തിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചക്കിടെ കൊലവിളിയും കൊലപാതക ഭീഷണിയുമായി ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ. ന്യൂസ് 18 ചാനലിൽ നടന്ന ചർച്ചയിലാണ് സിപിഎം നേതാവ് സതി ദേവിക്കെതിരെ ഗോപാലകൃഷ്ണൻ ഭീഷണിയും കൊലവിളിയുമായി എത്തിയത്.

വനിത പൊലീസുകാരെ ശബരിമലയിൽ ഡ്യൂട്ടിക്ക് നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗോപാലകൃഷ്ണൻ. വനിതാ പൊലീസുകാരെ ഞങ്ങൾ ശബരിമലയിലേക്ക് കയറ്റില്ല, അതിൽ ഒരു സംശയവും വേണ്ടെന്ന് പറഞ്ഞ ബിജെപി നേതാവ് 'സതിദേവി അടക്കമുള്ളവർ അയ്യപ്പനോട് മാപ്പു പറഞ്ഞ് നിലപാട് തിരുത്തണം, ഇല്ലെങ്കിൽ നിങ്ങളുടെ ജഡം പോലും ഉണ്ടാവില്ല കേരളത്തിൽ. കൊത്തിപ്പറക്കും കൃഷ്ണപ്പരുന്ത്. വിശ്വാസികളോട് കളിച്ചാൽ ഈ നാട്ടിൽ കമ്മ്യൂണിസം ഇല്ലാതാവും'. എന്ന് കൂട്ടിച്ചേർത്തു.

ഇതാദ്യമായല്ല ഗോപാലകൃഷ്ണൻ ചാനൽ ചർച്ചയിൽ ഇത്തരത്തിൽ തെറി വിളിയും, കൊലവിളി പ്രസ്താവനകളും നടത്തുന്നത്. ഇപ്പോൾ നടക്കുന്ന സമരത്തിൽ രാഷ്ട്രീയമില്ലെന്നാണ് ഗോപാലകൃഷ്ണൻ പറയുന്നത്. ഈ പ്രതിഷേധസമരത്തിൽ എല്ലാവരുമുണ്ട്. ബിജെപി നടത്തുന്ന സമരമല്ല ഇതെന്നും വിശ്വാസികളായ അയ്യപ്പന്മാരാണ് സമരമുഖത്തുള്ളതെന്നും ഗോപാലകൃഷ്ണൻ പറയുന്നു. ഇതിൽ രാഷ്ട്രീയമില്ലെന്ന് ആവർത്തിക്കുന്ന ഗോപാലകൃഷ്ണൻ പക്ഷെ കൊലവിളി നടത്തുകയാണ്. ഗോപാലകൃഷ്ണനെ കൂടാതെ എംഎൻ കാരശ്ശേരി, സതീ ദേവി, കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരാണ് പാനലിൽ ഉണ്ടായിരുന്നത്.

അവതാരകനായ ഇ സനീഷ് ഇടപെട്ട് ഗോപാലകൃഷ്ണന്റെ സംസാരം അവസാനിപ്പിക്കുകയാണ്. അങ്ങനെയൊന്നും പറഞ്ഞുകളയരുത് ശ്രീ ഗോപാലകൃഷ്ണൻ എന്നാണ് അവതാരകൻ ആവശ്യപ്പെടുന്നത്. ശരണം വിളികേട്ട് തെരുവിലിറങ്ങുന്ന അമ്മമാരും അയ്യപ്പഭക്തന്മാരും ഒരു കാരണവശാലും വനിത പൊലീസിനേയും അങ്ങോട്ട് കടത്തിവിടില്ലെന്നും ഗോപാലകൃഷ്ണൻ പറയുന്നു.ഈ നാട്ടിലെ വിശ്വാസികൾ വരും എന്ന് പറഞ്ഞാണ് ഗോപാലകൃഷ്ണൻ കൊലവിളി നടത്തുന്നത്.

മര്യാദയ്ക്ക് നിലപാട് തിരുത്തിയില്ലെങ്കിൽ കേരളത്തിൽ നിങ്ങളുടെ ജഡം വീഴും. അതിന് ഇടയാക്കരുത്. വേഗം അയ്യപ്പനോട് മാപ്പ് പറഞ്ഞ് തിരിച്ച് പൊയ്‌ക്കോ. കമ്മ്യൂണിസം ഇല്ലാതാകും എന്നാണ് ഭീഷണി. ഈ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പര്ചരിക്കുകയാണ്. വലിയ രീതിയിലുള്ള പ്രതിഷേധമാണ് വിഷയത്തിൽ ഉയരുന്നത്. ബിജെപി നേതാവിനെതിരെ കേസെടുക്കണമെന്ന് തന്നെയാണ് ആവശ്യമുയരുന്നതും. ഇയാൾക്കെതിരെ നിയമ നടപടിയെടുക്കണമെന്നും ബിജെപിയുടെ വിഷ ചിന്താഗതിയാണ് ഇയാളിലൂടെ പുറത്ത് വരുന്നതെന്നും അഭിപ്രായങ്ങളുണ്ട്.