- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം വിദ്വേഷ പോസ്റ്റ്; ബിജെപി നേതാവിനെ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്; നടപടി, കരുണാനിധി ഉൾപ്പെടെ നേതാക്കൾക്കെതിരായ അധിക്ഷേപങ്ങളിൽ
ചെന്നൈ: ട്വിറ്ററിൽ ഉൾപ്പെടെ വിദ്വേഷ കമന്റുകൾ പതിവായി പോസ്റ്റ് ചെയ്ത ബിജെപി നേതാവിനെ രാത്രി വീട്ടിൽ കയറി അറസ്റ്റു ചെയ്ത് തമിഴ്നാട് പൊലീസ്. ബിജെപി സംസ്ഥാന പ്രവർത്തകസമിതി അംഗം കൂടിയായ ആർ. കല്യാണരാമനെതിരെയാണ് നടപടി സ്വീകരിച്ചത്. ഇയാൾക്കെതിരെ ഒട്ടേറെ പരാതികൾ ലഭിച്ചിരുന്നു. കല്യാണരാമനെ ചെന്നൈ പൊലീസിന്റെ സൈബർ ക്രൈം വിഭാഗമാണ് പിടികൂടിയത്.
മുൻ മുഖ്യമന്ത്രി കരുണാനിധി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരേ ഇയാൾ അധിക്ഷേപകരമായ പോസ്റ്റിട്ടിരുന്നു. നടിയും ഡോക്ടറുമായ ശർമിളയ്ക്കെതിരേയും അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയിരുന്നു. മുസ്ലിം വിരുദ്ധ പരാമർശങ്ങളടങ്ങിയ പോസ്റ്റുകളും ഇയാൾ പങ്കുവെച്ചു. തുടർന്ന് ഡിഎംകെ എംപി ഡോ, സെന്തിൽ കുമാർ, തണ്ടയാർപ്പേട്ട സ്വദേശിയായ അഭിഭാഷകൻ തുടങ്ങി നിരവധി വ്യക്തികളും സംഘനടകളും ഇയാൾക്കെതിരേ പരാതിയുമായി രംഗത്തെത്തി.
മതാടിസ്ഥാനത്തിൽ ആളുകൾക്കിടയിൽ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ളതാണ് കല്യാണരാമന്റെ പോസ്റ്റുകളെന്നായിരുന്നു പരാതി. രണ്ടുമാസത്തിനിടെയുള്ള 18 ട്വീറ്റുകൾ വർഗീയ സ്വഭാവമുള്ളതാണെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. തുടർന്നാണ് കഴിഞ്ഞദിവസം രാത്രി പൊലീസ് കല്ല്യാണരാമനെ വീട്ടിൽക്കയറി കസ്റ്റഡിയിലെടുത്തത്. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ബിജെപി. റാലിയിൽ മുസ്ലിം വിഭാഗത്തിനെതിരേ നടത്തിയ പരാമർശങ്ങൾക്ക് കഴിഞ്ഞ ഫെബ്രുവരിയിലും കല്യാണരാമൻ അറസ്റ്റിലായിരുന്നു.
വിവിധ സംഘടനകളും വ്യക്തികളും നിരന്തരം പരാതികൾ നൽകിയതോടെയാണ് തമിഴ്നാട് പൊലീസ് കർശന നടപടി സ്വീകരിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 (എ) (വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള ശത്രുത പ്രോത്സാഹിപ്പിക്കൽ), 505 (2) എന്നീ വകുപ്പുകളാണ് കല്യാണരാമനെതിരെ ചുമത്തിയിട്ടുള്ളത്. ഇയാളുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടികളും പൊലീസ് സ്വീകരിച്ചേക്കും.
ഭാരതീയ ജനതാ മസ്ദൂർ മഹാസംഘത്തിന്റെ മുൻ ദേശീയ സെക്രട്ടറിയായ കല്യാണരാമൻ നേരത്തെ രണ്ടുതവണ അറസ്റ്റിലായിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ, ബിജെപി തിരഞ്ഞെടുപ്പ് റാലിയിൽ മുസ്ലിംകളെ ലക്ഷ്യംവച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. 2016 ലും സമാനമായ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
'കല്യാണരാമൻ ഒരു പതിവ് കുറ്റവാളിയും സ്ത്രീ പീഡകനുമാണ്. വിഷയങ്ങൾ ചർച്ച ചെയ്യാൻ ബിജെപി തയ്യാറായില്ലെന്നും പകരം സ്ത്രീകളെയും രാഷ്ട്രീയ നേതാക്കളെയും അപമാനിക്കുകയാണെന്നും'പരാതിക്കാരനായ ധർമ്മപുരി എംപി സെന്തിൽകുമാർ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ബിജെപിയുടെ കേഡർ എങ്ങനെ പെരുമാറുന്നു എന്നതിന്റെ ഉദാഹരണമാണ് കല്യാണരാമൻ എന്ന് ഡോ: ഷർമിള പറയുന്നു. 'വസ്തുതകളോട് പ്രതികരിക്കാൻ കഴിയാത്ത നിമിഷം അവർ സ്വഭാവഹത്യയിലേക്ക് പോകുന്നു. ഇങ്ങിനെചെയ്താൽ, തങ്ങൾക്കെതിരെ സംസാരിക്കുന്ന സ്ത്രീകൾ പിന്മാറുമെന്ന് അവർ കരുതുന്നു. ഇത് മനഃശാസ്ത്രപരമായ ഭീഷണിയാണ്. അയാൾ ജയിലിൽ കഴിയാൻ അർഹനാണ്. മുമ്പത്തെ കേസിലും അയാൾക്ക് ജാമ്യം ലഭിക്കേണ്ടിയിരുന്നില്ലെന്ന് ഞാൻ കരുതുന്നു. ഇത്തരം ആളുകൾ സമൂഹത്തിൽ വിഷംവമിപ്പിക്കുകയാണ്. അവർ സ്ത്രീകളെ ലക്ഷ്യമിടുന്നു, മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജനം സൃഷ്ടിക്കുന്നു'-ഡോക്ടർ ഷർമിള പറഞ്ഞു.