കൊച്ചി: പെരുമാറ്റം നിരീക്ഷിക്കാൻ നിയോഗിച്ച പെരുമാറ്റ സമിതിയിലെ അംഗം ഒടുവിൽ പെരുമാറ്റ ചട്ട ലംഘനത്തിന് പിടിയിലായി. മഹിളാമോർച്ചയുടെ പ്രാദേശിക നേതാവിനു മൊബൈൽ ഫോണിൽ അശ്ലീല സന്ദേശമയച്ച ബിജെപിയുടെ മധ്യമേഖലാ സംഘടനാ സെക്രട്ടറി ജി. കാശിനാഥാനെയാണ് പെരുമാറ്റ ലംഘനത്തിന് പാർട്ടി തൽസ്ഥാനത്തുനിന്നു നീക്കിയത്. പാർട്ടിപ്രവർത്തകരുടെ പെരുമാറ്റം നിരീക്ഷിക്കാൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രൂപം നൽകിയ അഞ്ചംഗ സമിതിയിലെ അംഗമാണ് കാശിനാഥ്.

വ്യക്തമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കുമ്മനം രാജശേഖരനാണ് നടപടി എടുത്തത്. പാർട്ടിയുടെ യശസിനു കളങ്കംവരുത്തുന്ന വിധത്തിൽ പ്രവർത്തിച്ചെന്നു സംസ്ഥാന നേതൃത്വത്തിനു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. മെഡിക്കൽ കോഴ ആരോപണത്തിന് പിന്നാലെ വനിതാ നേതാവിന് അശ്ലീല സന്ദേശം അയച്ചതും പാർ്ടിക്ക് തലവേദനായിയി മാറിയിരിക്കുകയാണ്.

നേരത്തേ മെഡിക്കൽ കോഴ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ട് ചോർന്ന സംഭവത്തിൽ ആലുവ കേന്ദ്രീകരിച്ച് ബിജെപി. സംഘടനാതലത്തിൽ നടത്തിയ അന്വേഷണത്തിന് മേൽനോട്ടം വഹിച്ചതു കാശിനാഥായിരുന്നു. മെഡിക്കൽ കോഴ ആരോപണത്തിൽ പ്രതിക്കൂട്ടിലായ ബിജെപി. നേതൃത്വത്തിന് ഇതും തലവേദനയായി. വിശ്വസ്തരെ മാത്രം ഉൾപ്പെടുത്തിയാണ് നിരീക്ഷണസമിതിക്ക് കുമ്മനം രൂപം നൽകിയത്. അതിനാൽ, അദ്ദേഹത്തിനും ഇതു തിരിച്ചടിയായി. നേരത്തേ വി. മുരളീധരന്റെ വിശ്വസ്തനായിരുന്നു കാശിനാഥ്. മുരളീധരൻ പാർട്ടി അധ്യക്ഷപദവി ഒഴിഞ്ഞതിനു പിന്നാലെ കുമ്മനത്തോട് അടുക്കുകയായിരുന്നു.