ഭോപ്പാൽ : വിദേശയാത്രയ്ക്കു പോയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിവാദത്തിലാക്കാൻ ഉറച്ച് ബിജെപി. എവിടെയാണെന്നു കണ്ടുപിടിക്കുന്നവർക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നൽകുമെന്ന് ബിജെപി മധ്യപ്രദേശ് വക്താവ് ബിജേന്ദ്ര സിങ് സിസോദിയ വ്യക്തമാക്കി. ഇതിലൂടെ രാഹുലിന്റെ വിദേശയാത്രയിൽ പുതിയ വിവാദം ഉണ്ടാക്കാനാണ് ശ്രമം.

രാഹുൽ എവിടെയാണുള്ളതെന്നു സൂചന നൽകുന്നവർക്ക് സ്വന്തം പോക്കറ്റിൽനിന്ന് ഒരു ലക്ഷം രൂപ സമ്മാനമായി നൽകുമെന്നാണ് ബിജേന്ദ്ര സിങ് സിസോദിയ പറഞ്ഞത്. മുൻപ് ഇത്തരത്തിൽ രാഹുൽ വിദേശയാത്ര നടത്തിയപ്പോൾ, ആത്മപരിശോധന നടത്താനും സ്വയം 'റീചാർജ്' ചെയ്യാനുമാണ് യാത്രയെന്നാണ് കോൺഗ്രസ് പറഞ്ഞിരുന്നത്. ഇത്തവണ രാഹുൽ എവിടെയാണ് പോയതെന്ന് രാജ്യത്തിന് അറിയണം. എങ്ങനെയാണ് വിദേശയാത്രകളിലൂടെ രാഹുൽ സ്വയം റീചാർജ് ചെയ്യുന്നതെന്നും ബിജേന്ദ്ര സിങ് ചോദിച്ചു.

ഏതാനും ദിവസം നീളുന്ന വിദേശയാത്രയ്ക്കു പുറപ്പെടുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ട്വിറ്ററിലൂടെ രാഹുൽ അറിയിച്ചത്. പക്ഷേ, ഏതു രാജ്യമാണു സന്ദർശിക്കുന്നതെന്നു വ്യക്തമാക്കിയില്ല. ഞായറാഴ്ച, 46-ാം ജന്മദിനത്തിൽ രാഹുലിനെ പാർട്ടി അധ്യക്ഷനാക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിനു പിന്നാലെയായിരുന്നു വിദേശയാത്രയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷം രാഹുൽ ഗാന്ധിയുടെ 56 ദിവസം നീണ്ട അജ്ഞാതവാസം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കു വഴിയൊരുക്കിയിരുന്നു.

അതിനിടെ രാഹുലിന്റെ യാത്രയുടെ വിശദാംശങ്ങൾ കണ്ടെത്താൻ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ശ്രമം തുടങ്ങിയിട്ടുണ്ട്. മുമ്പുള്ള യാത്രകൾ പലതും വിവാദത്തിൽപ്പെട്ടിരുന്നു. വിദേശത്ത് ധ്യാനത്തിൽ ഏർപ്പെട്ട് മനസ്സിനെ ശക്തിപ്പെടുത്തുകയായിരുന്നു എന്നാണ് ഇതേക്കുറിച്ച് പുറത്തു വന്ന വിവരങ്ങൾ. എന്നാൽ ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടില്ല. ഇതിനു പിന്നാലെയാണ് ഇക്കൊല്ലവും രാഹുൽഗാന്ധി അജ്ഞാതവാസത്തിന് പോയത്. ഇതിലെ സത്യം കണ്ടെത്തുമെന്ന ഉറച്ച നിലപാടിലാണ് സുബ്രഹ്മണ്യം സ്വാമി. കോൺഗ്രസിനെ വീണ്ടും വിവാദത്തിലാക്കുകയാണ് സുബ്രഹ്മണ്യം സ്വാമിയുടെ ലക്ഷ്യം. കഴിഞ്ഞ തവണ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തൊട്ടുമുൻപ് രാഹുൽ അപ്രഖ്യാപിത അവധിയെടുത്ത് വിദേശത്തേക്ക് പോയത് ഏറെ വിവാദമായിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലും പിന്നീട് സെപ്റ്റംബറിലും രാഹുൽ ഗാന്ധി അപ്രതീക്ഷിതമായി വിദേശയാത്ര നടത്തിയിരുന്നു. ഫെബ്രുവരിയിൽ നിർണായക ബജറ്റ് സമ്മേളനത്തിന് മുൻപ് പാർട്ടിയിൽ നിന്ന് പെട്ടെന്ന് അവധിയെടുത്ത് വിദേശത്ത് പോയ രാഹുൽ 56 ദിവസത്തിന് ശേഷമാണ് മടങ്ങിയെത്തിയത്. പിന്നീട് സെപ്റ്റംബറിലും രാഹുൽ അപ്രതീക്ഷിത വിദേശയാത്ര നടത്തി. ഇത് വിവാദമായപ്പോൾ ആസ്‌പെന്നിൽ ആഗോള സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കുന്ന ചിത്രം പുറത്ത് വിട്ട് രാഹുൽ തന്നെ ഇതിന് മറുപടി നൽകുകയായിരുന്നു. എന്നാൽ അതും ഏറെ വിവാദങ്ങളിൽ കുടുങ്ങി.

അതിനിടെ രാഹുൽ വിദേശയാത്രകഴിഞ്ഞ് തിരിച്ചെത്തിയാൽ കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കുമെന്ന സൂചനയും ഉണ്ട്. അമ്മ സോണിയാ ഗാന്ധിയിൽ നിന്ന് കോൺഗ്രസ് അധ്യക്ഷ പദം ഏറ്റെടുക്കുന്നതിന് മുന്നോടിയാണ് രാഹുലിന്റെ യാത്രയെന്ന് അദ്ദേഹത്തോടൊപ്പമുള്ളവർ പറയുന്നു.