ഭോപ്പാൽ: മധ്യപ്രദേശ് ഭരിക്കുന്നത് 'ശിവൻ' ആയതിനാൽ കോവിഡ് 19 ദുരന്തം വിതയ്ക്കില്ലെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ 'വിഷ്ണു'ആണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെയും ബിജെപി സംസ്ഥാന അധ്യക്ഷൻ വിഷ്ണു ദത്ത് ശർമയെയും പുകഴ്‌ത്തിയാണ് തരുൺ ചുഗിന്റെ പരാർശം. ' ബിജെപി സംസ്ഥാന അധ്യക്ഷൻ വിഷ്ണുവും മുഖ്യമന്ത്രി ശിവനുമായിരിക്കുമ്പോൾ എങ്ങനെ കൊറോണയ്ക്ക് മധ്യപ്രദേശിൽ ദോഷം വിതയ്ക്കാൻ സാധിക്കും'- തരുൺ ട്വിറ്ററിൽ കുറിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബിജെപി പ്രവർത്തകർക്ക് പരിശീലനം നൽകുന്ന ക്യാമ്പിൽ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ബിജെപി നേതാവിന്റെ പ്രതികരണത്തിന് എതിരെ കോൺഗ്രസ് രംഗത്തെത്തി. ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തി അണികളിൽ നിന്ന് കയ്യടി വാങ്ങാൻ മാത്രമാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ജനുവരി മുതൽ മെയ് വരെ 3.28ലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ചതായും കോൺഗ്രസ് ചൂണ്ടിക്കാട്ടി.

ബിജെപി പ്രവർത്തകരും നേതാക്കളും അടക്കമുള്ള 3,500 പേർ മരിച്ചെന്ന് തരുൺ തന്നെ നേരത്തെ സമ്മതിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു. കോവിഡ് 19 നാശം വിതച്ചപ്പോൾ ശിവരാജും വിഷ്ണു ദത്തും എവിടെയായിരുന്നുവെന്ന് തരുൺ വ്യക്തമാക്കണം. അവർ ഉറങ്ങുകയായിരുന്നോ? ഭാവിയിൽ അവർ എങ്ങനെ പകർച്ചവ്യാധിയെ നിയന്ത്രിക്കുമെന്നും ഗുപ്ത ചോദിച്ചു. ചിലർ തങ്ങൾ ദൈവങ്ങളാണെന്ന് തെറ്റിദ്ധരിച്ച് നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, തരുണിന്റെ പരാമർശം വിവാദമാക്കേണ്ടതില്ലെന്നാണ് സംസ്ഥാന ബിജെപി നിലപാട്. മുഖ്യമന്ത്രിയുടെയും സംസ്ഥാന പ്രസിഡന്റിന്റെയും പേരുകളാണ് അദ്ദേഹം പറഞ്ഞതെന്ന് സംസ്ഥാന സെക്രട്ടറി രജ്നീഷ അഗർവാൾ പറഞ്ഞു. മഹാമാരി തടയാൻ ബിജെപി സർക്കാർ കഠിനമായി പ്രയത്നിക്കുമ്പോൾ പ്രതിസന്ധിഘട്ടത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുക മാത്രമാണ് കോൺഗ്രസ് ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു.