കൊച്ചി: ക്രൈസ്തവ-മത ന്യൂനപക്ഷ സമുദായങ്ങളെ കൂടെ നിർത്തി ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയം നേടാൻ ബിജെപി സംസ്ഥാന നേതൃത്വത്തിന് തന്ത്രങ്ങൾ ഉപദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഭൂരിപക്ഷ സമുദായങ്ങൾക്കൊപ്പം ക്രൈസ്തവ ന്യൂനപക്ഷങ്ങളെയും കൂടെ നിർത്താനായാൽ ബിജെപി.ക്ക് കേരളത്തിൽ ഇക്കുറി അക്കൗണ്ട് തുറക്കാൻ കഴിയുമെന്നാണ് ബിജെപിയുടെ മുൻ ദേശീയ അധ്യക്ഷൻ കൂടിയായ രാജ്‌നാഥ് സിങ് വിശദീകരിക്കുന്നത്. വ്യക്തമായ പദ്ധതിയും അവതരിപ്പിച്ചു. എന്നാൽ ഇതിന് പാർട്ടിക്ക് മുമ്പിലുള്ള വെല്ലുവിളികൾ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയും രാജ്‌നാഥിനെ അറിയിച്ചു. കേന്ദ്രസർക്കാരിന്റേയും പാർട്ടി ദേശീയ നേതൃത്വത്തിന്റേയും ഇടപെടൽ ഉണ്ടായാലേ ഇത് നടപ്പാക്കാനാവൂവെന്നാണ് ശ്രീധരൻ പിള്ളയുടെ നിലപാട്.

ഭൂരിപക്ഷ സമുദായങ്ങൾക്കൊപ്പം ക്രൈസ്തവ ന്യൂനപക്ഷങ്ങളെയും കൂടെ നിർത്താനായാൽ ബിജെപി.ക്ക് കേരളത്തിൽ ഇക്കുറി അക്കൗണ്ട് തുറക്കാൻ കഴിയുമെന്നാണ് രാജ്‌നാഥിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈസ്തവ സമുദായത്തെ ലക്ഷ്യംവച്ച് നീങ്ങാനാണ് നിർദ്ദേശം. വൈദികരെയും ക്രൈസ്തവ മത മേലധ്യക്ഷന്മാരെയും കൈയിലെടുക്കാനുള്ള നീക്കങ്ങൾ ബിജെപി. ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാന കൗൺസിൽ യോഗത്തിലും ന്യൂനപക്ഷങ്ങളെ കൂടെ നിർത്തിയുള്ള പ്രവർത്തനങ്ങൾക്കാണ് ആഹ്വാനമുണ്ടായത്. ബിജെപി.യിലേക്ക് ന്യൂനപക്ഷങ്ങളെ അടുപ്പിക്കുന്നതിന് താത്ത്വികമായ പിൻബലം നൽകുന്നതിനാണ് രാജ്‌നാഥ് സിങ്ങും ശ്രദ്ധിച്ചത്. എല്ലാത്തരം വിശ്വാസികളെയും ഉൾക്കൊണ്ട്, ലോകമേ തറവാട് എന്ന ആശയത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപി. ഈ നയങ്ങൾ മൂലമാണ് ഏറ്റവും വലിയ ദേശീയ പാർട്ടിയായി മാറാനായതെന്നും രാജ്നാഥ് സിങ് കേരള നേതാക്കളെ ഓർമിപ്പിച്ചു.

കേരളത്തിൽ ഒന്നാം ബദൽ തന്നെയായി മാറാനാണ് ബിജെപി ശ്രമിക്കേണ്ടതെന്നും രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു കഴിഞ്ഞു. മൂന്നാം ബദലാകാൻ ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻപ് കേരളത്തിലെ ബിജെപി നേതാക്കൾ പറഞ്ഞിരുന്നത് ഇവിടെ ബിജെപി മൂന്നാം ബദലായി വളർന്നുവരുമെന്നായിരുന്നു. എന്നാൽ ഇന്ന് പറയാനുള്ളത് ഇവിടെയും ഒന്നാം ശക്തിയായി മാറാൻ ശ്രമിക്കണമെന്നാണ്. ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലെല്ലാം ബിജെപി വളരുന്ന രീതിയിൽ കേരളത്തിലും മാറണമെന്നും രാജ്‌നാഥ് സിങ് വിശദീകരിച്ചു. ബിജെപി. ഏതെങ്കിലും ഒരു മതത്തിന്റെ പാർട്ടിയല്ലെന്നും എല്ലാ മതങ്ങളെയും സമുദായങ്ങളെയും ഉൾക്കൊള്ളുന്ന പാർട്ടിയാണെന്നു ബോധ്യപ്പെടുത്തി ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനുമാണ് നീക്കം. മധ്യകേരളമാണ് പാർട്ടി പ്രധാനമായി ലക്ഷ്യമിടുന്നത്.

ശ്രീധരൻ പിള്ളയ്ക്ക് എല്ലാ സമുദായങ്ങൾക്കുമിടയിൽ നല്ല ബന്ധമുണ്ട്. ഇതുപയോഗിച്ച് ക്രൈസ്തവരെ ആകർഷിക്കാനാണ് നീക്കം. അടുത്തിടെ കോട്ടയത്ത് മൂന്ന് വൈദികരെയും ഒരു വൈദിക ട്രസ്റ്റിയെയും ശ്രീധരൻ പിള്ള തന്നെ ഇടപെട്ട് പാർട്ടിയിലേക്ക് കൊണ്ടുവന്നിരുന്നു. വളരെ വേഗത്തിൽ ഈ മേഖലയിൽ നടന്ന അതിശക്തമായ ഇടപെടലായിരുന്നു ഇത്. ഇതേച്ചൊല്ലി പാർട്ടിയിലും പുറത്തും വിവാദങ്ങൾ ഉണ്ടായി. എന്നാൽ, കേന്ദ്രത്തിൽനിന്നുള്ള പച്ചക്കൊടിയുടെ അടിസ്ഥാനത്തിലാണ് താൻ ഈ നീക്കത്തിനായി ഇറങ്ങിത്തിരിച്ചതെന്ന് സംസ്ഥാന അധ്യക്ഷൻ പാർട്ടിയിൽ വിശദീകരിച്ചു. ആർഎസ്എസ് നേതൃത്വത്തെ മുൻകൂട്ടി അറിയിച്ച് ഇത്തരം നീക്കങ്ങൾ ശ്രീധരൻ പിള്ള ഇനിയും തുടരും. തിരുവനന്തപുരം ലോക്‌സഭയിൽ ജയിക്കാനാണ് ബിജെപിയുടെ ശ്രമം. ന്യൂനപക്ഷ വോട്ടുകൾ ഇവിടെ നിർണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ.

ബിജെപി സംസ്ഥാന കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി തനിച്ചു 350 സീറ്റുകൾ നേടുകയും അതിൽ കേരളത്തിന്റെ പങ്കുണ്ടായിരിക്കണമെന്നും ബിജെപി സംസ്ഥാന കൗൺസിൽ സമ്മേളനം ഉദ്ഘാടനം ചെയ്ത രാജ്‌നാഥ് സിങ് പറഞ്ഞു. മോദിയെ തകർക്കുക, ബിജെപിയെ തകർക്കുക എന്ന ഒരേയൊരു അജൻഡയാണു പ്രതിപക്ഷ കക്ഷികൾക്ക് ആകെയുള്ളത്. അതിനായി അവർ വിശാല ഐക്യം രൂപവൽക്കരിക്കുകയാണ്. മോദിയെ വിമർശിക്കുന്ന രാഹുലിന്റെ ഭാഷ തരംതാണതാണ്. അക്കാര്യത്തിൽ ഈ ചെറുപ്പക്കാരനെ ഉപദേശിക്കാൻ താൻ മുതിർന്ന കോൺഗ്രസ് നേതാക്കളോടു പറഞ്ഞിരുന്നതായും രാജ്‌നാഥ് സിങ് പറഞ്ഞു.

ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെതന്നെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി വളരുകയാണ്. ലോകത്തൊരിടത്തും കാണാനാവാത്തവിധം മുസ്ലിങ്ങളിലെ 73 വിഭാഗങ്ങൾക്കും സ്വതന്ത്രമായി ജീവിക്കാൻ സാധിക്കുന്ന ഏക രാജ്യമാണ് ഇന്ത്യ. ക്രിസ്ത്യാനികൾക്കും ഇതേ രീതിയിൽ ജീവിക്കാൻ കഴിയുന്ന രാജ്യവും ഇന്ത്യ മാത്രമാണ്. ഇന്ദിരാഗാന്ധി 1969ൽ രാജ്യത്തെ ബാങ്കുകൾ ദേശസാൽക്കരണം നടപ്പാക്കിയെങ്കിലും ബാങ്ക് സേവനങ്ങൾ പാവങ്ങൾക്കുകൂടി ലഭ്യമാക്കിയ സാർവത്രീകരണം നടപ്പാക്കിയത് മോദിയാണ്. 1350 രോഗങ്ങൾക്കു ചികിൽസ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് നടപ്പാക്കാൻ സംസ്ഥാനത്തെ പാവങ്ങളെ ഓർത്തു പിണറായി സർക്കാർ തയാറാവണമെന്ന് അദ്ദേഹം പറഞ്ഞു. 2030 ആകുമ്പോഴേക്കും ലോകത്തെ മൂന്നു വൻകിട സാമ്പത്തികശക്തികളിലൊന്നായി ഇന്ത്യ മാറുമെന്നും രാജ്‌നാഥ് പറയുന്നു.

ന്യൂനപക്ഷങ്ങളെ പാർട്ടിയിലേക്ക് അടുപ്പിച്ചാൽ മാത്രമേ കേരളത്തിൽ ബിജെപിക്ക് മുമ്പോട്ട് പോകാനാകൂ. കാശ്മീരിൽ ഭരണത്തിൽ ബിജെപി പങ്കാളിയായി. ഗോവയെ ഭരിക്കുന്നു. ഈ സാഹചര്യം കേരളത്തിലും ചർച്ചയാക്കണം. എല്ലാ വിഭാഗക്കാരേയും ബിജെപിയിലേക്ക് അടുപ്പിക്കണമെന്നാണ് രാജ്‌നാഥിന് പറയാനുള്ളത്. ആദ്യ പടവ് വിജയകരമായി കടക്കാൻ കഴിഞ്ഞെന്നാണ് വൈദികരെ പാർട്ടിയിൽ കൊണ്ടുവന്നതിനെ ന്യായീകരിച്ചുകൊണ്ട് ശ്രീധരൻ പിള്ള സംസ്ഥാന കൗൺസിൽ യോഗത്തിൽ വിശദീകരിച്ചത്. അടുത്തിടെ ആർഎസ്എസ്. സർ സംഘചാലക് മോഹൻ ഭഗവത് ഡൽഹിയിൽ നടത്തിയ പ്രസംഗത്തിൽ, എല്ലാ മതങ്ങളെയും ഉൾക്കൊള്ളലാണ് നിരാകരിക്കലല്ല തങ്ങളുടെ നയമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സമന്വയത്തിന്റെ പാർട്ടിയാണ് ബിജെപി.യെന്നും ശ്രീധരൻ പിള്ള യോഗത്തിൽ വ്യക്തമാക്കി.

സിപിഎമ്മും കോൺഗ്രസും ചേർന്ന് ന്യൂനപക്ഷങ്ങളിൽ ബിജെപി.യെക്കുറിച്ച് പേടിയുണ്ടാക്കിയിട്ടുണ്ട്. അത് മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് പാർട്ടി. ബിജെപി.യിൽ ചേരുന്നതിന് ആരെയും വിലക്കിയിട്ടില്ലെന്ന മട്ടിൽ ഒരു സഭാ മേധാവി നടത്തിയ വിശദീകരണത്തെ ആശ്വാസത്തോടെയാണ് ബിജെപി. നേതൃത്വം കാണുന്നത്.