- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഞ്ജിത്തിന്റെ ശരീരത്തിൽ 20 വെട്ടുകൾ; തലയിലും കഴുത്തിലും ആഴത്തിൽ മുറിവ്; മൂക്കും ചുണ്ടും കീഴ്ത്താടിയും മുറിഞ്ഞനിലയിൽ; നടന്നത് നിഷ്ഠൂരമായ കൊലപാതകം; പോസ്റ്റ്മോർട്ടം നാളെ; വൈകിയതിൽ ബിജെപിയുടെ പ്രതിഷേധം; സർവകക്ഷി യോഗം
ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി. നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. രഞ്ജിത്തിന്റെ ശരീരത്തിൽ 20 വെട്ടുകളേറ്റു. തലയിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. മൂക്ക്, ചുണ്ട്, കീഴ്ത്താടി എന്നിവ മുറിഞ്ഞനിലയിലാണ്. വലതുതുടയിൽ അഞ്ച് മുറിവുകളും ഇടതുതുടയിൽ രണ്ട് മുറിവുകളുമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ഒന്നരമണിക്കൂർ സമയമെടുത്താണ് രഞ്ജിത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. പോസ്റ്റ്മോർട്ടം നാളെ നടക്കും. പോസ്റ്റ്മോർട്ടം നടപടികൾ വൈകിയതിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിക്ക് മുന്നിൽ സ്ത്രീകൾ അടക്കമുള്ള ബിജെപി പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽനിന്ന് വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകാനാണ് ഉദ്ദേശിച്ചിരുന്നത്. ആലപ്പുഴ ബാർ അസോസിയേഷൻ ഹാളിലും വെള്ളക്കിണറിലെ രഞ്ജിത്തിന്റെ വീട്ടിലും പൊതുദർശനത്തിന് വെക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനുശേഷം വലിയ അഴീക്കലിലെ കുടുംബവീട്ടിൽ സംസ്കരിക്കാനാണ് തീരുമാനിച്ചിരുന്നത്.
എന്നാൽ എന്നാൽ വൈകിയതിനാൽ നടപടിക്രമങ്ങൾ നാളത്തേക്ക് മാറ്റുകയായിരുന്നു. സാഹചര്യം സംബന്ധിച്ച് ബിജെപി സംസ്ഥാന നേതാക്കൾ പൊലീസുമായും ആശുപത്രി അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു. തുടർന്ന് വിശദീകരണങ്ങളിൽ തൃപ്തി രേഖപ്പെടുത്തിക്കൊണ്ട് പൊലീസുമായി സഹകരിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു.
ഇന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകാതിരിക്കാൻ ആസൂത്രിതമായ ഗൂഢാലോചന ഉണ്ടായെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. പൊലീസുമായി ആശയവിനിമയം നടത്തിയ ശേഷമാണ് സംസ്കാരത്തിന്റെ സമയം തീരുമാനിച്ചത്. എന്നാൽ പൊലീസ് മനപ്പൂർവ്വം ഇന്ന് സംസ്കാര ചടങ്ങ് അനുവദിക്കാതിരിക്കാൻ പോസ്റ്റ്മോർട്ടം വൈകിപ്പിക്കുകയായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. എന്നാൽ പൊലീസ് നടപടിയോടും ആശുപത്രി അധികൃതരോടും സഹകരിക്കുമെന്നും കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. നാളെയായിരിക്കും രഞ്ജിത്തിന്റെ മൃതദേഹം സംസ്കരിക്കുക. ഉച്ചയ്ക്ക് മുമ്പ് വിലാപ യാത്രയായി മൃതദേഹം സ്വന്തം വീട്ടിലേക്ക് എത്തിക്കും.
ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായാണ് ആലപ്പുഴയിൽ രണ്ട് കൊലപാതകങ്ങൾ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ മണ്ണഞ്ചേരിയിൽവച്ചാണ് അക്രമികൾ വെട്ടിക്കൊന്നത്. മണിക്കൂറുകൾക്കകം ബിജെപി നേതാവും ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ അക്രമികൾ വെട്ടിപരിക്കേൽപ്പിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഷാനിനെ കാറിലെത്തിയ അക്രമിസംഘം ഇടിച്ചുവീഴ്ത്തിയ ശേഷം റോഡിലിട്ട് വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. ദേഹമാസകലം നാൽപ്പതോളം വെട്ടുകളേറ്റ ഷാനിനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രിയോടെ മരിച്ചു.
ഷാനിനെ ഇടിച്ചിട്ട കാറിന്റെ നമ്പർ വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്കൂട്ടറിൽ പോവുകയായിരുന്ന ഷാനിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയതിന് ശേഷമാണ് വെട്ടിക്കൊന്നത്. അക്രമികൾ വന്ന വാഹനത്തിന്റെയും കൊലപാതകത്തിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ആലപ്പുഴ വെള്ളക്കിണറിൽ ബിജെപി. നേതാവും ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസിനെ അക്രമികൾ വെട്ടിക്കൊന്നത്. പുലർച്ചെ പ്രഭാതസവാരിക്കിറങ്ങാൻ തയ്യാറെടുക്കുന്നതിനിടെ വാതിലിൽ മുട്ടിയ അക്രമികൾ വാതിൽ തുറന്നയുടൻ വീട്ടിൽക്കയറി രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടാണ് അതിക്രൂരമായി വെട്ടിക്കൊന്നത്.
ആറ് ബൈക്കുകളിലായി എത്തിയ 12 പേരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ആറ് ബൈക്കുകളിലായി 12 പേർ രഞ്ജിത്തിന്റെ വീട്ടിലേക്കുള്ള വഴിയിലൂടെ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഷാനിന്റെ കൊലപാതകത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണെന്നാണ് എസ്.ഡി.പി.ഐ.യുടെ ആരോപണം. രഞ്ജിത്തിന്റെ കൊലയ്ക്ക് പിന്നിൽ എസ്.ഡി.പി.ഐ. ആണെന്ന് ബിജെപി.യും ആരോപിച്ചു.
ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് നിരോധാനജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം കനത്ത പൊലീസും കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.
സർവകക്ഷി യോഗം
മണിക്കൂറുകൾക്കകം രണ്ട് കൊലപാതകങ്ങൾ നടന്നതിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലാ ഭരണകൂടം സർവകക്ഷി യോഗം വിളിച്ചു. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കളക്ടറേറ്റിലാണ് യോഗം. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും.
തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നു മണിക്ക് ജില്ലാ കളക്ടറുടെ ചേംബറിലാണ് യോഗം ചേരുക. മന്ത്രിമാരും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴികളും ആക്രമണ സംഭവങ്ങൾ പൂർണമായി ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങളും യോഗത്തിൽ ചർച്ചചെയ്യും.
നിലവിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ആലപ്പുഴയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ നടന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
മറുനാടന് മലയാളി ബ്യൂറോ