുക തന്നെ ചെയ്യും- സാമ്‌ന പറയുന്നു.

രാജ്യത്തിന്റെ ശത്രുക്കൾക്കു നേരെയാണു ശിവസേനയുടെ യുദ്ധം. ഒരു തരത്തിലുള്ള വെല്ലുവിളികളും പാർട്ടി നേരിടുന്നില്ല. ഭാവിയിൽ മഹാരാഷ്ട്രയിൽ ശിവസേനയുടെ കൊടി പാറുന്നതിന് ജനങ്ങളുടെ പിന്തുണ ഉണ്ടാവും. തങ്ങളോടൊപ്പം ചേർന്ന് പോരാടാൻ സന്നദ്ധരായവരെ സ്വീകരിക്കും. ഇനി ആരും ഇല്ലാതെ വന്നാൽപോലും തനിച്ച് പോരാടാനും ശിവസേനയ്ക്ക് കെൽപുണ്ട്. അങ്ങനെയുള്ള സേനയുടെ വഴി മുടക്കാൻ ആർക്കും ധൈര്യമുണ്ടാവില്ലെന്നും എഡിറ്റോറിയലിൽ പറയുന്നു.

എൻ.സി.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ശരദ് പവാറിനേയും ശിവസേന വിമർശിച്ചു. ഡൽഹിയിൽ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാത്ത പവാർ രാഷ്ട്രീയ നേതാക്കളെ ബാരാമതിയിലേക്ക് വിളിച്ച് സ്വീകരണം നൽകുന്ന ബിസിനസ് നടത്തി വരികയാണ്. പ്രായം ചെല്ലുന്തോറും പവാറിന്റെ രാഷ്ട്രീയം നിഷ്ഫലമായിക്കൊണ്ടിരിക്കുകയാണ്. പവാറിനേയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തേയും ആരും കാര്യമായി എടുക്കുന്നില്ല. പവാർ എപ്പോഴാണ് മതേതരവാദി ആവുന്നതെന്നും ബിജെപിയെ പ്രശംസിക്കുന്നതെന്നും ആർക്കും പറയാനാവില്ല. കോൺഗ്രസിനേയും സാമ്‌ന വിമർശിച്ചു. മഹാരാഷ്ട്രയിൽ കോൺഗ്രസിന് അസ്തിത്വം ഇല്ലാതായിരിക്കുകയാണ്. ഇവിടെ കോൺഗ്രസ് നേതാക്കളില്ല, പ്രവർത്തകരുമില്ല, അതിനാൽ അവരുടെ വോട്ടർമാരും ഇല്ല.

ഇതിനിടെയാണു ശിവസേനയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് പാക്കിസ്ഥാൻ പ്രതിപക്ഷം ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി പാക് ദേശീയ അസംബ്ലിയിൽ പ്രമേയം അവതരിപ്പിച്ചു. പ്രമേയം ഉടൻ തന്നെ സെനറ്റിലും അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ പദ്ധതി. സേനയുടെ പാക് വിരുദ്ധ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കാട്ടണമെന്നും ഇരുരാജ്യങ്ങൾ തമ്മിലുള്ള സമാധാനപ്രവർത്തനങ്ങൾക്ക് ശിവസേന തടസമാണെന്നും പ്രമേയത്തിൽ പറയുന്നു.

ശിവസേന പാക് പ്രതിനിധികളെയും സാസംസ്‌കാരിക പ്രവർത്തകരെയും അപമാനിക്കുകയാണ്. ക്രിക്കറ്റ് ബോർഡിന്റെ പ്രതിനിധികളെ സേന അപമാനിക്കുകയും ചെയ്തു. നേരത്തെ ഗസൽ ഗായകൻ ഗുലാം അലിയുടെ ഡൽഹിയിലെയും മുംബൈയിലെയും സംഗീത കച്ചേരി ശിവസേനയുടെ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കിയിരുന്നു. മുൻ പാക് ക്രിക്കറ്റ് താരങ്ങളായ വസിം അക്രത്തിനെയും ഷൊയ്ബ് അക്തറിനെയും ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിനത്തിലെ കമന്റർമാരാക്കാൻ അനുവദിക്കില്ലെന്നും ശിവസേന പറഞ്ഞിരുന്നു.