കാസർകോട്: പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം സി കെ പത്മനാഭൻ രം​ഗത്ത്. ഗെയിൽ പൈപ്പ് ലൈൻ, ദേശീയ പാതാ വികസന പദ്ധതികളുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിക്ക് മുതിർന്ന ബിജെപി നേതാവിന്റെ പ്രശംസ. കേരളത്തിന്റെ പശ്ചാത്തല വികസനത്തിന് കരുത്ത് പകരുന്ന ഗെയിൽ ഗ്യാസ് പൈപ്പ് ലൈൻ, ദേശിയ പാത വികസനം പദ്ധതികൾ യാഥാർഥ്യമാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വപരമായ ഇടപെടൽ അഭിനന്ദനം അർഹിക്കുന്നുവെന്ന് സി കെ പത്മനാഭൻ പറഞ്ഞു.

ഗെയിൽ പദ്ധതി വിജയകരമായി എത്തിച്ചതിൽ മുഖ്യമന്ത്രിയുടെ വളരെ ശക്തമായ നിലപാട് സ്വാധീനമുണ്ട്. അതിനെ സ്വാഗതം ചെയ്യുകയാണ്. ദേശീയപാതാവികസനം കേന്ദ്രസർക്കാരിന്റെ അജണ്ടയാണ്. കേന്ദ്ര ഗതാഗത-ദേശീപാതാ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ അവിടെ പോയി മുഖ്യമന്ത്രി പിണറായി വിജയൻ കാണുകയും, ഗഡ്കരി ഇവിടെ വന്ന് മുഖ്യമന്ത്രിയെ കാണുകയുമെല്ലാം ചെയ്തു. മുഖ്യമന്ത്രിയെയും കേന്ദ്രമന്ത്രിയെയും അഭിനന്ദിക്കണമെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു.

ദേശീയ പാതാ വികസനവും ഗെയിൽ വാതക പെപ്പ് ലൈൻ പദ്ധതി പൂർത്തികരണവും സർക്കാരിന് വെല്ലുവിളിയായിരിക്കുമെന്നും അത് അത്ര എളുപ്പമായിരിക്കില്ലെന്നും പറയുന്ന കെ സുരേന്ദ്രന്റെ 2016 മെയിലെ ഫേസ്‌ബുക്ക് കുറിപ്പ് ഈയിടെ ചർച്ചയായിരുന്നു. പദ്ധതി നടപ്പിലാക്കിയാൽ പിണറായി വിജയൻ നിശ്ചയദാർഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരുമെന്നും കെ സുരേന്ദ്രൻ വെല്ലുവിളിച്ചിരുന്നു. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി സംസ്ഥാന പൂർത്തിയാക്കിയതിനെ പിന്നാലെ ട്രോളന്മാരാണ് പഴയ എഫ്ബി പോസ്റ്റ് കുത്തിപ്പൊക്കിയത്.