ലക്‌നൗ: യുപി പിടിച്ചാൽ ഇന്ത്യ പിടിച്ചു എന്നാണ് ദേശീയ രാഷ്ട്രീയത്തിലെ ചൊല്ല്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം സീറ്റുകളുള്ള സംസ്ഥാനമായ ഉത്തർപ്രദേശിലെ അധികാരത്തിലിരിക്കുന്ന പാർട്ടിയെ ദേശീയ രാഷ്ട്രീയത്തിലും ഒരു കാരണവശാലും അവഗണിക്കാൻ സാധിക്കില്ല. ഈ യുപിയിൽ നിന്നുമാണ് ബിജെപി ഇന്ത്യയിൽ അധികാരം പിടിക്കുന്ന പാർട്ടിയായി മാറിയതും. സംസ്ഥാനത്ത് ഏറെക്കാലമായി അധികാരത്തിൽ നിന്നും അകന്നു നിൽക്കുന്ന ബിജെപി ഇത്തവണ അധികാരം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ഇതിന് വേണ്ടി യുപിയിൽ നുണകളുടെ പെരുമഴ തന്നെ പെയ്യിക്കുകയാണ് പാർട്ടി.

ബിഹാറിൽ പരാജയപ്പെട്ടെങ്കിലും പശു രാഷ്ട്രീയം ഉത്തർപ്രദേശിൽ ചെലവാകും എന്ന പ്രതീക്ഷയിലാണ് ഇവർ. അതുകൊണ്ട് തന്നെ ദാദ്രി സംഭവം പൊടിതട്ടിയെടുത്ത് വോട്ട് നേടാനുള്ള തന്ത്രങ്ങളാണ് ഒരു വശത്തുകൊഴുക്കുന്നത്. അഖ്‌ലഖിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത മാംസം ഫോറൻസിക് പരിശോധനയിൽ ആദ്യം ആട്ടിറച്ചിയാണെന്ന് തെളിഞ്ഞിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പിനോട് അടുത്താണ് അത് ബീഫായി മാറിയത്. ഇതെല്ലാം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. ഇപ്പോഴിതാ ഹിന്ദു-മുസ്സീം ജാതിക്കാർഡിറക്കി വർഗീയ വിഷം കുത്തിവച്ച് പ്രചരണം കൊഴുപ്പിക്കുകയാണ് ബിജെപി.

മരിച്ചു പോയവരെയും ജോലി തേടി അന്യദേശത്തേക്ക് പോയവരെയുമെല്ലാം 'യുപിയിലെ പാക്കിസ്ഥാനികളുടെ' ലിസ്റ്റിൽ പെടുത്തിയാണ് ബിജെപിയുടെ പ്രചരണ തന്ത്രം. ഇത്തരത്തിൽ 346 പേരുടെ വ്യാജ ലിസ്റ്റുമായാണ് ബിജെപി നേതാക്കൾ രംഗത്തെത്തിയത്. എന്നാൽ ഇന്ത്യൻ എക്സ്‌പ്രസ് നടത്തിയ അന്വേഷണത്തിൽ ബിജെപിയുടെ കള്ളക്കഥയാണ് ഇതെന്ന് വ്യക്തമായി. ഇപ്പോൾ ജീവിച്ചിരിക്കാത്തവരും അന്യ സ്ഥലങ്ങളിലേക്ക് ജോലി തേടി പോയവരെയുമാണ് മുസ്ലിംങ്ങളുടെ ആക്രമണത്തിൽ പേടിച്ച് നാടുവിട്ടുവെന്ന് പറഞ്ഞ് സംഘപരിവാർ കുപ്രചരണം നടത്തുന്നത്.

ബിജെപി എംപി ഹുക്കും സിംഗാണ് ഇത്തരത്തിലുള്ള കള്ളക്കളിക്ക് മുന്നിൽ നിൽക്കുന്നത്. മുസ്ലിംങ്ങൾ തിങ്ങിപ്പാർക്കുന്ന പടിഞ്ഞാറൻ യുപിയിലെ കൈരാന എന്ന സ്ഥലത്തു നിന്നുമാണ് ഹിന്ദുക്കൾ പലായനം ചെയ്തത് എന്നാണ് എംപിയുടെ കള്ളക്കഥ. പത്ത് വർഷം മുമ്പെങ്കിലും പ്രദേശം വിട്ടവരോ മരിച്ചവരോ ആയവരുടെ പേരു വിവരങ്ങളാണ് എംപി പുറത്തുവിട്ടതെന്ന് ഇന്ത്യൻ എക്സ്‌പ്രസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. സിങ് പുറത്തുവിട്ട ലിസ്റ്റിൽ 22 പേർ മരിച്ചു പോയവരാണെന്നാണ് വ്യക്തമായത്. നാല് പേർ മികച്ച തൊഴിൽ അവസരം തേടി പോയരവാണ്. പത്ത് വർഷം മുമ്പ് നാടു വിട്ടവരാണ് നാല് പേർ, ഇത് കൂടാതെ പ്രാദേശിക ഗുണ്ടകളുടെ ആക്രമണത്തെ തുടർന്ന് നാടുവിട്ടവരും ഇക്കൂട്ടത്തിലുണ്ട്.

കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാൻ വേണ്ടി നാടുവിട്ടവരുടെ വിവരങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് മുസ്ലിംങ്ങളെ പേടിച്ച് നാടുവിട്ടവരെന്ന വിധത്തിൽ ബിജെപി കുപ്രചരണം നടത്തുന്നത്. വളരെ ആധികാരികമായ വിധത്തിലാണ് ബിജെപി എംപി ഇത്തരമൊരു ലിസ്റ്റ് തയ്യാറാക്കിയത്. തന്നോട് നിരവധി പേർ പരാതി പറഞ്ഞെന്നും ഇത് കൂടാതെ ചിലർ നേരിട്ട് ബന്ധപ്പെട്ടുവെന്നുമാണ് സിങ് അവകാശപ്പെട്ടത്. എന്നാൽ സിംഗിന്റെ അവകാശ വാദം പൊള്ളയാണെന്നാണ് ഉത്തർപ്രദേശ് പൊലീസും വ്യക്തമാക്കുന്നത്. കള്ളത്തരങ്ങൾ കുത്തി നിറച്ച ലിസ്റ്റാണിതെന്നും പൊലീസും വ്യക്തമാക്കി. അതേസമയം മറുനാട്ടിലേക്ക് പോയ മുസ്ലീങ്ങളുടെ പേര് സമർത്ഥമായി തന്നെ മുക്കുകയും ചെയ്തു ബിജെപി എംപി.

ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പ് ലാക്കാക്കിയാണ് അലഹാബാദിൽ ബിജെപി ദേശീയ നിർവാഹക സമിതി യോഗം ചേർന്നത്. യോഗത്തിൽ ബിജെപി ലോക്‌സഭയിലേക്ക് വിജയിച്ച ഇടങ്ങളിൽ എംപിമാരുടെ നേതൃത്വത്തിൽ തന്നെയാണ് തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ നടക്കുന്നത്. സമാജ്വാദി പാർട്ടിയും ബിഎസ്‌പിയും കോൺഗ്രസും ഉത്തർപ്രദേശിൽ ബിജെപിയുടെ മോഹത്തിന് തടയിടാൻ വേണ്ടി കടുത്ത പരിശ്രമത്തിലാണ്. അതിനിടെയാണ് ജാതിക്കാർഡിറക്കി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. അധികം താമസിയാതെ തന്നെ അയോധ്യാ വിഷയവും തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കാൻ ബിജെപി തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്.