തിരുവനന്തപുരം: മോഹൻലാൽ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുമെന്ന വിശ്വാസവും പ്രതീക്ഷയും സംഘപരിവാർ സംഘടനകൾക്കുണ്ട്. ഈ വിശ്വാസ കരുത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബിജെപി. നിലവിലെ സംസ്ഥാന ഭാരവാഹികളെ മാറ്റേണ്ടതില്ലെന്നും ബിജെപി തീരുമാനിച്ചിട്ടുണ്ട്. കുമ്മനം രാജശേഖരൻ മിസോറാം ഗവർണ്ണറായതോടെ സംസ്ഥാന പ്രസിഡന്റായി പിഎസ് ശ്രീധരൻ പിള്ളയെ നിയമിക്കാൻ മാസങ്ങൾ വേണ്ടി വന്നു. ഈ സാഹചര്യത്തിൽ ഭാരവാഹികളെ മാറ്റില്ല. കുമ്മനം നിയമിച്ചവർ തന്നെയാകും പിഎസ് ശ്രീധരൻ പിള്ളയുടെ സേനയിലേയും അംഗങ്ങൾ.

ലോക്സഭാ തിരഞ്ഞെടുപ്പിന് പാർട്ടി ഒരുക്കം തുടങ്ങിയതോടെ അഴിച്ചുപണി ഗുണകരമാകില്ലെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ. പുതിയ അധ്യക്ഷൻ വരുന്നതോടെ മറ്റുഭാരവാഹികളും മാറേണ്ടതായിരുന്നു. കഴിഞ്ഞദിവസം കൊച്ചിയിൽ ചേർന്ന ആദ്യ കോർകമ്മിറ്റി യോഗത്തിൽ നിലവിലുള്ള അംഗങ്ങൾ പങ്കെടുത്താണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സർക്കാരിനുനേരെ പ്രക്ഷോഭത്തിന് തീരുമാനിച്ചത്. പ്രക്ഷോഭവും തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പും നടക്കുമ്പോൾ പ്രധാന ഭാരവാഹികളെയൊക്കെ മാറ്റുന്നത് പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിനൊപ്പം പാർട്ടിയിൽ വിഭാഗീയത പുതിയ തലത്തിലെത്തിക്കാനും ഭാരവാഹികളെ മാറ്റാനുള്ള ചർച്ച വഴി വയ്ക്കും. ഈ സാഹചര്യത്തിൽ ആരേയും മാറ്റേണ്ടെന്നാണ് തീരുമാനം. ഭാരവാഹികൾ മാറിയാൽ മണ്ഡലങ്ങളുടെ ചുമതലയുള്ളവർക്ക് പകരം ആളെ നിയോഗിക്കണം. ഇതും ദോഷം ചെയ്യും.

മാസങ്ങൾക്കുള്ളിൽ തിരഞ്ഞടുപ്പ് നടക്കാനിരിക്കെ അത്തരമൊരു പരീക്ഷണം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് പ്രതികൂലമാകും. സംസ്ഥാനത്തുനിന്ന് ലോക്സഭയിലും പ്രാതിനിധ്യം ഉണ്ടാക്കാനുള്ള തന്ത്രങ്ങളിലാണ് ബിജെപി. ഇതിനായി പാർട്ടിക്ക് വേരോട്ടമുള്ള പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. തിരുവനന്തപുരത്ത് അതിശക്തനെ തന്നെ സ്ഥാനാർത്ഥിയാക്കും. മോഹൻലാൽ അല്ലെങ്കിൽ് കുമ്മനം എന്ന നിലയിലാണ് ചർച്ചകൾ. അതിനിടെ തിരുവനന്തപുരത്ത് മത്സരിക്കാൻ പി എസ് ശ്രീധരൻ പിള്ളയും സന്നദ്ധനാണെന്ന സൂചനയുണ്ട്. സുരേഷ് ഗോപിയേയും പരിഗണിക്കും. അങ്ങനെ തിരുവനന്തപുരത്ത് പോരാട്ടം ശക്തമാക്കാനുള്ള തന്ത്രങ്ങളാണ് ഒരുക്കുന്നത്. ശനിയാഴ്ച ന്യൂഡൽഹിയിൽ ആരംഭിച്ച ദേശീയകൗൺസിൽ യോഗത്തിൽ പങ്കെടുത്ത് സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള സംസ്ഥാനത്തെ പ്രതീക്ഷകൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.

കേന്ദ്രഭരണത്തിന്റെ വിലയിരുത്തലും 2019ലെ തിരഞ്ഞെടുപ്പിനു സജ്ജമാകലും ലക്ഷ്യമിട്ട് ബിജെപിയുൾപ്പെടെ 56 പരിവാർ പ്രസ്ഥാനങ്ങളുടെയും നേതൃയോഗം ആർഎസ്എസ് വിളിച്ചുചേർക്കും. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരത്തിൽ ചേരുന്ന 'സമന്വയ ബൈഠകി'ൽ ആർഎസ്എസ് ദേശീയ നേതാക്കൾ നേരിട്ടു പങ്കെടുക്കും. കേരളത്തിന് പ്രത്യേക പരിഗണനയാണ് ആർഎസ്എസ് ഇത്തവണ നൽകുന്നത്. കേരളത്തിലെ സമന്വയ യോഗം 15നും 16നും തൃശൂരിൽ പാറമേക്കാവിൽ നടക്കും. ആർഎസ്എസ് സർകാര്യവാഹക് ഭയ്യാജി ജോഷിയാണ് യോഗത്തിൽ രണ്ടുദിവസവും പങ്കെടുക്കുന്നത്. ആർ എസ് എസിലെ മൂന്നാമനാണ് ഭയ്യാജി. കേരളത്തിലെ ബിജെപിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കാൻ അദ്ദേഹം നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കും.

56 പരിവാർ പ്രസ്ഥാനങ്ങളുടെയും സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിമാരും മാത്രം പങ്കെടുക്കുന്ന യോഗത്തിൽ ആർഎസ്എസിന്റെ വിഭാഗ് (രണ്ടു ജില്ലകൾ ചേർന്നത്) ഭാരവാഹികളും പങ്കെടുക്കും. ആർഎസ്എസ് ഈ സംഘടനകളിലേക്കു നിയോഗിച്ചിട്ടുള്ള സംഘടനാ സെക്രട്ടറിമാരും പങ്കെടുക്കും. ബിജെപി നേതാക്കളും പങ്കെടുക്കും. ബിജെപിയുടെ പ്രവർത്തനത്തിനു കൂടുതൽ പ്രചാരകന്മാരെ നിയോഗിക്കാനും സാധ്യതയുണ്ട്. കേരളത്തിലെ ഇടതു ഭരണത്തിൽ ആർഎസ്എസിന്റെ വളർച്ചയ്ക്കു വേഗം കൂടിയെന്ന് ആർഎസ്എസ് വാർഷിക യോഗത്തിൽ നേരത്തേ വിലയിരുത്തലുണ്ടായിരുന്നു. സാമൂഹികമാധ്യമങ്ങളിലെ ഇടപെടലുകൾ വഴി വളർച്ചയ്ക്കു മുന്നേറ്റമുണ്ടെന്നായിരുന്നു വിലയിരുത്തൽ. ഇത് ബിജെപിക്ക് വോട്ടാക്കി മാറ്റുകയാണ് ലക്ഷ്യം. മോഹൻലാലിനെ പോലുള്ള പ്രമുഖരെ ആർ എസ് എസുമായി കൂടുതൽ അടുപ്പിക്കാനും തന്ത്രങ്ങൾ ഒരുക്കും.

കേന്ദ്രത്തിൽ വീണ്ടും മോദിയുടെ നേതൃത്വത്തിലുള്ള ഹൈന്ദവ ഭരണമാണ് ആർഎസ്എസ് വീണ്ടും ലക്ഷ്യമിടുന്നത്. ആയോധ്യയിൽ ക്ഷേത്ര നിർമ്മാണവും ഏകീകൃത സിവിൽ കോഡും നടപ്പാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. അയോധ്യയിൽ സുപ്രീംകോടതി വിധി ഉടൻ ഉണ്ടാകും. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാരിൽ സ്വാധീനം നഷ്ടമാകുന്നത് ലക്ഷ്യം നേടാൻ വിഖാതമാകുമെന്നാണ് ആർഎസ്എസ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് നേരിട്ട് ഇടപെടുന്നത്.

ബിജെപിക്ക് ആരും ശത്രുക്കളല്ലെന്ന് അഡ്വ.പി.എസ്.ശ്രീധരൻ പിള്ള പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി എല്ലാവരുടേയും പാർട്ടിയാണ്. ആരെയും അന്യരായി കാണുന്നില്ല. ഹിന്ദുത്വമാണ് ബിജെപിയുടെ അടിസ്ഥാനപ്രമാണം. അത് ഈ നാടിന്റെ സംസ്‌കാരവും ജീവിതരീതിയുമാണ്. മതത്തിന്റെയോ ജാതിയുടേയോ പേരിലുള്ള വേർതിരിവുകളിൽ ബിജെപി വിശ്വസിക്കുന്നില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് ദുർഭരണം അവസാനിപ്പിക്കാൻ ബിജെപിക്കേ കഴിയൂ. എസ്എൻഡിപിയേയും എൻഎസ്എസ്സിനേയും ന്യൂനപക്ഷങ്ങളെയും പാർട്ടിയോട് കൂടുതൽ അടുപ്പിക്കാൻ പരിശ്രമിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് മുന്നണികളിലും ചവിട്ടിമെതിക്കപ്പെട്ട് കിടക്കുന്ന നിരവധി പേർ ഉണ്ട്. അവരെ എൻഡിഎയിലേക്ക് കൊണ്ടു വരാനുള്ള പരിശ്രമം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഇതെല്ലാം ആർഎസ്എസ് ബൈഠക്കിലും ചർച്ചയാകും.