തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ലക്ഷ്യമിടുന്നതെന്ന് കേരളത്തിൽ അധികാരത്തിലെത്താനെന്ന് ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. കേരളത്തിൽ ആകമാനം വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 70ന് മുകളിൽ സീറ്റുകൾ എന്നതുതന്നെയാണ് ബിജെപിയുടെ ലക്ഷ്യം. കേവലം കുറച്ചു സീറ്റുകളിൽ വിജയിക്കുക എന്നതല്ല, ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയിച്ച് അധികാരത്തിലെത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പാർട്ടി മുന്നോട്ടുപോകുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 25,000ന് മുകളിൽ വോട്ടുകൾ ലഭിച്ച 70 മണ്ഡലങ്ങളുണ്ട്. 30,000ന് മുകളിൽ വോട്ട് കിട്ടിയിട്ടുള്ള 40 മണ്ഡലങ്ങളുണ്ട്. ഇക്കഴിഞ്ഞ ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പ്, ലോക്‌സഭാ തിരഞ്ഞെടുപ്പ്, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയിൽ ബിജെപിക്ക് 15 മുതൽ 16 ശതമാനം വരെ വോട്ടുകൾ ലഭിച്ചിട്ടുണ്ട്. കേരളത്തിലാകമാനം ബിജെപി വലിയൊരു ശക്തിയാണെന്നതിനുള്ള തെളിവാണിത്. ബിഡിജെഎസിന്റെ ജനകീയ പിന്തുണയെപ്പറ്റി ബിജെപിക്ക് സംശയങ്ങളില്ല. ദേശീയ ജനാധിപത്യ സഖ്യത്തിന് വോട്ട് ശതമാനം വർധിച്ചതിൽ ബിഡിജെഎസിന് അവരുടേതായ പങ്കുണ്ട്. യാതൊരു സംശയവും അക്കാര്യത്തിലില്ല.

പക്ഷെ, ബിജെപി വിജയിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടാൽ രണ്ടുമുന്നണികളും ഒരുമിക്കുന്ന ഒരു പ്രവണത കേരളത്തിൽ കണ്ടുവരുന്നുണ്ട്. ഉദാഹരണത്തിന് മഞ്ചേശ്വരം നിയോജക മണ്ഡലം, അവിടെ കഴിഞ്ഞ തവണ വിജയിക്കേണ്ടതായിരുന്നു. 89 വോട്ടിനാണ് സുരേന്ദ്രൻ അവിടെ പരാജയപ്പെട്ടത്. അവിടെ മുസ്ലിം ലീഗും മാർക്‌സിസ്റ്റുപാർട്ടിയും തമ്മിലുള്ള വോട്ടുകച്ചവടം വ്യക്തമാണ്. കാസർകോടും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഇതെല്ലാം കൊണ്ടാണ് ഇതുവരെ വിജയിക്കാൻ കഴിയാതെ പോയത്.

മാത്രമല്ല മത ന്യൂനപക്ഷങ്ങളിൽ നിന്ന് ബിജെപിക്ക് വളരെ കുറഞ്ഞ ശതമാനം വോട്ട് മാത്രമാണ് ലഭിക്കുന്നത്. ഇതിന് കാരണം യുഡിഎഫും എൽഡിഎഫും ഇവർക്കിടയിൽ നടത്തിയിട്ടുള്ള വലിയതോതിലുള്ള ബിജെപി വിരുദ്ധ പ്രചാരണമാണ്. പക്ഷെ 2021ലെ ചിത്രം അങ്ങനെയല്ല. ജനങ്ങൾക്ക് എൽഡിഎഫിനെയും യുഡിഎഫിനെയും കൂടുതൽ ബോധ്യപ്പെട്ടിരിക്കുന്നു. ഇവർ രണ്ടുമുന്നണിയല്ല ഒരുമുന്നണിയാണെന്ന് ജനങ്ങൾ ഇപ്പോൾ മനസിലാക്കിയിരിക്കുന്നുവെന്നും കൃഷ്ണദാസ് പറഞ്ഞു.

ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിനെതിരേ പ്രതിഷേധമുണ്ട്, വ്യത്യസ്താഭിപ്രായമുണ്ട് എന്നുള്ള ആരോപണങ്ങൾ ശരിയല്ല. ഒറ്റക്കെട്ടായിട്ടാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ബിജെപിയിൽ ഒരുപക്ഷം മാത്രമേയുള്ളു. നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം കരസ്ഥമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത്. അതിൽ ഈ പറഞ്ഞ പരാതികളോ പരിഭവങ്ങളോ ഒന്നുംതന്നെയില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി. പഴയ പ്രവർത്തകർക്ക് ഉചിതമായ സ്ഥാനം നൽകുന്നതിനോടൊപ്പം പുതിയ ആളുകൾക്ക് അവർ അർഹിക്കുന്ന പദവികൾ നൽകി ആദരിക്കും. രണ്ടുകൂട്ടരുടെയും ശക്തി പാർട്ടിക്ക് വേണ്ടി വിനിയോഗിക്കുക എന്നതാണ് പാർട്ടി നേതൃത്വത്തിന്റെ കാഴ്ചപ്പാട്.

എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് നിർത്തി മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് നേതൃത്വത്തിന്റെ ലക്ഷ്യം. അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഒരേമനസോടുകൂടി പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കുക എന്നതാണ് നേതൃത്വം ചെയ്തുകൊണ്ടിരിക്കുന്നത്. അക്കാര്യത്തിൽ സംശയിക്കേണ്ടതില്ല.

ബിജെപിയിലേക്ക് അബ്ദുള്ളക്കുട്ടിയുടെ വരവ് പാർട്ടിയുടെ ബഹുജനാടിത്തറ വിപുലമാക്കാൻ സഹായിക്കും. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ള ധാരാളം ആളുകൾ ബിജെപിയിലേക്ക് വന്നിട്ടുണ്ട്. അതിലൂടെ ഞങ്ങളുടെ ജനപിന്തുണ വർധിപ്പിക്കാൻ കഴിഞ്ഞു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ 1400 സ്ഥാനാർത്ഥികൾ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. അതിൽ 360 പേർ മുസ്ലിം സമുദായത്തിൽ നിന്നു വന്നവരാണ്. ഇതിൽ 12ൽ അധികം മുസ്ലിം സ്ത്രീകളുമുണ്ട്. ബിജെപിക്ക് മുമ്പ് അപ്രാപ്യമായിരുന്ന മേഖലകളിൽ പാർട്ടി പ്രവർത്തനം ശക്തമാകുന്നുവെന്നതിന്റെ തെളിവാണിത്. ഇതുപോലെ പുറത്തുനിന്ന് വന്നവർ വഴിയാണ് ബഹുജനാടിത്തറ വലുതാകാൻ സഹായകരമായത്.