ന്യൂഡൽഹി: 2019-20 സാമ്പത്തിക വർഷത്തിൽ വിറ്റ ഇലക്ടറൽ ബോണ്ടുകളിൽ 76 ശതമാനവും ബിജെപിക്കു ലഭിച്ചുവെന്ന് റിപ്പോർട്ട്. 2019-20ൽ 3,355 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വിറ്റു. അതിൽ ബിജെപിക്ക് ലഭിച്ച വരുമാനം 2555 കോടി രൂപയാണ്. 2018-19ൽ 1,450 കോടിയാണ് ബിജെപിക്കു ലഭിച്ചത്. 2019-20ൽ 75 ശതമാനത്തിന്റെ വർധനയുണ്ടായെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള കടപ്പത്രങ്ങളാണ് 2017-2018 ൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഇലക്ടറൽ ബോണ്ടുകൾ. ഇലക്ടറൽ ബോണ്ടുകളെ എതിർത്ത േകാൺഗ്രസ്, അഴിമതി ഔദ്യോഗികമാക്കുകയാണെന്ന് അന്ന് ആരോപിച്ചിരുന്നു. എന്നാൽ ഇവ ബാങ്കിങ് ഉപകരണങ്ങളായതിനാൽ സുതാര്യത മെച്ചപ്പെടുത്തുമെന്നായിരുന്നു കേന്ദ്രസർക്കാർ വാദം.

2020 മാർച്ച് വരെ വിറ്റുപോയ 68 ശതമാനം ഇലക്ടറൽ ബോണ്ടുകളും ബിജെപിക്ക് ലഭിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. 2018-19ൽ ഇലക്ടറൽ ബോണ്ടുകളിൽനിന്ന് കോൺഗ്രസിന് 383 കോടി രൂപ ലഭിച്ചു. എന്നാൽ 2019-20 ൽ 318 കോടിയാണ് ലഭിച്ചത്. 2019-20ൽ കോൺഗ്രസിന് 17 ശതമാനത്തിന്റെ കുറവുണ്ടായി.

മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് 100.46 കോടിയും ശരദ് പവാറിന്റെ എൻസിപിക്ക് 29.25 കോടിയും ശിവസേനയ്ക്ക് 41 കോടിയും ഡിഎംകെയ്ക്ക് 45 കോടിയും ലാലു പ്രസാദ് യാദവിന്റെ ആർജെഡിക്ക് 2.5 കോടിയും അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മിക്ക് 18 കോടിയും ലഭിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.