പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയ രഥം ഒരിക്കൽ കൂടി ഡൽഹി തെരുവുകളിലൂടെ ഉരുളുമെന്ന് പുതിയ സർവേ. കേവല ഭൂരിപക്ഷം നേടി ബിജെപി ഒറ്റയ്ക്ക് ഡൽഹിയിൽ പുതിയ സർക്കാരുണ്ടാക്കുമെന്ന് ഇന്ത്യാ ടുഡേ ഗ്രൂപ്പ്-സിസേറൊ അഭിപ്രായ സർവേ പറയുന്നു. 34-നും 40-നുമിടയിൽ സീറ്റുകൾ ബിജെപി സ്വന്തമാക്കി 16 വർഷത്തെ ഇടവേളയ്ക്കു ശേഷം പാർട്ടി ഡൽഹിയിൽ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രവചനം. അതേസമയം മുഖ്യമന്ത്രി പദവി വഹിക്കാൻ ഏറ്റവും അനുയോജ്യൻ എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ തന്നെയാണെന്നാണ് ഭൂരിപക്ഷം ഡൽഹിക്കാരും അഭിപ്രായപ്പെട്ടത്. സർവേയിൽ പങ്കെടുത്ത 35 ശതമാനം പേരും കേജ്രിവാളിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുമ്പോൾ തൊട്ടുപിന്നിലുള്ള ബിജെപിയുടെ മുൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഡോക്ടർ ഹർഷ് വർധനെ 23 ശതമാനം പേർ മാത്രമെ പിന്തുണയ്ക്കുന്നുള്ളൂ. 2013-ലെ പോലെ ഇത്തവണ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടുന്നില്ല.

ബിജെപിയുടെ ശക്തരായ എതിരാളികളായ എഎപിക്ക് 25 മുതൽ 31 വരെ സീറ്റികളെ ലഭിക്കൂവെന്നും സർവേ പറയുന്നു. സർക്കാർ രൂപീകരിക്കാനാവശ്യമായ 36 എന്ന മാന്ത്രിക സംഖ്യ പാർട്ടിക്കു നേടാനാവില്ലെന്നാണ് പ്രചവചം. വെറും മൂന്നോ അഞ്ചോ സീറ്റുകൾ മാത്രം നേടി കോൺഗ്രസ് ഒരിക്കൽ കൂടി നാണക്കേട് ഏറ്റുവാങ്ങേണ്ടി വരുമെന്നും സർവേ സൂചിപ്പിക്കുന്നു. ഇത്തവണ 40 ശതമാനം വോട്ടുകളും ബിജെപി നേടാനിടയുണ്ടെന്നും ഇന്ത്യാ ടുഡേ സർവേ പറയുന്നു. ഡൽഹി തെരഞ്ഞെടുപ്പിനു മുന്നോടിയായി ഗ്രൂപ്പ് നടത്തിയ രണ്ടാം ഘട്ട സർവേയാണിത്. ഡിസംബറിൽ നടത്തിയ സർവേയിൽ ഒരു ശതമാനം കുറവ് വോട്ട് ഓഹരിയാണ് പ്രവചിച്ചിരുന്നത്. 2013-ൽ ലഭിച്ചതിനേക്കാൾ 6.9 ശതമാനം അധികം വോട്ടുകൾ ലഭിക്കുമെന്നും സർവേ പ്രവചിച്ചിരുന്നു. കഴിഞ്ഞ മാസങ്ങളിൽ നാലു സംസ്ഥാനങ്ങളിലായി നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലം സൂചിപ്പിക്കുന്നതു പോലെ തന്നെ ഡൽഹിയിൽ ബിജെപി നേട്ടമുണ്ടാക്കുമെന്നു തന്നേയാണ് സർവേ വിലയിരുത്തുന്നത്.

ഇത്തവണ ഡൽഹിയിൽ ബിജെപിക്ക് 40 വരെ സീറ്റുകൾ ലഭിക്കുമെങ്കിലും ലഭിക്കുന്ന വോട്ടുകളുടെ ശതമാനത്തിൽ എഎപിയുമായി നാലു ശതമാനം മാത്രം വോട്ടിന്റെ വ്യത്യാസമെ ഉണ്ടാകൂവെന്നും സർവേ പറയുന്നു. കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപിക്ക് 36 ശതമാനം വോട്ടു ലഭിക്കും. രണ്ടു സർവേകളിലും ഈ കണക്കുകൾ വ്യത്യാസപ്പെട്ടിട്ടില്ല. എഎപിയുടെ വോട്ട് ശതമാനം 6.5 ശതമാനം വർധിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷയാണ് ഡൽഹിയിലെ വോർട്ടർമാരുടെ ഏറ്റവും വലിയ ആശങ്ക. അഴിമതിയും ജലവിതരണ പ്രശ്‌നങ്ങളും വോട്ടർമാർ പരിഗണിക്കുന്ന മറ്റു പ്രശ്‌നങ്ങളാണ്. നരേന്ദ്ര മോദി സർക്കാരിന്റെ പ്രകടനവും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാനിടയുണ്ട്. മോദി സർക്കാർ പ്രതീക്ഷിച്ചതിലേറെ മികച്ച പ്രകടനം കാഴ്ചവച്ചെന്ന് 36 ശതമാനം പേരും കരുതുന്നു. 30 ശതമാനം പേരും കരുതുന്നത് അവർ പ്രതീക്ഷിച്ച പോലെ തന്നെ സർക്കാർ മുന്നോട്ടു പോകുന്നു എന്നാണ്.

സർക്കാർ രൂപീകരിക്കാൻ എഎപി ഒരു അവസരം നൽകണമെന്ന് 42 ശതമാനം പേരും പറഞ്ഞപ്പോൾ 41 ശതമാനമാണ് ബിജെപി സർക്കാരിനെ അനുകൂലിച്ചത്. ഇത്തവണ കോൺഗ്രസ് സർക്കാർ വരണമെന്ന് ആഗ്രഹിക്കുന്നവർ 16 ശതമാനവും ഉണ്ട്. 49 ദിവസം ഭരിച്ച എഎപി പ്രതീക്ഷിച്ചതിലേറെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നതെന്ന് സർവേയിൽ പങ്കെടുത്ത 36 ശതമാനം പേരും പറയുന്നു. പ്രതീക്ഷിച്ച പ്രകടനം നടത്തിയെന്ന് 35 ശതമാനം പേരും. യുവ വോട്ടർമാർ എഎപിയേയും ബിജെപിയേയും ഒരു പോലെ പിന്തുണയ്ക്കുന്നുണ്ട്. 18-25, 26-35 പ്രായ ഗണത്തിലുള്ളവർ 39 ശതമാനവും ഇരുപാർട്ടികളേയും പിന്തുണയ്ക്കുന്നു. ഇതിനു മുകളിൽ പ്രായമുള്ളവരുടെ ചായ്‌വ് ബിജെപിയിലേക്കാണ്.