- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെഹ്റു ട്രോഫിയെന്ന് പേരിട്ടിരിക്കുന്നത് നെഹ്റു കായികതാരമായിട്ടാണോ; ഗോൾവാൾക്കർ രാജ്യസ്നേഹിയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ
തിരുവനന്തപുരം: നെഹ്റു കായികതാരമായിട്ടാണോ നെഹ്റു ട്രോഫിയെന്ന് പേരിട്ടിരിക്കുന്നതെന്ന ചോദ്യവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ക്യാമ്പസിന് ആർഎസ്എസ് സൈദ്ധാന്തികൻ എം.എസ് ഗോൾവാൾക്കറുടെ പേര് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ തുടർന്ന് നടക്കുന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗോൾവാൾക്കർ രാജ്യസ്നേഹിയാണെന്നും വി മുരളീധരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ക്യാമ്പസിന് ആർഎസ്എസ് സൈദ്ധാന്തികൻ എം.എസ് ഗോൾവാൾക്കറുടെ പേര് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം വിവാദമാകുന്നതിനിടെ പ്രതികരണവുമായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഗോൾവാൾക്കർ രാജ്യസ്നേഹിയാണെന്ന് പറഞ്ഞ മുരളീധരൻ നെഹ്റു കായികതാരമായിട്ടാണോ നെഹ്റു ട്രോഫിയെന്ന് പേരിട്ടിരിക്കുന്നതെന്നും ചോദിച്ചു. വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസമാണ് ക്യാംപസിന് ഗോൾവാൾക്കറുടെ പേരിടുമെന്ന് ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹർഷവർധൻ അറിയിച്ചത്. ‘ഈ ഗവേഷണ കേന്ദ്രത്തിന് ഗുരുജി മാധവ് സദാശിവ് ഗോൾവാൾക്കർ നാഷണൽ സെന്റർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ കാൻസർ, വൈറൽ ഇൻഫെക്ഷൻ" എന്ന് പേരിടുന്നതിൽ സന്തോഷമുണ്ട്', ഹർഷവർധൻ പറഞ്ഞു.കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള നിരവധി പേർ രംഗത്തെത്തി. ശാസ്ത്രസ്ഥാപനത്തിന് ആർഎസ്എസ് സൈദ്ധാന്തികന്റെ പേരിടുന്നതിലെ യുക്തിയെന്താണെന്ന് പലരും ചോദ്യമുന്നയിച്ചു.
കേരളത്തിലെ ആദ്യ വാക്സിൻ വിദഗ്ധനായ ഡോ.പൽപ്പുവിന്റെ പേരാണ് ഇടേണ്ടതെന്ന് ശശി തരൂർ, മുല്ലക്കര രത്നാകരൻ, എം.എ ബേബി തുടങ്ങി നിരവധി പേർ ചൂണ്ടിക്കാണിച്ചു. രാജ്യത്തിന്റെ ചരിത്രത്തിൽത്തന്നെ ഇത്രയധികം വെറുപ്പ് പ്രചരിപ്പിച്ച മറ്റൊരു വ്യക്തിയുണ്ടാകാൻ വഴിയില്ലെന്നും മുല്ലക്കര രത്നാകരൻ പറഞ്ഞു. കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ കേരള സർക്കാരും രംഗത്തെത്തി. ഗോൾവാൾക്കറുടെ പേര് നൽകുന്നതിനെ എതിർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഹർഷവർധന് കത്തെഴുതി.
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിക്ക് ഗോൾവാൾക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സ്ഥാപനത്തിന് വിഖ്യാത ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരിടണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. രാജ്യത്തെ പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനം രാഷ്ട്രീയ വിഭാഗീയതക്ക് അതീതമാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരള സർക്കാറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥാപനം കൂടുതൽ വികസനം ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാറിന് കൈമാറിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതേ വിഷയമുയർത്തി രംഗത്തെത്തിയിരുന്നു.
മറുനാടന് ഡെസ്ക്