ന്യൂഡൽഹി: പാർലമെന്റിനെ സ്തംഭിപ്പിക്കുന്ന വിധത്തിലേക്ക് പ്രതിപക്ഷ പാർട്ടികൾക്ക് ഇടനൽകിയത് ബിജെപി മന്ത്രി നിരജ്ഞൻ ജ്യോതി നടത്തിയ പ്രസ്താവനയായിരുന്നു. മുസ്ലിംങ്ങളും ക്രൈസ്തവരും രാമന്റെ മക്കളാണെന്നായിരുന്നു നിരജ്ഞൻ ജ്യോതിയുടെ പ്രസ്താവന. ഇതിനെ തുടർന്നുണ്ടായ സഭാ സ്തംഭനം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ഇത് കൂടാതെ ഇപ്പോഴിതാ ബിജെപി എംപി സാക്ഷി മഹാരാജും വിവാദ പ്രസ്താവന നടത്തിയിരിക്കുന്നു. രാഷ്ടപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെ ദേശസ്‌നേഹിയാണെന്നായിരുന്നു സാക്ഷി മഹാരാജിന്റെ പ്രസ്താവന.

പാർലമെന്റിന് പുറത്ത് മാദ്ധ്യമപ്രവർത്തകരോടായിരുന്നു എംപിയുടെ ഈ അഭിപ്രായ പ്രകടനം. ഗോഡ്‌സെ മാത്രമല്ല, മഹാത്മാ ഗാന്ധിയും രാജ്യത്തിന് വേണ്ടി ഒരുപാട് ചെയ്തിട്ടുണ്ട്. മഹാത്മാ ഗാന്ധിയോട് ചിലപ്പോൾ ഗോഡ്‌സെയ്ക്ക് ദേഷ്യം തോന്നിയിരിക്കാം. എന്നാൽ ഗോഡ്‌സെ ഒരിക്കലും ഒരു ചതിയനല്ല രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവച്ചുകൊന്ന ഗോഡ്‌സെയെക്കുറിച്ച് മഹാരാജ് പറഞ്ഞു. എന്നാൽ വാക്ക് പടിവിട്ട് പോകുമെന്ന് ഉറപ്പായതോടെ അദ്ദേഹം തന്നെ വാക്കു തിരുത്തി.

ഗോഡ്‌സെ രാജ്യസ്‌നേഹിയാണ് എന്ന് ഞാൻ കരുതുന്നില്ല. അറിയാതെ ഞാനെന്തെങ്കിലും പറഞ്ഞുപോയിട്ടുണ്ടെങ്കിൽ അത് തിരിച്ചെടുക്കുന്നു. ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ്. ആളുകൾക്ക് ഒരു കല്ലിനെ വേണമെങ്കിലും ദൈവമായി കരുതാം. ഞാനെന്ത് ചെയ്യാനാണ്. അതുപോലെ തന്നെ ആർക്കെങ്കിലും ഗോഡ്‌സെ ശൗര്യദിവസം ആഘോഷിക്കുന്നുണ്ടെങ്കിൽ അതിലും എനിക്കൊന്നും ചെയ്യാനില്ല സാക്ഷി മഹാരാജ് പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹാരാഷ്ട്രയിൽ ഒരു സംഘം ആളുകൾ നാഥുറാം വിനായക് ഗോഡ്‌സെ ശൗര്യദിവസം ആഘോഷിക്കുന്നത് രാജ്യസഭയിൽ ബഹളങ്ങൾക്ക് കാരണമായിരുന്നു.രാജ്യസഭ പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിർത്തിവച്ച സമയത്തായിരുന്നു ഭരണമുന്നണി എംപിയുടെ വിവാദ പ്രസ്താവന. ആർഎസ്എസിന്റെ കീഴിലുള്ള ബജ്‌രംഗ് ദൾ ഉൾപ്പെടെയുള്ള സംഘടനകൾ ചേർന്നാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നും കേന്ദ്ര സർക്കാർ ഇതിന് ഉത്തരം നൽകണമെന്നും വിഷയം അവതരിപ്പിച്ച കോൺഗ്രസ് എംപിമാർ ആവശ്യപ്പെട്ടു. ഗോഡ്‌സെയെ ആദരിക്കുന്നതിനോട് സർക്കാരിന് വിയോജിപ്പാണുള്ളതെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു സഭയെ അറിയിക്കുകയായിരുന്നു.

1948 ജനുവരി 30 നാണ് നാഥുറാം വിനായക് ഗോഡ്‌സെ മഹാത്മാ ഗാന്ധിയെ വെടിവച്ചുകൊന്നത്. ഗോഡ്‌സെയെ പിന്നീട് വധശിക്ഷയ്ക്ക് വിധേയനാക്കുകയായിരുന്നു.