പാലക്കാട്: പാലക്കാട്ടെ ശ്രീധരൻ ഇഫക്ടിന് കരുത്ത് പകരാൻ പ്രധാനമന്ത്രി മോദി. പാലക്കാട്ടെ പൊതുയോഗത്തിൽ പ്രസംഗം കഴിഞ്ഞ് സ്ഥാനാർത്ഥികളെ പരിചയപ്പെടുമ്പോൾ പെട്ടെന്ന് മണ്ണാർക്കാട്ടെ എഐഎഡിഎംകെ സ്ഥാനാർത്ഥി നസീമ ഷറഫുദ്ദീൻ പ്രധാനമന്ത്രിയുടെ പാദം തൊട്ടുവണങ്ങി. മോദിയും തിരികെ അവരുടെ പാദം വന്ദിച്ചു. എൻഡിഎയുടെ ഏക വനിതാ മുസ്ലിം സ്ഥാനാർത്ഥിയാണ് നസീമ. ശബരിമല എന്ന പേരു പറയാതെ, അവിടെ നടന്ന സംഭവങ്ങൾ പരാമർശിച്ച മോദി പാലക്കാട്ടെ സ്ഥാനാർത്ഥി ഇ.ശ്രീധരനെ പ്രത്യേകം പരാമർശിച്ചു-അങ്ങനെ പാലക്കാടിനെ കൈയിലെടുത്ത് മോദിയുടെ മടക്കം. രണ്ട് ദിവസം കഴിയുമ്പോൾ മോദി വീണ്ടും എത്തും കേരളത്തിൽ. അതും രണ്ട് ഗ്ലാമർ മണ്ഡലത്തിൽ.

തിരുവനന്തപുരത്ത് കഴക്കൂട്ടത്തും പത്തനംതിട്ടയിൽ കോന്നിയിലും. രണ്ടിടത്തും ശബരിമലയാണ് ആളിക്കത്തുന്ന വിഷയങ്ങൾ. അതുകൊണ്ട് തന്നെ കൂടുതൽ വിശ്വാസ ചർച്ചകൾ ഇവിടെ മോദി ഉയർത്തുമെന്നാണ് പ്രതീക്ഷ. എൻഡിഎയുടെ തിരഞ്ഞെടുപ്പു പ്രചാരണാർഥം പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം തീയതി വീണ്ടും കേരളത്തിലെത്തും. കോന്നിയിലും തിരുവനന്തപുരത്തുമാണു പരിപാടികളിൽ പങ്കെടുക്കുക. ഉച്ചയ്ക്ക് 1.15ന് കോന്നി രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ആദ്യ പരിപാടി. 2.05ന് കന്യാകുമാരിയിലേക്കു പോകും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈകിട്ട് 4ന് ആണു രണ്ടാമത്തെ പരിപാടി.

തിരുവനന്തപുരത്തും പാലക്കാടും കാസർഗോടുമാണ് ബിജെപി ഏറെ മുന്നേറ്റം പ്രതീക്ഷിക്കുന്ന ജില്ലകൾ. പാലക്കാടും മലമ്പുഴയും നേട്ടമുണ്ടാക്കാമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരത്ത് നേമം സിറ്റിങ് സീറ്റാണ്. ഇതിനൊപ്പം തിരുവനന്തപുരം, വട്ടിയൂർക്കാവ്, കഴക്കൂട്ടും മണ്ഡലത്തിലും മുന്നേറ്റം പ്രതീക്ഷിക്കുന്നു. ശോഭാ സുരേന്ദ്രന്റെ മണ്ഡലമായ കഴക്കൂട്ടത്താണ് മോദിയുടെ കൂറ്റൻ റാലി. ഇത് ശോഭയ്ക്കും കരുത്ത് പകരും.

പലക്കാട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ബിജെപി പ്രവർത്തകർ സമ്മാനിച്ചതു കൽപാത്തിയിലെ തേരിന്റെ മാതൃകയും കേരളത്തിന്റെ പൊൻകസവുവേഷ്ടിയും. വേഷ്ടി തോളിലിട്ട്, 40 മിനിറ്റിലേറെ നടത്തിയ പ്രസംഗത്തിൽ നിറഞ്ഞത് കേരളത്തിലെ 'യുഡിഎഫ്, എൽഡിഎഫ് മാച്ച് ഫിക്‌സിങ്ങും' ബിജെപിയുടെ വികസന രാഷ്ട്രീയവും ആയിരുന്നു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യമായി പ്രചാരണത്തിനെത്തിയ മോദി ഇന്നലെ പാലക്കാട്ടു മാത്രമാണു പ്രസംഗിച്ചത്. പ്രസംഗം കേരളത്തിലെ യുവാക്കളോടായിരുന്നു. 'കന്നിവോട്ടർമാർക്ക് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും കാര്യത്തിൽ നിരാശയാണ്. ബിജെപിയുടെ രാഷ്ട്രീയം വികസനോന്മുഖമാണ്. അതിനാൽ ചെറുപ്പക്കാരും പ്രഫഷനലുകളും ബിജെപിയെ പിന്തുണയ്ക്കുന്നു-മോദി പറഞ്ഞു

ഇടതു സർക്കാർ വിശ്വാസികൾക്കെതിരെ അതിക്രമം കാട്ടിയപ്പോൾ യുഡിഎഫ് കയ്യും കെട്ടി നോക്കിനിന്നതായി ശബരിമലയുടെ പേരു പറയാതെ മോദി പറഞ്ഞു. ''നിങ്ങളുടെ ലാത്തികൾക്കു ഞങ്ങളെ പേടിപ്പിക്കാനാകില്ല. ബിജെപിയുടെ പ്രകടനപത്രികയിൽ ഇതു വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇടതു നേതാക്കൾ ഗുണ്ടകളെപ്പോലെയാണു പെരുമാറുന്നത്. ചെറുപ്പക്കാരായ ഒട്ടേറെ ബിജെപി പ്രവർത്തകരാണു കൊല്ലപ്പെട്ടത്. കേരളത്തിൽ അധികാരത്തിൽ വരുന്ന ബിജെപി ഇതിനു തടയിടും.'' രാജ്യത്തെ രാഷ്ട്രീയരംഗത്തെ ബാധിച്ച 5 ഗുരുതരരോഗങ്ങളാണ് അഴിമതി, ജാതീയത, വർഗീയത, ക്രിമിനൽവൽക്കരണം, കുടുംബാധിപത്യമടക്കമുള്ള സ്വജനപക്ഷപാതം എന്നിവ. ഇവ അടിസ്ഥാനമാക്കിയുള്ള വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ രാജാക്കന്മാരാണു കേരളത്തിലെ ഇരുമുന്നണികളും. ഇവർ തമ്മിൽ ഒത്തുകളിയാണ്. 5 വർഷം ഒരു കൂട്ടരും അടുത്ത 5 വർഷം മറ്റൊരു കൂട്ടരും സംസ്ഥാനത്തെ കൊള്ളയടിക്കുന്നു. ബംഗാളിൽ ഇവർ ഒറ്റക്കെട്ടാണ്.

കേരളത്തെ പുരോഗതിയിലേക്കു നയിക്കാനുള്ള ആശയമാണു ബിജെപി മുന്നോട്ടുവയ്ക്കുന്നത്. പാലക്കാട്ടെ സ്ഥാനാർത്ഥി ഇ. ശ്രീധരൻ അതിന് ഉദാഹരണമാണ്. ശ്രീധരന് അധികാരമാണു വേണ്ടിയിരുന്നതെങ്കിൽ 20 വർഷം മുൻപേ ലഭിക്കുമായിരുന്നു. പക്ഷേ, അദ്ദേഹം കേരളത്തിന്റെ അഭിമാനപുത്രനായതിനാൽ അധികാരത്തിന് അപ്പുറത്തുള്ള പലതിനെക്കുറിച്ചും ചിന്തിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്തു. യുഡിഎഫും എൽഡിഎഫും ഉണ്ടാക്കിയ തടസ്സങ്ങളാണ് ഇതുവരെ വികസനത്തെ തടഞ്ഞുനിർത്തിയത്. വേഗത്തിലുള്ള വികസനത്തിനു ബിജെപി നൽകുന്ന ഉറപ്പാണ് ഫാസ്റ്റ് (എഅടഠ). ഈ വാക്കിലെ 'എഫ്' ഫിഷറീസ്, ഫെർട്ടിലൈസേഴ്‌സ്, 'എ' അഗ്രികൾചർ, ആയുർവേദം, 'എസ്' സ്‌കിൽ ഡവലപ്‌മെന്റ്, സോഷ്യൽ ജസ്റ്റിസ്, 'ടി' ടൂറിസം, ടെക്‌നോളജി എന്നിവയെ പ്രതിനിധാനം ചെയ്യുന്നുവെന്നും പറഞ്ഞു.

എൻഡിഎ സർക്കാരാണ് കാർഷിക വിളകൾക്കു താങ്ങുവില വർധിപ്പിച്ചത്. 'കിസാൻ സമ്മാൻ' നിധിയിൽനിന്നു സാമ്പത്തിക സഹായവും നൽകി. ഭക്ഷ്യസംസ്‌കരണ മേഖലയ്ക്കു പ്രാധാന്യം നൽകാനാണു 'കിസാൻ റെയിൽ' പദ്ധതി നടപ്പാക്കുന്നത്. ആയുർവേദത്തെ ആഗോള ശക്തിയായി മാറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കേരളം കഴിവുള്ള ചെറുപ്പക്കാരാൽ അനുഗൃഹീതമാണ്. അതുകൊണ്ടാണ് നൈപുണ്യ വികസന പദ്ധതിക്കു പ്രാധാന്യം നൽകുന്നത്. കൂടുതൽ ഐഐടികൾ, ഐടിഐകൾ എന്നിവ സ്ഥാപിച്ചു. ഇപ്പോൾ സാങ്കേതിക വിദ്യാഭ്യാസവും മെഡിക്കൽ വിദ്യാഭ്യാസവും പ്രാദേശിക ഭാഷകളിൽ പഠിക്കാനുള്ള സൗകര്യത്തിനായി പരിശ്രമിക്കുന്നു. കേരളവും ടൂറിസവും തമ്മിൽ അഭേദ്യ ബന്ധമുണ്ട്. പക്ഷേ, യുഡിഎഫും എൽഡിഎഫും അടിസ്ഥാന വികസനം ഒരുക്കാൻ ഒന്നും ചെയ്തില്ലെന്നും മോദി കുറ്റപ്പെടുത്തി.