ന്യൂഡൽഹി: പാർട്ടിക്കുള്ളിൽ പ്രശ്‌നങ്ങൾ പുകയുന്നുവെന്നു വ്യക്തമാക്കി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കു ബിജെപി നേതാവിന്റെ കത്ത്. ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി ശാന്തകുമാറാണു ബിജെപി ദേശീയ അധ്യക്ഷനു പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കത്തയച്ചത്.

അഴിമതിക്കേസുകൾ പാർട്ടിയെ ബാധിച്ചു. വ്യാപം അഴിമതിക്കേസ് പാർട്ടിയുടെ മുഖഛായക്ക് കളങ്കം ഉണ്ടാക്കി. അടുത്തിടെയായുണ്ടാകുന്ന വിവാദങ്ങൾ പാർട്ടിയുടെ പ്രതിഛായയെ കാര്യമായി ബാധിച്ചെന്നും കത്തിൽ ശാന്തകുമാർ പറഞ്ഞു.

അഴിമതി ഇല്ലാതാക്കുന്നതിന് ലോക്പാൽ മാതൃകയിൽ എത്തിക്‌സ് കമ്മിറ്റിയെ നിയോഗിക്കണമെന്നും ശാന്തകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ കൻഗ്രയിൽ നിന്നുള്ള എംപിയാണ് ശാന്തകുമാർ.

ബിജെപിയുടെ യാത്ര വളരെ വലുതാണ്. നിരവധി കാര്യങ്ങൾ നേടാൻ പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. ഇതിൽ അണികൾ വലിയ അഭിമാനിതരും ആയിരുന്നു. എന്നാൽ നടക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ടായി. ഇത് പാർട്ടി അണികളെ വേദനിപ്പിച്ചു. തന്റെ കാഴ്ചപ്പാടുകളാണ് കത്തിലൂടെ അമിത് ഷായെ അറിയിച്ചത്. അതിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് കരുതുന്നില്ല. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും ശാന്ത കുമാർ വ്യക്തമാക്കി.

അഴിമതി കാരണം എല്ലാ പാർട്ടി അണികളുടെയും തല നാണം കൊണ്ട് കുനിക്കേണ്ടി വന്നുവെന്നാണ് അദ്ദേഹം കത്തിലൂടെ വ്യക്തമാക്കിയത്. ബിജെപിയിൽ അഴിമതിയുമായി ബന്ധപ്പെട്ടകാര്യങ്ങൾ നോക്കാൻ ആഭ്യന്തര ലോക്പാൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിന്ദിയിൽ എഴുതിയ കത്തിന്റെ പകർപ്പ് അദ്ദേഹം ട്വിറ്ററിലും ഫേസ്‌ബുക്കിലും ഇട്ടിരുന്നു. അതേസമയം, കത്ത് പരസ്യമായതിനെ തുടർന്ന് ശാന്തകുമാറിനെ പാർട്ടി താക്കീത് ചെയ്തു.