- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപിൽ ഭരണസ്തംഭനമെന്ന് ബിജെപി നേതാവ്; മോദിക്കയച്ച കത്ത് പുറത്ത്; അഡ്മിനിസ്ട്രേറ്റർ ദ്വീപ് സന്ദർശിച്ചത് വെറും മൂന്ന് തവണ മാത്രം; പരിഷ്കാരങ്ങൾ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു; ലക്ഷദ്വീപ് ഭരണം പഴയതുപോലെ പുനഃസ്ഥാപിക്കണമെന്നും ബിജെപി ജന. സെക്രട്ടറി
കവരത്തി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് അവിടത്തെ ബിജെപി. ജനറൽ സെക്രട്ടറി എച്ച്.കെ. മുഹമ്മദ് കാസിം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് പുറത്ത്. അഡ്മിനിസ്ട്രേറ്ററായി പ്രഫുൽ പട്ടേൽ എത്തിയതിനു പിന്നാലെ നടത്തിയ പരിഷ്കാരങ്ങൾ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഏപ്രിൽ 20-ആണ് കത്തിലെ തിയതി.
ലക്ഷദ്വീപിലെ കർഷകർക്ക് നൽകി വന്ന സഹായങ്ങൾ നിർത്തലാക്കിയതിനെ കുറിച്ചും സ്കൂളുകൾ അടച്ചുപൂട്ടിയതിനെ കുറിച്ചും കരാർ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ പിരിച്ചുവിട്ടതിനെ കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്. ദിനേശ്വർ ശർമയുടെ മരണശേഷം ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ ചുമതല വഹിക്കുന്ന പ്രഫുൽ പട്ടേൽ, ലക്ഷദ്വീപിൽ വരാറില്ലെന്നും മുഹമ്മദ് കാസിം കത്തിൽ പറയുന്നു.
2020 ഒക്ടോബറിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല ഏറ്റെടുത്തതിനു ശേഷം വെറും മൂന്നുതവണ മാത്രമാണ് പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലേക്ക് വന്നത്. ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന ഹ്രസ്വസന്ദർശനങ്ങളായിരുന്നു അവ. കഴിഞ്ഞ രണ്ടുമാസമായി പട്ടേൽ ലക്ഷദ്വീപിൽ എത്തിയിട്ടില്ലെന്നും കാസിം കത്തിൽ പറയുന്നു. ലക്ഷദ്വീപിൽ ഭരണസ്തംഭനമാണെന്നും അദ്ദേഹം പറയുന്നു.
ലക്ഷദ്വീപിന്റെ നിലവിലെ അവസ്ഥ പരിതാപകരമാണെന്നും ദ്വീപുകളിലെ ആളുകളുടെ വിഷമങ്ങൾ പരിഹരിക്കാൻ ആരുമില്ലെന്നും കാസിം കത്തിൽ ചൂണ്ടിക്കാണിക്കുന്നു. അതിനാൽത്തന്നെ ലക്ഷദ്വീപ് ഭരണം പഴയതുപോലെ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര പുനരാലോചന നടത്തണമെന്നും കാസിം കത്തിൽ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
മറുനാടന് മലയാളി ബ്യൂറോ