തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ മുഹമ്മദ് റിയാസിന് സ്ഥാനം നൽകിയതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 'ആദ്യം മകൾ, പിന്നെ പ്രധാനവകുപ്പും. ലീഗിന്റെ കാര്യം കട്ടപ്പൊക' എന്നാണ് സുരേന്ദ്രൻ പറഞ്ഞത്. സുരേന്ദ്രനൊപ്പം എസ് സുരേഷും റിയാസിനെതിരെ രംഗത്തെത്തി. 'സ്ത്രീധനമായി മന്ത്രിസ്ഥാനം കിട്ടിയ കേരളത്തിലെ പുതു മണവാളനാണ് റിയാസ്' എന്നാണ് സുരേഷിന്റെ പരാമർശം. സുരേന്ദ്രന്റെയും സുരേഷിന്റെയും പരാമർശങ്ങൾക്കെതിരെ സോഷ്യൽമീഡിയയിൽ വിമർശനങ്ങളും ഉയരുന്നുണ്ട്.

സിപിഐഎം മന്ത്രിസ്ഥാനങ്ങളെക്കുറിച്ച് സുരേന്ദ്രന്റെ ആദ്യ പോസ്റ്റ് ഇങ്ങനെ: ''സെക്രട്ടറിയുടെ ഭാര്യയും മുഖ്യന്റെ മരുമകനും. സ്പീക്കർക്ക് മുൻഗാമിയുടെ അതേ യോഗ്യത. ആകെ മൊത്തം സ്വജനപക്ഷപാതം. പ്രീണനം പിന്നെ സ്റ്റാലിന്റെ പ്രേതവും. അഞ്ചു കൊല്ലം സംഭവബഹുലം. ടീച്ചറമ്മ ഇനിയും ഉറങ്ങാതിരിക്കും.'

നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ തന്നെ വിജയിച്ചാണ് മുഹമ്മദ് റിയാസ് മന്ത്രിസഭയിലെത്തിയത്. ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ റിയാസ് ബേപ്പൂർ മണ്ഡലത്തിൽ നിന്നും റെക്കൊർഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫിലെ പിഎം നിയാസിനെതിരെ 28,747 വോട്ട് നേടിയാണ് വിജയം. വിദ്യാർത്ഥി-യുവജന സമരങ്ങളിലെ സജീവ മുഖമായ മുഹമ്മദ് റിയാസ് കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് സ്‌കൂളിൽപഠിക്കുന്ന സമയത്താണ് എസ്എഫ്ഐയിലൂടെ സംഘടന പ്രവർത്തനമാരംഭിച്ചത്. ഫാറൂഖ് കോളേജിൽ നിന്നും ബികോം ബിരുദവും കോഴിക്കോട് ലോ കോളേജിൽ നിന്നും നിയമ ബിരുദവും നേടി. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റംഗം, ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.