- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയാൽ അതിൽ പിന്നെ കോടതിക്ക് ഇടപെടാനാകില്ല; കമ്മീഷന്റെ വാദം അംഗീകരിച്ച് ജസ്റ്റീസ് നഗരേഷ്; തലശ്ശേരിയിലും ഗുരുവായൂരിലും ദേവികുളത്തും ബിജെപിക്ക് സ്ഥാനാർത്ഥികൾ ഉണ്ടാകില്ല; ഹൈക്കോടതിയുടെ വിധിയിൽ ഞെട്ടി ബിജെപിയും; ഇനി അതിവേഗ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാൻ സ്ഥാനാർത്ഥികൾ

കൊച്ചി: ബിജെപി സ്ഥാനാർത്ഥികളുടെ പത്രിക തള്ളലിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പിന്റെ ഈ ഘട്ടത്തിൽ കോടതിക്ക് ഇടപെടാൻ നിയമപരമായ പരിമിതിയുണ്ടെന്നാണ് ഹൈക്കോടതിയുടെ നിലപാട്. പ്രഥമദൃഷ്ട്യാ ഒന്നും ചെയ്യാനാകില്ലെന്നാണ് കോടതിയുടെ നിലപാട്. ജസ്റ്റീസ് എൻ നഗരേഷിന്റെ ബഞ്ചാണ് എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയ തീരുമാനത്തിൽ വിധി പറഞ്ഞത്.
തിരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് ഹർജിയായി കോടതിയെ സമീപിക്കാം. ഇതാണ് ഹൈക്കോടതിയുടെ നിലപാട്. ഇതോടെ ദേവികുളത്തും ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപിക്ക് സ്ഥാനാർത്ഥികൾ ഇല്ലാതെയാകും. ഇന്ന് വൈകിട്ട് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കും. ഇതിന് ശേഷം ബാലറ്റ് പേപ്പർ അച്ചടി തുടങ്ങും. അതിനാൽ ഈ ഘട്ടത്തിൽ ഈ ഹർജികളിൽ ഇടപെടരുതെന്നായിരുന്നു കമ്മീഷന്റെ നിലപാട്. ഇതാണ് ഹൈക്കോടതിയും അംഗീകരിച്ചത്. ഈ സാഹചര്യത്തിൽ സുപ്രീംകോടതിയിൽ അതിവേഗ ഹർജിയുമായി സ്ഥാനാർത്ഥികൾ പോകാനാണ് സാധ്യത.
തലശ്ശേരി, ഗുരുവായൂർ, ദേവികുളം എൻ.ഡി.എ.സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളിയതിനെതിരായി സ്ഥാനാർത്ഥികൾ സമർപ്പിച്ച ഹർജി തള്ളണമെന്ന് കമ്മിഷൻ സത്യവാങ്മൂലം നൽകിയിരുന്നു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയാൽ കോടതിക്ക് ഇടപെടാനാകില്ല. ഇക്കാര്യത്തിൽ സുപ്രീംകോടതി തീർപ്പുകൽപ്പിച്ചതാണെന്നും വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും കമ്മീഷൻ കോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ പറഞ്ഞു. ഈ സത്യവാങ്മൂലം മുഖവിലയ്‌ക്കെടുത്താണ് ഹൈക്കോടതിയുടെ തീരുമാനം.
വരണാധികാരി യാന്ത്രികമായി പ്രവർത്തിക്കുന്നുവെന്നും തീരുമാനം വിവേചനപരമെന്നും ഹർജിക്കാർ ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു. സംസ്ഥാനത്തെ രണ്ടുമണ്ഡലങ്ങളിൽ സാങ്കേതിക പിഴവ് പരിഹരിക്കുന്നതിന് വരണാധികാരികൾ സമയം അനുവദിച്ചിരുന്നു. ഇതുചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാരുടെ വാദം. പിറവത്തും മലപ്പുറത്തെ ഒരു മണ്ഡലത്തിലുമാണ് ഇപ്രകാരം സമയം അനുവദിച്ചത്. പിറവത്തെ വരണാധികാരി ഇക്കാര്യത്തിൽ സമയം അനുവദിച്ചുകൊണ്ട് ഇറക്കിയ നടപടിക്രമത്തിന്റെ പകർപ്പും ഹർജിക്കാർ കോടതിയിൽ ഹാജരാക്കി.
സാങ്കേതിക പിഴവുകൾ മാത്രമാണ് ഉണ്ടായിരുന്നത്. നാമനിർദേശ പത്രികയിൽ യാതൊരു തരത്തിലുമുള്ള പിഴവ് ഉണ്ടായിരുന്നില്ല. ചിഹ്നം അനുവദിക്കുന്ന ഘട്ടത്തിലാണ് സംസ്ഥാന അധ്യക്ഷന്റെ ഒപ്പ് അടങ്ങിയ ഫോമിന് പ്രസക്തിയുള്ളത്. അത് നാമനിർദേശ പത്രികയുടെ ഭാഗമല്ല. അതുകൊണ്ടുതന്നെ വരണാധികാരിയുടെ പ്രവർത്തനം പ്രഥമദൃഷ്ട്യാ തന്നെ തെറ്റാണ്. അതുകൊണ്ട് തിരഞ്ഞെടുപ്പ് ഹർജിയിലേക്ക് പോകാതെ തന്നെ ഹൈക്കോടതി ഇടപെട്ട് സ്ഥാനാർത്ഥികൾക്ക് മത്സരിക്കാനുള്ള അവസരം അനുവദിക്കണമെന്നാണ് സ്ഥാനാർത്ഥികൾ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്കിടയിൽ ഇതിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു.
ഭരണഘടനാപരമായി തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തിന്മേലുള്ള ലംഘനമായി വരണാധികാരിയുടെ നടപടി മാറുന്നു എന്ന നിലപാടാണ് ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകർ സ്വീകരിച്ചത്. എന്നാൽ സുപ്രീംകോടതിയുടെ മുൻ ഉത്തരവ് പ്രകാരം വരണാധികാരിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പിഴവുകൾ ഉൾപ്പടെ ചോദ്യം ചെയ്യേണ്ടത് തിരഞ്ഞെടുപ്പ് ഹർജിയിലൂടെയാണ്. തിരഞ്ഞെടുപ്പ് ഹർജിയിലൂടെ നടപടികൾ ചോദ്യം ചെയ്യണമെങ്കിൽ തിരഞ്ഞെടുപ്പ് പൂർത്തീകരിച്ച് ഫലപ്രഖ്യാപനം വന്ന ശേഷം മാത്രമേ അത് സാധ്യമാകൂ.
തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞാൽ വരണാധികാരിയുടെ തീരുമാനം അന്തിമമാണ്. അതിൽ കോടതിക്ക് ഇടപെട്ട് നിർദ്ദേശം നൽകാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ ബോധിപ്പിക്കുകയായിരുന്നു. ഇതാണ് അംഗീകരിക്കപ്പെട്ടത്.


