- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിൽ ബിജെപിയുടെ വളർച്ചക്ക് തടസ്സം ഗ്രൂപ്പുകളുടെ പാരവെപ്പെന്ന് തിരിച്ചറിഞ്ഞ് കേന്ദ്ര നേതാക്കൾ; പാർട്ടിയിൽ ഒരുതരത്തിലുമുള്ള ഗ്രൂപ്പുപ്രവർത്തനം അനുവദിക്കില്ലെന്നു സംസ്ഥാനത്തെ നേതാക്കൾക്ക് മുന്നറിയിപ്പ്; കെ സുരേന്ദ്രന്റെ സ്ഥാനം തൽക്കാലം ആരും മോഹിക്കേണ്ടെന്ന് സൂചിപ്പിച്ചു ബി എൽ സന്തോഷ്
തിരുവനന്തപുരം: ബിജെപിയിലെ ഗ്രൂപ്പിസത്തിൽ നേതാക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രനേതൃത്വം സംസ്ഥാനത്തെ ബിജെപിയുടെ വളർച്ചക്ക് പ്രധാന തടസ്സം നേതാക്കളുടെ ഗ്രൂപ്പു കളിയാണെന്ന തിരിച്ചറിവിലാണ് കേന്ദ്ര നേതാക്കൾ. അതുകൊണ്ട് തന്നെ ഉടക്കുവെക്കുന്ന നേതാക്കളെ നേരിടാൻ തന്നെയാണ് പാർട്ടിയുടെ തീരുമാനംയ
പാർട്ടിയിൽ ഒരുതരത്തിലുമുള്ള ഗ്രൂപ്പുപ്രവർത്തനം അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ്. പാർട്ടിയിൽ കേഡർ നേതാക്കളും മാസ് നേതാക്കളും വേണം. ഗ്രൂപ്പ് വേണ്ടാ. എല്ലാവരെയും ഉൾപ്പെടുത്തിയും ഒറ്റക്കെട്ടായും മുന്നോട്ടുപോകണമെന്ന് സംസ്ഥാന നേതൃയോഗത്തിൽ ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ആർക്കും സ്ഥാനമാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കെ സുരേന്ദ്രന്റെ സ്ഥാനം ഉറപ്പിക്കുമെന്ന വ്യക്തമാക്കൽ കൂടിയായി.
അതേസമയം, പുനഃസംഘടനയുടെ ഭാഗമായി ഇനിയും മാറ്റങ്ങൾ ഉണ്ടാകാമെന്ന് സന്തോഷ് വ്യക്തമക്കി. എല്ലാവരെയും ഉൾപ്പെടുത്തിയും മുതിർന്ന നേതാക്കളുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തിയും മുന്നോട്ടുപോകാൻ സന്തോഷ് ആവശ്യപ്പെട്ടു. മുതിർന്നവർ പ്രധാനവും ബഹുമാനിക്കപ്പെടേണ്ടതുമാണെങ്കിലും ഗുണത്തിനാണ് പ്രാധാന്യം. അച്ചടക്കനടപടി അവസാനത്തെ നീക്കമാണ്. പാർട്ടി ചുമതലയുള്ള പ്രഭാരിമാർ ചടങ്ങുകളിൽ പങ്കെടുത്ത് ഫോട്ടോയെടുത്തു മടങ്ങരുത്. അവിടെ തങ്ങി പാർട്ടിയെ ശക്തിപ്പെടുത്താൻ ജോലിചെയ്യണം -സന്തോഷ് ആവശ്യപ്പെട്ടു.
സന്തോഷിന്റെ സാന്നിധ്യത്തിൽ യോഗത്തിൽ പങ്കെടുത്തവർ വിമർശനത്തിന് തയ്യാറായില്ല. സംസ്ഥാന ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണനും യോഗത്തിൽ പങ്കെടുത്തു. സംഘടനയുടെ ഘടനയിൽ പരിഷ്ക്കരണങ്ങൾ കൊണ്ടുവരാനും നേതാക്കൾ ശ്രമിക്കുന്നുണ്ട്. പാർട്ടി പോഷകഘടകങ്ങളുടെയും ജില്ലകളിലെയും പ്രഭാരിമാരെ മാറ്റി പുതിയ നേതാക്കളെ നിശ്ചയിച്ചു. ഇനിമുതൽ ജില്ലകളിൽ സഹപ്രഭാരിമാരുണ്ടാകും. ഇതോടെ പാർട്ടിയുടെ സംഘടനാചുമതലയുള്ള പ്രഭാരിമാരുടെ എണ്ണം കൂടും.
140 മണ്ഡലം കമ്മിറ്റികളും വിഭജിക്കാനുള്ള തീരുമാനം അംഗീകരിച്ചതോടെ ഭാരവാഹികളുടെ എണ്ണവും ഇരട്ടിക്കും. നിലവിലെ മണ്ഡലം ഭാരവാഹികൾ തുടരുമെന്ന് ഉറപ്പില്ല. അടുത്ത ദിവസംമുതൽ മണ്ഡലം കമ്മിറ്റികൾ വിഭജിച്ച് ഭാരവാഹികളെ നിശ്ചയിക്കുന്നതിലേക്ക് പാർട്ടി കടക്കും. ജില്ലാപ്രസിഡന്റുമാർ, ഉപസമിതി ഭാരവാഹികൾ തുടങ്ങിയവരുടെ യോഗവും ബുധനാഴ്ച നടന്നു.
അതേസമയം ബിജെപി സംസ്ഥാന നേതൃത്വത്തെ വിമർശിച്ചു ബിജെപി മുൻ നേതാവ് പി പി മുകുന്ദൻ വീണ്ടും രംഗത്തുവന്നിരുന്നു. ബത്തേരി കോഴക്കേസ്, കൊടകര കള്ളപ്പണ ഇടപാട്, ഇന്ധനവില വർധന എന്നിവയെല്ലാം പ്രവർത്തകരെ ബിജെപിയിൽനിന്ന് അകറ്റി. തിരുവനന്തപുരം മുതൽ കാസർകോട് വരെ ഇതിനോടകം പതിനായിരത്തിന് മുകളിൽ പ്രവർത്തകർ പാർട്ടി വിട്ടുവെന്നാണ് തനിക്ക് ജില്ലകളിൽ നിന്ന് ലഭിച്ച കണക്കെന്നും മുകുന്ദൻ ആരോപിച്ചു.
നേതാക്കൾ തമ്മിൽ ഐക്യവും മനപ്പൊരുത്തവുമില്ല. പ്രവർത്തകർ നിരാശരും നിസ്സംഗരുമായി മാറി. കെ സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് വന്നതുമുതൽ പ്രശ്നങ്ങൾ രൂക്ഷമായി. എന്തു കൊണ്ടാണ് കേന്ദ്രം ഇക്കാര്യത്തിൽ ചിറ്റമ്മനയം എടുക്കുന്നത് എന്ന് മനസ്സിലാകാത്തതു കൊണ്ടാണ് കേന്ദ്രത്തിന് ഇ മെയിൽ അയച്ചതെന്നും പത്രങ്ങളോട് ഇക്കാര്യങ്ങൾ വിശദീകരിച്ചതെന്നും പി പി മുകുന്ദൻ വ്യക്തമാക്കി.
വി.മുരളീധരൻ കേന്ദ്രമന്ത്രിയായതുകൊണ്ട് കേരളത്തിനും പാർട്ടിക്കാർക്ക് പോലും ഒരു ഗുണവുമുണ്ടായിട്ടില്ലെന്ന് പിപി മുകുന്ദൻ പറഞ്ഞു. സംസ്ഥാന ബിജെപിയിലെ നേതാക്കളുടെ തമ്മിലടി കാരണം പ്രവർത്തകർക്ക് മനംമടുത്തിട്ടുണ്ടെന്നും അതുകൊണ്ട് നിരവധി പ്രവർത്തകർ പാർട്ടി വിട്ട് പോകുന്നതെന്നും മുകുന്ദൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ