മുസ്ലീം ഭൂരിപക്ഷമുള്ള ജമ്മുകാശ്മീരിലും കാവിഭരണം നിലവിൽ വരുമോയെന്നാണ് രാജ്യം ഇപ്പോൾ ഉറ്റുനോക്കുന്നത്. മെഹ്ബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും ഒമർ അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസും ബിജെപിയുമായി രാഷ്ട്രിയകച്ചവമുണ്ടാക്കാൻ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണിപ്പോഴുള്ളത്.

ഈ ഒരു സാഹചര്യം പരമാവധി മുതലാക്കി സർക്കാരിന്റെ നേതൃത്ത്വം കൈക്കലാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. അത്തരം ഒരു അവസരമുണ്ടായാൽ ജിതേന്ദ്രസിംഗിനെയോ പരിചയസമ്പന്നനായ ജമ്മു എംഎൽഎ നിർമൽ സിംഗിനെയോ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയേക്കുമെന്നും ബിജെപി വൃത്തങ്ങൾ പറയുന്നു.

വ്യഴാഴ്ച ബിജെപിയുടെ എംഎൽഎമാരെ ജമ്മുവിൽ വച്ച് കണ്ടതിന് ശേഷമാണ് കേന്ദ്രധനകാര്യമന്ത്രി അരുൺ ജയ്റ്റ്‌ലി ബിജെപിയുടെ ഉദ്ദേശ്യം വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് പോൾ ചെയ്ത വോട്ടുകളുടെ നല്ലൊരു ഓഹരി ബിജെപിക്ക് ലഭിച്ചിട്ടുണ്ടെന്നും അതിനാൽ സർക്കാർ രൂപീകരിക്കാൻ അവകാശമുണ്ടെന്നും ജയ്റ്റ്‌ലി പറഞ്ഞു. ഈ വിഷയത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത് പാർട്ടി പ്രസിഡന്റ് അമിത്ഷായാണെന്നും ജയ്റ്റ്‌ലി പറയുന്നു.

പാർട്ടി സ്വന്തമായി സർക്കാരുണ്ടാക്കുകയോ മറ്റാരെങ്കിലും രൂപീകരിക്കുന്ന സർക്കാരിൽ ചേരുകയോ പിന്തുണപ്രഖ്യാപിക്കുകയോ ചെയ്യുമെന്നാണ് അമിത്ഷാ ചൊവ്വാഴ്ച പറഞ്ഞിരുന്നത്. സർക്കാരിൽ ഭാഗഭാക്കാകുന്ന കാര്യത്തിൽ ബിജെപി എംഎൽഎമാർ ഒറ്റക്കെട്ടാണെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. സജ്ജാദ് ലോൺ അദ്ദേഹത്തിന്റെ എംഎൽഎ, എന്നിവരുടെയും മറ്റ് ചിലരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്ന് ബിജെപി അവകാശപ്പെട്ടിട്ടുണ്ട്. അങ്ങനെ വരുമ്പോൾ പാർട്ടിക്ക് 31 എംഎൽമാരുടെ പിന്തുണയുണ്ടാകും.