ശ്രീനഗർ: നാല് വർഷമായി തടവിലായിരുന്ന തീവ്ര വിഘടനവാദി നേതാവിനെ ജമ്മുകാശ്മീലെ പുതിയ സർക്കാർ മോചിപ്പിച്ചു. പാക് അനുകൂല ഹുറിയത് തീവ്ര നേതാവ് മസറത് ആലമാണ് ജയിൽ മോചിതനായത്.

2010ൽ കശ്മീർ താഴ്‌വരയിൽ ഇന്ത്യ പാക്ക് അതിർത്തിയിൽ സംഘർഷത്തിനും 112 പേരുടെ മരണത്തിനുമിടയാക്കിയ കല്ലേറിനു വരെ നേതൃത്വം നൽകിയ വിഘടനവാദി നേതാവായ അലമിനെ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ പ്രത്യേക നിർദേശ പ്രകാരമാണ് ഇന്നലെ വൈകിട്ട് മോചിപ്പിച്ചത്. പൊതു സുരക്ഷാ നിയമപ്രകാരം നാലുവർഷമായി ബാരമുള്ള ജയിലിലായിരുന്നു ആലം.

അതേസമയം, തങ്ങളോട് ആലോചിക്കാതെ എടുത്ത തീരുമാനത്തിൽ കാശ്മീർ സർക്കാരിലെ സഖ്യകക്ഷിയായ ബിജെപി കടുത്ത പ്രതിഷേധത്തിലാണ്. തീരുമാനം സഖ്യത്തിനു ഭീഷണിയാണെന്ന് മുതിർന്ന ബിജെപി നേതാക്കൾ പറഞ്ഞു. ആലം രാഷ്ട്രീയ തടവുകാരനല്ലെന്നും ഭീകരനാണെന്നും ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നും ബിജെപി എംഎൽഎ രവീന്ദർ റെയ്‌ന പറഞ്ഞു. ഈ തീരുമാനം സഖ്യത്തിനു ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

തടവിലുള്ള ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെടാത്ത വിഘടനവാദികളെയും തീവ്രവാദികളെയും വിട്ടയയ്ക്കണമെന്ന് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് ബുധനാഴ്ച ഡി.ജി.പിയോട് നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം ജയിൽ മോചിനാകുന്ന ആദ്യ വിഘടനവാദിയാണ് മസറത് ആലം. ജയിൽ മോചിതരായ തീവ്രവാദികളെയും കീഴടങ്ങിയവരെയും പുനരധിവസിപ്പിക്കുന്നതിന് സമഗ്ര പദ്ധതി തയ്യാറാക്കാനും ഡി.ജി.പിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

തീവ്രവാദികളെ മോചിപ്പിക്കണമെന്ന സംസ്ഥാന സർക്കാരിന്രെ നിർദ്ദേശത്തോട് സഹകരിക്കുമെന്ന് ജമ്മുകാശ്മീർ ഡി.ജി.പി വ്യക്തമാക്കിയിരുന്നു. മോചിപ്പിക്കേണ്ട വിഘടനവാദിതീവ്രവാദി നേതാക്കളുടെ ബഌപ്രിന്ര് തയ്യാറാക്കി വരികയാണ് പൊലീസ്. അടുത്ത ദിവസങ്ങളിൽ കൂടുതൽ തീവ്രവാദികളെ വിട്ടയച്ചേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയും പൊലീസ് മേധാവികളുമായി നടത്തിയ അവലോകന യോഗത്തിലാണ് ജയിലിലുള്ളവരെ വിട്ടയ്ക്കാനുള്ള തീരുമാനമുണ്ടായത്. പാസ്‌പോർട്ട് അനുമതി നടപടിക്രമങ്ങൾ വേഗത്തിലാക്കാനും നിർദേശമുണ്ട്.

ഹജ്ജ് തീർത്ഥാടനത്തിനൊരുങ്ങുന്നവർക്ക് യാത്രാരേഖകൾ പെട്ടെന്ന് കിട്ടാൻ നടപടിയുണ്ടാകണം. കീഴടങ്ങുകയും മോചിതരാകുകയും ചെയ്ത ഭീകരവാദികളുടെ പുനരധിവാസം ഉറപ്പാക്കി മുഖ്യധാരയിലേക്ക് കൊണ്ടുവരണം. പൊലീസ് സൗഹൃദമനോഭാവത്തോടെ പെരുമാറണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. എന്നാൽ, തീരുമാനങ്ങൾ മന്ത്രിസഭയിലാണെടുക്കേണ്ടതെന്നും മുന്നണി സർക്കാറിലെ മുഖ്യമന്ത്രിക്ക് തന്നിഷ്ടപ്രകാരം തീരുമാനമെടുക്കാനാകില്‌ളെന്നും പ്രഖ്യാപിച്ച് ബിജെപി രംഗത്തത്തെിയിട്ടുണ്ട്. സഖ്യം ചില പൊതു ധാരണയുടെ അടിസ്ഥാനത്തിലാണെന്നും അതു പാലിക്കാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അശോക് കൗൾ പറഞ്ഞു.

അതേസമയം, ആലം, രാഷ്ടീയ തടവുകാരനാണെന്ന നിലപാടാണ് മുഫ്തി മുഹമ്മദ് സയീദിന്റെ മകളും പിഡിപി നേതാവുമായ മെഹബൂബയുടേത്. ഹുറിയത് നേതാവ് സയ്യദ് ഗീലാനിയുടെ പിൻഗാമിയാവുമെന്നു കരുതുന്ന ആളാണ് ആലം(43). സാങ്കേതിക വിദഗ്ധനായ ആലമിനു അതിർത്തിയിൽ ഇന്ത്യയിലും പാക്കിസ്ഥാനിലും ഒട്ടേറെ പിന്തുണക്കാരുണ്ട്. 1990 മുതൽ 15 വർഷം ജയിലിൽ കിടന്നിട്ടുണ്ട്.