- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപി. സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണിക്ക് കേന്ദ്ര നേതൃത്വം; സുരേന്ദ്രന് പകരം പാർട്ടി തേടുന്നത് ശശി തരൂരിനെപോലെയൊരു നേതാവിനെ; എല്ലാ വിഭാഗങ്ങളെയും ആകർഷിക്കാൻ പ്രാപ്തിയുള്ള നേതാവിനെ കിട്ടിയാൽ ഉടൻ അഴിച്ചുപണിയെന്നും റിപ്പോർട്ട്; കേരളത്തിൽ ഗ്രൂപ്പ് പോരിൽ പാർട്ടിയുടെ വളർച്ച നിലച്ചെന്നും വിലയിരുത്തൽ
കോഴിക്കോട്: സംസ്ഥാന ബിജെപി. നേതൃത്വത്തിൽ അഴിച്ചുപണി അധികം വൈകാതെ ഉണ്ടായേക്കുമെന്ന് സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി, കോഴ വിവാദം എന്നിവയുടെ പശ്ചാത്തലത്തിൽ കെ സുരേന്ദ്രൻ ഉൾപ്പെടെ നേതൃത്വത്തിൽ കാര്യമായ അഴിച്ചുപണിയാണ് ഉദ്ദേശിക്കുന്നത്. എല്ലാ തലത്തിലും സ്വീകാര്യനായ ഒരു വ്യക്തിയെ കണ്ടെത്താനായാൽ പ്രസിഡണ്ടിനെ ഉടൻ മാറ്റിയേക്കുമെന്നാണ് വിവരം.
''സംസ്ഥാന നേതൃത്വത്തിൽ മാറ്റം വേണമെന്ന് കേന്ദ്രനേതൃത്വം തത്വത്തിൽ തീരുമാനിച്ചുകഴിഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് എല്ലാ തലങ്ങളിലും സ്വീകാര്യതയുള്ള ഒരു വ്യക്തിയെ കണ്ടെത്താനായാൽ ആ നിമിഷം തീരുമാനമുണ്ടാകുമെന്നാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നത്.'' ബിജെപിയുടെ കേന്ദ്രനേതൃത്വവുമായി അടുത്ത ബന്ധമുള്ള ഒരു സീനിയർ നേതാവ് വ്യക്തമാക്കി.
''നിലവിലുള്ള നേതൃത്വത്തിൽ കേന്ദ്രനേതൃത്വത്തിന് അസംതൃപ്തിയുണ്ട്. പക്ഷേ, പകരം ഒരാളെ കൊണ്ടുവരുമ്പോൾ ആ നേതാവ് എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിച്ച് കൊണ്ടുപോവാൻ കഴിയുന്ന ഒരാളായിരിക്കണം എന്ന് കേന്ദ്രനേതൃത്വത്തിന് നിർബ്ബന്ധമുണ്ട്. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും പാർട്ടിയെ കേരളത്തിൽ നയിക്കാൻ കഴിയുന്ന വ്യക്തിപ്രഭാവമുള്ള ഒരാളെയാണ് അഖിലേന്ത്യ നേതൃത്വം അന്വേഷിക്കുന്നത്. കോൺഗ്രസ് നേതാവ് ശശി തരൂരിനെപ്പോലെയുള്ള ഒരാളാണ് കേരളത്തിൽ ബിജെപിയെ നയിക്കേണ്ടതെന്നാണ് അഖിലേന്ത്യ നേതൃത്വം വിലയിരുത്തുന്നത്. ഇങ്ങനെയൊരാളെ കിട്ടിക്കഴിഞ്ഞാൽ നേതൃമാറ്റത്തിന് പിന്നെ താമസമുണ്ടാവില്ല.'' മാതൃഭൂമിയോട് പേര് വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത സീനിയർ നേതാവ് ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സവർണ്ണ വോട്ടുകളിൽ കാര്യമായ ചോർച്ചയുണ്ടായിട്ടുണ്ടെന്നാണ് ബിജെപി. അഖിലേന്ത്യ നേതൃത്വത്തിന് ലഭിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് വിശകലന റിപ്പോർട്ടുകളിലുള്ളത്. ന്യൂനപക്ഷ വോട്ടുകൾ ആകർഷിക്കുന്നതിനും കേരളത്തിൽ ബിജെപിക്കായിട്ടില്ല. ഇതര സംസ്ഥാനങ്ങൾ പോലെയല്ല കേരളമെന്നും കേരളത്തിൽ ചുരുങ്ങിയത് ക്രിസ്ത്യൻ വിഭാഗത്തെയെങ്കിലും കൂടെക്കൂട്ടാൻ പാർട്ടിക്കാവുന്നില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാവില്ലെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് സമർപ്പിച്ച തിരഞ്ഞെടുപ്പ് വിശകലനങ്ങളിൽ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത് എന്നാണറിയുന്നത്.
ഒരേസമയം എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യനായ ഒരു വ്യക്തിയാണ് പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായി വരേണ്ടതെന്ന നിലപാടിലേക്ക് അഖിലേന്ത്യ നേതൃത്വം എത്തിച്ചേർന്നിരിക്കുന്നത് കേരളത്തിൽനിന്നു ലഭിച്ചിട്ടുള്ള വ്യത്യസ്ത റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്.
ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അകമഴിഞ്ഞ പിന്തുണയാണ് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കേന്ദ്ര നേതൃത്വം നൽകിയതെന്ന് ബിജെപി. വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ സുരേന്ദ്രന് വലിയ സ്വാതന്ത്ര്യമുണ്ടായിരുന്നു. രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കാൻ സുരേന്ദ്രന് അനുമതി നൽകിയതും അനിതരസാധാരണമായ നടപടിയായിരുന്നു.
ഇത്രയും വലിയ പിന്തുണ ലഭിച്ചിട്ടും കേരളത്തിൽ പാർട്ടിക്ക് നേട്ടമുണ്ടാക്കാൻ കഴിയാതെ പോയതിലുള്ള ഉത്തരവാദത്വത്തിൽനിന്ന് സുരേന്ദ്രന് ഒഴിഞ്ഞുമാറാനാവില്ലെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം എന്നാണറിയുന്നത്. പകരം ഒരാളെ കിട്ടാത്തതുകൊണ്ടു മാത്രമാണ് സുരേന്ദ്രൻ ഇപ്പോഴും പ്രസിഡന്റായി തുടരുന്നതെന്നാണ് സൂചന.
കൂടാതെ ബിജെപിയിൽ ഗ്രൂപ്പ് പോര് രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിൽ പാർട്ടിയുടെ വളർച്ച നിലച്ചെന്നാണ് കേന്ദ്രത്തിന് മുന്നിലെത്തിയ ഒരു അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന നേതൃത്വത്തിനും വൻ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവും റിപ്പോർട്ടിൽ ഉയരുന്നുണ്ട്.
ജേക്കബ് തോമസ്, ഇ ശ്രീധരൻ, സിവി ആനന്ദബോസ് എന്നിവർ കേന്ദ്രനേതൃത്വത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ നിർദേശങ്ങൾ ഉള്ളത്. അധ്യക്ഷനെ മാറ്റുന്നതിനൊപ്പം പാർട്ടി പുനഃക്രമീകരണം വേണമെന്നും കേന്ദ്രനേതൃത്വത്തിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. ചില നേതാക്കൾ ഗ്രൂപ്പ് നേതാക്കളായി മാറിയത് പരാജയത്തിനും പാർട്ടിയുടെ ശോഷണത്തിനും കാരണമായെന്നും നേതാക്കൾ ഉയർത്തി.
തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ചും റിപ്പോർട്ടിൽ സൂചിപ്പിച്ചതായാണ് വിവരം. ഫണ്ടിനെ കുറിച്ച് ചില നേതാക്കൾക്ക് മാത്രമാണ് അറിവുണ്ടായിരുന്നത്. പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾക്ക് ആവശ്യമായ പണം ലഭിച്ചില്ല. ഫണ്ട് സ്വന്തമാക്കാൻ പല മണ്ഡലത്തിലും ശ്രമം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇത്തരമൊരു റിപ്പോർട്ട് ഇല്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.
പാർട്ടിക്ക് പുറത്തുനിന്ന് ഒരാളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാൻ ഇടക്കാലത്ത് അഖിലേന്ത്യ നേതൃത്വത്തിന് ആലോചനയുണ്ടായിരുന്നു. മുൻ ഐ.എ.എസ്. ഓഫിസർ എ.കെ. ശർമ്മയെ ഉത്തർപ്രദേശിൽ ബിജെപി. വൈസ് പ്രസിഡന്റാക്കിയതുപോലെ കേരളത്തിലും പാർട്ടി നേതൃത്വത്തിൽ ഒരു പ്രൊഫഷനലിനെ കൊണ്ടുവരാനുള്ള നീക്കമായിരുന്നു അത്. എന്നാൽ ഇ. ശ്രീധരനും ജേക്കബ്ബ് തോമസും നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് കേന്ദ്രനേതൃത്വത്തിന്റെ ചിന്തയിൽ മാറ്റമുണ്ടാക്കിയതായാണ് അറിയുന്നത്. രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇ. ശ്രീധരൻ വിജയിച്ചില്ലെന്ന വിലയിരുത്തലും കേന്ദ്ര നേതൃത്വത്തിനുണ്ട്.
ആർ.എസ്.എസ്. മുഖപ്രസിദ്ധീകരണമായ ഓർഗനൈസറിന്റെ എഡിറ്ററായിരുന്ന ആർ ബാലശങ്കറിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുണ്ടെന്ന് സൂചനയുണ്ട്. ക്രിസ്ത്യൻ വിഭാഗങ്ങളോടും എൻ.എസ്.എസ്. - എസ്.എൻ.ഡി.പി. സംഘടനകളോടും ബാലശങ്കറിനുള്ള അടുപ്പം കേന്ദ്രനേതൃത്വം കണക്കിലെടുത്തിട്ടുണ്ട്. എന്നാൽ ബാലശങ്കർ വരുന്നതിനോട് വി. മുരളീധരൻ - കെ. സുരേന്ദ്രൻ വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്.
എതിർഗ്രൂപ്പിൽനിന്ന് ഒരാൾ വന്നാലും ബാലശങ്കർ വേണ്ടെന്ന നിലപാടിലാണ് മുരളീധര - സുരേന്ദ്ര പക്ഷം. കഴിഞ്ഞയാഴ്ച ചേർന്ന ബിജെപി. സംസ്ഥാന സമിതി യോഗത്തിൽ നേതൃമാറ്റത്തിനു വേണ്ടിയുള്ള ആവശ്യം കാര്യമായി ആരും ഉയർത്തിയില്ല. പുറത്തു നിന്നൊരാൾ വേണ്ടെന്ന സുരേന്ദ്ര വിഭാഗത്തിന്റെ നിലപാടിനോട് കൃഷ്ണദാസ് പക്ഷത്തിനും യോജിപ്പുണ്ടെന്നതാണ് ഇത് തെളിയിക്കുന്നതെന്ന് യോഗത്തിൽ പങ്കെടുത്ത ഒരു നേതാവ് പറഞ്ഞു.
ആത്യന്തിക തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയുമായിരിക്കും. ആ തീരുമാനം നടപ്പാക്കുക എന്ന ഉത്തരവാദിത്വമായിരിക്കും ബിജെപി. അഖിലേന്ത്യ പ്രസിഡന്റ് ജെ.പി. നഡ്ഢയ്ക്കുണ്ടായിരിക്കുകയെന്നാണ് പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
അടുത്തിടെ നടത്തിയ ഡൽഹി യാത്രയിൽ കെ. സുരേന്ദ്രന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായില്ല എന്നത് ശ്രദ്ധേയമാണെന്നും ഈ വൃത്തങ്ങൾ പറയുന്നു. ''ഇപ്പോഴുള്ള നേതൃത്വവുമായി പാർട്ടി അണികൾക്ക് ഒരു ട്രസ്റ്റ് ഡെഫിസിറ്റ് (വിശ്വാസക്കുറവ്) ഉണ്ടെന്ന് കേന്ദ്ര നേതൃത്വം മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അഴിച്ചുപണി അനിവാര്യമാണ്. അതെപ്പോഴാണ് സംഭവിക്കുകയെന്ന് മാത്രമേ അറിയാനുള്ളു.''
ന്യൂസ് ഡെസ്ക്