- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിലെ ജനങ്ങൾ സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല; കേന്ദ്ര ഏജൻസികളുടെ അന്വേഷണം ജനം നിരാകരിച്ചെന്ന് പറയുന്നതും ശരിയല്ല; ലീഗും കോൺഗ്രസും പിന്തുണച്ചതുകൊണ്ടാണ് സിപിഎമ്മിന് പിടിച്ചുനിൽക്കാൻ ആയതെന്നും വി.മുരളീധരൻ; ഒത്തുകളി തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നും പലപ്രമുഖരും നിയമസഭ കാണില്ലെന്നും കെ.സുരേന്ദ്രൻ
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം സർക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങൾ ജനങ്ങൾ തള്ളിയതുകൊണ്ടാണെന്ന വാദങ്ങളോട് വിയോജിച്ച് ബിജെപി നേതാക്കൾ. കേരളത്തിലെ ജനങ്ങൾ സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞഞു. തിരഞ്ഞെടുപ്പും അന്വേഷണ ഏജൻസികളും തമ്മിൽ ബന്ധമില്ല. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ജനങ്ങൾ പൂർണ്ണമായും നിരാകരിച്ചു എന്ന് പറയുന്നത് ശരിയല്ല. തിരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയാണ് ക്ലീൻചിറ്റ് ലഭിച്ചെന്ന് പറയുന്നതെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഭരണത്തിൽ നിന്ന് എൽഡിഎഫ് ഇറങ്ങി പോകണമായിരുന്നുവെന്നും വി.മുരളീധരൻ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധി ബിജെപിക്ക് അനുകൂലമാണ്. മുസ്ലിം ലീഗും കോൺഗ്രസും സിപിഎമ്മിനെ പിന്തുണച്ചു. അതുകൊണ്ടാണ് അവർക്ക് പിടിച്ച് നിൽക്കാനായതെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് നേതൃത്വം ലീഗാണെന്ന് ബിജെപി മുൻപേ പറഞ്ഞതാണ്. സംസ്ഥാനത്ത് കോൺഗ്രസ് ശിഥിലമാകുകയാണെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, സിപിഎമ്മുമായി ഒത്തുകളിച്ച് യുഡിഎഫിന്റെ ചിതയൊരുക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒത്തുകളി തുടർന്നാൽ ബിജെപി ശക്തമായി തിരിച്ചടിക്കുമെന്നും പലപ്രമുഖരും നിയമസഭ കാണില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാദവകുലം മുടിയുന്നതുപോലെ ബിജെപി മുടിയുമെന്നാണ് തെരഞ്ഞെടുപ്പിന് മുമ്പു രമേശ് ചെന്നിത്തല പറഞ്ഞത്. വ്യക്തമായ ദുഷ്ടലാക്കോടെയാണ് ഈ പ്രസ്താവന. വോട്ട് മറിച്ച് ചെയ്യാൻ അണികൾക്കുള്ള സന്ദേശമായിരുന്നു ഇത്. രാഷ്ട്രീയ ആത്മഹത്യയിലേക്കാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും യുഡിഎഫിനെ നയിക്കുന്നത്. സംസ്ഥാനത്ത് ഏതാണ്ട് 1,200 വാർഡുകളിൽ എൽഡിഎഫും യുഡിഎഫും ചേർന്നാണ് ബിജെപിയെ പരാജയപ്പെടുത്തിയത്. രമേശ് ചെന്നിത്തലയാണ് ഇതിന് ചുക്കാൻ പിടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായ 25-ഓളം പഞ്ചായത്തുകളിൽ പാർട്ടിയെ അധികാരത്തിൽനിന്ന് അകറ്റിനിർത്താൻ സിപിഎമ്മും കോൺഗ്രസും ഇവിടങ്ങളിൽ സഹകരിച്ചു അധികാരം പങ്കിടാൻ പോകുകയാണ്. സിപിഎമ്മിന് ഇതുകൊണ്ട് ലാഭമുണ്ടാകാം. എന്നാൽ കോൺഗ്രസ് കേരളത്തിൽ കഥാവശേഷമാകുമെന്ന് കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വെറുതെയിരിക്കുമെന്ന് കരുതരുത്. എല്ലായിടത്തും ക്രോസ് വോട്ടിംഗിലൂടെ ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ എൽഡിഎഫും യുഡിഎഫും ശ്രമിച്ചു. ഭരണം കിട്ടാൻ സാധ്യതയുള്ള പഞ്ചായത്തുകളിൽ ഒരുമിക്കുന്നു. പ്രതികാര ബുദ്ധിയോടെ ബിജെപിയെ അധികാരസ്ഥാനത്തുനിന്ന് മാറ്റിനിർത്താനാണ് കോൺഗ്രസും സിപിഎമ്മും ശ്രമിക്കുന്നതെങ്കിൽ ചില കാര്യങ്ങൾ ബിജെപിക്കും തീരുമാനിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യത്തിന്റെ അന്തസത്തയെ തകർക്കുന്ന ഈ നടപടിയിൽനിന്ന് യുഡിഎഫും എൽഡിഎഫും പിന്മാറണം. സംസ്ഥാനത്തെ എൽഡിഎഫ് യുഡിഎഫ് ബാന്ധവം ശക്തമായ പ്രചാരണ വിഷയമാക്കും. ചിലയാളുകൾ ഒരിക്കലും വിജയിക്കാൻ പാടില്ലെന്ന തീരുമാനം ആരാധനാലയങ്ങളിൽ അടക്കമിരുന്ന് ആളുകൾ എടുത്തു. ഇങ്ങനെയുള്ള നടപടികളാണ് സ്വീകരിക്കുന്നതെങ്കിൽ പല കൊലകൊമ്പന്മാരും കേരള നിയമസഭ കാണില്ലെന്ന് ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ