ന്യൂഡൽഹി: അഖണ്ഡഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാകുമെന്ന് ബിജെപി ജനറൽ സെക്രട്ടറി റാം മാധവ്. ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും വീണ്ടും ഒന്നിച്ച് അഖണ്ഡ ഭാരതം രൂപപ്പെടുമെന്ന് അൽ ജസീറയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് റാം മാധവ് പറഞ്ഞത്.

'60 വർഷം മുൻപ് ചരിത്രപരമായ കാരണങ്ങളാൽ വിഭജിച്ചുപോയ ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും വീണ്ടും ഒന്നിക്കുമെന്നാണ് ആർഎസ്എസ് വിശ്വസിക്കുന്നത്. മൂന്നു രാജ്യങ്ങളും വീണ്ടും ഒരുമിച്ച് അഖണ്ഡ ഭാരതം സൃഷ്ടിക്കപ്പെടും'-റാം മാധവ് പറഞ്ഞു.

യുദ്ധത്തിലൂടെയല്ല ജനങ്ങളുടെ താൽപര്യത്തിന് അനുസരിച്ചാകും രാജ്യങ്ങൾ വീണ്ടും ഒരുമിക്കുക. ഇന്ത്യ ഹിന്ദു രാഷ്ട്രമാണ് എന്ന തന്റെ മുൻപ്രസ്താവനയിൽ വിശദീകരണവും അദ്ദേഹം നൽകി. 'ഒരു പ്രത്യേക ജീവിത രീതിയുള്ള സ്ഥലമാണിത്, പ്രത്യേക സംസ്‌കാരം അല്ലെങ്കിൽ നാഗരികത ഉള്ളതാണ്. അതിനെ ഞങ്ങൾ വിളിക്കുന്നത് ഹിന്ദു എന്നാണ്. നിങ്ങൾക്ക് എന്തെങ്കിലും എതിർപ്പുണ്ടോ? ഞങ്ങൾക്ക് ഒരു സംസ്‌കാരവും ഒരു ജനതയും ഒരു രാജ്യവുമാണെന്നും മുൻ ആർഎസ്എസ് വക്താവ് റാം മാധവ് പറഞ്ഞു.

മോദി സർക്കാരിന്റെ ജനപ്രീതിയെ ഇടിച്ചുതാഴ്‌ത്താനാണ് രാജ്യത്ത് പുരസ്‌കാരങ്ങൾ തിരിച്ചുനൽകുന്ന പ്രവണത വർധിക്കുന്നതെന്നും അസഹിഷ്ണുതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി രാം മാധവ് ആരോപിച്ചു. ഇക്കാര്യത്തിൽ എഴുത്തുകാരുടെ നിലപാടുകളും ചിന്താരീതികളും തെറ്റാണെന്നും ആർഎസ്എസ് ദേശീയ എക്‌സിക്യൂട്ടിവ് അംഗം കൂടിയായ രാം മാധവ് പറഞ്ഞു.

അതിനിടെ, റാം മാധവിന്റെ പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. ബിജെപിയും ആർഎസ്എസും ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് അജയ് മാക്കൻ പറഞ്ഞു.