- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിഷേധ സൂചകമായി ബീഫ് കഴിക്കുമെന്നു പ്രഖ്യാപിച്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വധിക്കുമെന്നു ബിജെപി ഭീഷണി; ബീഫ് കഴിച്ചാൽ തലയറുത്തു പന്തു തട്ടുമെന്നു വെല്ലുവിളിച്ച പ്രാദേശിക നേതാവ് അറസ്റ്റിൽ; രാജ്യത്ത് അസഹിഷ്ണുത വർധിക്കുന്നതിൽ രാഷ്ട്രപതിക്കു പരാതി നൽകി കോൺഗ്രസ് ദേശീയ നേതൃത്വവും
ശിവമോഗ/ന്യൂഡൽഹി: ബീഫ് കഴിച്ചാൽ ഒരു മുഖ്യമന്ത്രിയെപ്പോലും കൊല്ലുമെന്നു വെല്ലുവിളിച്ച് ബിജെപി നേതാവ്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെയാണു ശിവമോഗയിലെ ബിജെപി നേതാവ് ചന്നബാസപ്പയുടെ വെല്ലുവിളി. മുഖ്യമന്ത്രിയുടെ തലയറുത്തു പന്തു തട്ടുമെന്നു ഭീഷണി മുഴക്കിയ ബിജെപി നേതാവിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. അതിനിടെ, അസഹിഷ്ണ

ശിവമോഗ/ന്യൂഡൽഹി: ബീഫ് കഴിച്ചാൽ ഒരു മുഖ്യമന്ത്രിയെപ്പോലും കൊല്ലുമെന്നു വെല്ലുവിളിച്ച് ബിജെപി നേതാവ്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെയാണു ശിവമോഗയിലെ ബിജെപി നേതാവ് ചന്നബാസപ്പയുടെ വെല്ലുവിളി. മുഖ്യമന്ത്രിയുടെ തലയറുത്തു പന്തു തട്ടുമെന്നു ഭീഷണി മുഴക്കിയ ബിജെപി നേതാവിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
അതിനിടെ, അസഹിഷ്ണുതയ്‌ക്കെതിരെ രാഷ്ട്രപതി പറഞ്ഞിട്ടും പ്രധാനമന്ത്രി മൗനത്തിലാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ആരോപിച്ചു. രാജ്യത്ത് വളരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ രാഷ്ട്രപതി ഭവന് മുന്നിൽ സോണിയയുടെ നേതൃത്വത്തിൽ കോൺഗ്രസ് റാലി നടത്തി. രാഷ്ട്രപതി ഭവൻ സിഥിതിചെയ്യുന്ന റെയ്‌സീനാ ഹില്ലിലാണ് കോൺഗ്രസ് എംപിമാരും നേതാക്കളും അണിനിരന്നത്.
രാജ്യത്തെ അസഹിഷ്ണുതയ്ക്കും വർഗീയ ധ്രുവീകരണത്തിനും അത്രിക്രമങ്ങളിലും ഉത്കണ്ഠയുണ്ടെന്നും രാഷ്ട്രപതി തന്റെ വിവേചനാധികാരം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കോൺഗ്രസ് നിവേദനം നൽകുകയും ചെയ്തു.
രാജ്യത്ത് അസഹിഷ്ണുത പടരുന്നുവെന്ന വാർത്തകൾക്കിടയിലാണ് ബീഫ് കഴിക്കുന്നതിന്റെ പേരിൽ വീണ്ടുമൊരു വിവാദം ഉയരുന്നത്. എം എം കൽബുർഗിയെ വധിച്ച കർണാടകത്തിൽ നിന്നാണ് വാർത്ത വന്നിരിക്കുന്നത്.
ശിവമോഗയിൽ വച്ച് ബീഫ് കഴിച്ചെന്നറിഞ്ഞാൽ മുഖ്യമന്ത്രിയുടെ കഴുത്തറുക്കുമെന്നാണു ബിജെപി നേതാവു ഭീഷണി മുഴക്കിയത്. എവിടെ വച്ചും ഏതു സാഹചര്യത്തിലും ബീഫ് കഴിക്കുമെന്ന് പറയാൻ എങ്ങനെ സിദ്ധരാമയ്യക്കു ധൈര്യമുണ്ടായി. തികച്ചും ധിക്കാരപരമായ പരാമർശങ്ങളാണ് മുഖ്യമന്ത്രിയുടേത്. അത്രയ്ക്ക് ധൈര്യമുണ്ടെങ്കിൽ ശിവമോഗയിലെത്തി ബീഫ് കഴിക്കട്ടെ. രണ്ടാമതൊന്ന് ചിന്തിക്കാതെ അദ്ദേഹത്തിന്റെ തലവെട്ടി പന്തു തട്ടുമെന്നതിൽ ഒരു സംശയവുമില്ലെന്നും ചന്നബാസപ്പ പറഞ്ഞു.
ശിവമോഗയിലെ ഗോപി സർക്കിളിൽ വച്ച് പരസ്യമായി ബീഫ് കഴിക്കാനാണു ശിവമോഗ മുൻസിപ്പൽ കൗൺസിൽ അംഗമായിരുന്ന പ്രാദേശിക ബിജെപി നേതാവിന്റെ വെല്ലുവിളി. ആവശ്യമുണ്ടെങ്കിൽ താൻ ബീഫ് കഴിക്കുമെന്നും ആർക്കും ഇതിൽ നിന്നും തന്നെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു. ഇതിനോടു പ്രതികരിക്കവെയാണ് തലകൊയ്യുമെന്ന ഭീഷണി.
സംഘപരിവാറിന്റെ ബീഫ് വിരുദ്ധ ക്യാംപെയ്‌നുകൾക്കെതിരെ സിദ്ധരാമയ്യ പരസ്യമായി രംഗത്ത് വന്നിരുന്നു. ഞാൻ ബീഫ് കഴിക്കും. നിങ്ങളാരാണ് ചോദിക്കാൻ. ബീഫ് കഴിക്കുന്നത് എന്റെ അവകാശമാണ്. അത് തടയാൻ ആർക്കും സാധ്യമല്ല. ഇന്നേവരെ താൻ ബീഫ് കഴിച്ചിട്ടില്ല. എന്നാൽ, ഇനിമുതൽ കഴിക്കാൻ പോവുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായാണു വധഭീഷണി മുഴക്കിയത്.
രാജ്യത്ത് ഭീതി നിലനിൽക്കുന്നുവെന്നും മോദി സർക്കാറിന്റെ ഭരണത്തിൽ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾ അതൃപ്തരാണെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. വർഗീയതയ്ക്ക് എതിരായ പോരാട്ടം തുടരുമെന്നും സോണിയ പറഞ്ഞു. ഇന്ത്യക്കാർ അഭിമാനമുള്ളവരാണെന്നും ഇത്തരത്തിലൊരു പ്രധാനമന്ത്രിയെ അല്ല ജനങ്ങൾക്ക് വേണ്ടതെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്ത് അസഹിഷ്ണുത പടരുന്നതിൽ പ്രതിഷേധിച്ച് വിവിധ കോണുകളിൽ നിന്നു എതിർപ്പുകൾ ഉയർന്നിരുന്നു. ദാദ്രി കൊലപാതകം, കൽബുർഗി വധം, ബീഫ് വിവാദം തുടങ്ങിയ സംഭവങ്ങളുടെ പശ്ചാതലത്തിൽ അസഹിഷ്ണുതയ്‌ക്കെതിരെ എഴുത്തുകാരും ചലച്ചിത്ര താരങ്ങളും ചരിത്രകാരന്മാരും രംഗത്തെത്തിയത്. ഇതിനു പിന്നാലെയാണു കോൺഗ്രസും കേന്ദ്രസർക്കാരിനെതിരെ വൻപ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്ത് അസഹിഷ്ണുത ഭീതിയുളവാക്കും വിധം വളരുകയാണെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാനും പ്രതികരിച്ചിരുന്നു.
ദാദ്രി സംഭവത്തിന് പിന്നാലെ നാൽപതോളം എഴുത്തുകാരാണ് തങ്ങൾക്ക് ലഭിച്ച പുരസ്‌കാരങ്ങൾ തിരിച്ചു നൽകി പ്രതിഷേധിച്ചത്. തുടർന്ന് ചലച്ചിത്ര സംവിധായകരും പുരസ്‌കാരം തിരിച്ചുനൽകുന്ന പ്രതിഷേധ മാർഗം സ്വീകരിച്ചിരുന്നു.

