- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇഷ്ടക്കാർക്ക് മാത്രം സ്ഥാനം നൽകുന്ന സുരേന്ദ്രന്റെ ശൈലിക്കെതിരെ വടിയെടുത്ത് ബിജെപി കേന്ദ്ര നേതൃത്വം; പാർട്ടിക്ക് ഭൂരിപക്ഷം കിട്ടിയ തദ്ദേശ സ്ഥാപനങ്ങളിൽ ഭരിക്കാൻ പോകുന്നവരുടെ വിവരങ്ങൾ ചോദിച്ചു കേന്ദ്രം; അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പു നടത്തുന്നത് സാമുദായിക സന്തുലവനും പ്രായവും വിദ്യാഭ്യസവും കണക്കിലെടുത്തു വേണമെന്ന് നിർദ്ദേശം
പാലക്കാട്: ഇഷ്ടക്കാരെ മാത്രം പരിഗണിക്കുന്ന കെ സുരേന്ദ്രന്റെ ശൈലിക്കെതിരെ വടിയെടുത്ത് ബിജെപി കേന്ദ്ര നേതൃത്വം. പാർട്ടി ഭൂരിപക്ഷം നേടിയ തദ്ദേശസ്ഥാപനങ്ങളിൽ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നവരുടെ ഔദ്യോഗിക, വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ട് ബിജെപി കേന്ദ്രനേതൃത്വം രംഗത്തെത്തിയത് സംസ്ഥാന നേതൃത്വത്തെ ശരിക്കും ഞെട്ടിച്ചിരിക്കയാണ്. മറ്റുള്ളവരുടെ സഹായത്തോടെ പാർട്ടി ഭരണത്തിലേറുന്ന സ്ഥാപനങ്ങളുടെ പട്ടികയും നൽകണം. നിയമനങ്ങളിൽ മാനദണ്ഡം ഉറപ്പുവരുത്താനും വിഭാഗീയ പ്രശ്നങ്ങൾ ഒഴിവാക്കാനും വേണ്ടിയാണ് ഈ നടപടി. കേരളത്തിൽ വിഭാഗീയത കൊടികുത്തി വാഴുമ്പോഴാണ് ബിജെപി ഇത്തരമൊരു ഇടപെടലും നടത്തുന്നത്.
അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളെയും പിന്തുണയ്ക്കേണ്ടെന്നാണ് സംഘടനാ തീരുമാനമെങ്കിലും ഏതെങ്കിലും പ്രധാന സ്ഥാനം ലഭിക്കുന്ന പക്ഷം നിലപാടിൽ വിട്ടുവീഴ്ചയാകാമെന്നാണ് കീഴ്ഘടകങ്ങൾക്കുള്ള നിർദ്ദേശം. പന്തളം, പാലക്കാട് നഗരസഭകൾ അടക്കം 30 തദ്ദേശസ്ഥാപനങ്ങളിൽ എൻഡിഎ ഇത്തവണ ഭൂരിപക്ഷം നേടി. കേരളത്തിൽ പാർട്ടി മുന്നേറ്റം നടത്തിയതായി ദേശീയഅധ്യക്ഷനും മറ്റു പ്രധാന നേതാക്കളും ട്വീറ്റ് ചെയ്തു. പിന്നാലെ, വിവിധ സ്ഥാനങ്ങളിലേക്കു തിരുമാനിച്ചവരുടെ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടത് സംസ്ഥാനനേതൃത്വത്തെ അമ്പരിപ്പിച്ചിട്ടുണ്ട്.
വിദ്യഭ്യാസം, കുറഞ്ഞ പ്രായം, സാമുദായിക സന്തുലനം എന്നിവയ്ക്ക് മുൻഗണന നൽകിവേണം അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പെന്നാണു കേന്ദ്ര നിർദ്ദേശം. പ്രത്യേക സാഹചര്യങ്ങളിൽ ഇളവ് ആകാമെങ്കിലും അത് നേതൃത്വത്തെയും അണികളെയും ബോധ്യപ്പെടുത്തണം. സംസ്ഥാന നേതാക്കൾ തദ്ദേശ അംഗങ്ങളിൽ നിന്ന് നേരിട്ട് അഭിപ്രായം തേടിയാണു സ്ഥാനങ്ങളിലേക്കുള്ള പരിഗണനാപട്ടിക തയാറാക്കിയത്. ആർഎസ്എസ് നിർദ്ദേശവും പരിഗണിച്ചശേഷം പട്ടിക പാർട്ടി സംസ്ഥാന പ്രസിഡന്റിന് നൽകി പദവിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ അടക്കം ചെയ്ത കവർ പ്രത്യേക ദൂതൻ മുഖേന ജില്ലാകമ്മിറ്റികളിലെത്തിക്കും.
ആർഎസ്എസ് നേതൃത്വത്തിന്റെ സാന്നിധ്യത്തിലായിരിക്കും നഗരസഭകളുടെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ളവരുടെ പേരുകൾ പുറത്തുവിടുക. പാലക്കാട് നഗരസഭാ ഭരണനേതൃത്വത്തിലേക്കു തയാറാക്കിയ പട്ടികയ്ക്കു നീളം കൂടിയെന്ന വിലയിരുത്തലിനെ തുടർന്ന് ബിജെപി സംസ്ഥാന സംഘടനാസെക്രട്ടറി വീണ്ടും സ്ഥലത്തെത്തി പട്ടിക തയാറാക്കി.
അതേസമയം ശോഭാ സുരേന്ദ്രന്റെ പ്രശ്നം പരിഹരിക്കണമെന്നാണ് മുതിർന്ന നേതാവ് പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ധാരാളം താമര വിരിയുമെന്നും ദേശീയ നിർവ്വാഹക സമിതി അംഗം കൂടിയായ കൃഷ്ണദാസ് വ്യക്തമാക്കി. ജയിക്കുന്നതിനായി പുതിയ തന്ത്രങ്ങൾ മെനയുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു. പാർട്ടിക്കുള്ളിൽ ശോഭാ സുരേന്ദ്രൻ ഉയർത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കും. പാർട്ടി നേതൃത്വം വിഷയത്തിൽ ഇടപെടുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
അതേസമയം, ബി ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് 9 പേരെ ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കി. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ കേശവദാസ്, കോർപറേഷൻ മുൻ കൗൺസിലർ ലളിതാംബിക എന്നീ 9 പേരെയാണ് പുറത്താക്കിയത്. ആറ് വർഷത്തേക്കാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ അറിവോട് കൂടിയാണ് തീരുമാനമെന്ന് ബിജെപി വ്യക്തമാക്കി.
തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പാർട്ടിയിൽ അസ്വാരസ്യം ഉടലെടുത്തിരുന്നു. തൃശൂർ കോർപറേഷനിലെ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായിരുന്ന ബി ഗോപാലകൃഷ്ണൻ പരാജയപ്പെട്ട കുട്ടൻകുളങ്ങര ഡിവിഷനിലെ സിറ്റിങ് കൗൺസിലറായിരുന്നു ലളിതാംബിക. കുട്ടൻകുളങ്ങരയിൽ വിജയ പ്രതീക്ഷയുണ്ടായിരുന്നതിനാലാണ് ഗോപാലകൃഷ്ണനെ ഇവിടെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചത്.
എന്നാൽ ലളിതാംബികയെ തഴഞ്ഞ് ഗോപാലകൃഷ്ണനെ മത്സരിപ്പിക്കാനുള്ള തീരുമാനം ഉണ്ടായതോടെ പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടായി. പ്രതിഷേധം പരസ്യമാക്കി ലളിതാംബിക ബിജെപിയിൽ നിന്ന് രാജിവച്ചു. ഇതോടെ ഒരു വിഭാഗം ഗോപാലകൃഷ്ണനെതിരെ തിരിയുകയും ചെയ്തു. ഇത് കനത്ത തിരിച്ചടിയാണ് പാർട്ടിക്ക് നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ