ജയ്പുർ: വ്യാപം അഴിമതിയുടെ ആരോപണങ്ങൾക്കു നടുവിൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ വിജയം നേടിയ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ മാതൃക പിന്തുടരാൻ രാജസ്ഥാനിൽ ബിജെപിക്കു കഴിഞ്ഞില്ല. ഭൂരിപക്ഷം മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും സ്വന്തമാക്കി ബിജെപി കരുത്തു തെളിയിച്ചെങ്കിലും വിവാദ മുഖ്യമന്ത്രിയായ വസുന്ധര രാജെ സിന്ധ്യയുടെയും മകന്റെയും മണ്ഡലങ്ങളിലുണ്ടായ കനത്ത തിരിച്ചടി ബിജെപിക്കു ക്ഷീണമായി.

മുഖ്യമന്ത്രി എന്ന നിലയിൽ വസുന്ധരയുടെ സ്ഥാനം സുരക്ഷിതമല്ല എന്ന സന്ദേശമാണ് ഈ തെരഞ്ഞെടുപ്പു നൽകുന്നത്. അജ്മീർ മുനിസിപ്പൽ കോർപ്പറേഷൻ ഉൾപ്പെടെ 129 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. 15 മുനിസിപ്പിൽ കൗൺസിലുകളും 113 മുനിസിപ്പാലിറ്റികളും ഇതിൽ ഉൾപ്പെടുന്നു.

ആകെ 3351 വാർഡുകളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ബിജെപി 1435 വാർഡുകളിൽ ജയിച്ചു. കോൺഗ്രസും സ്ഥിതി ഒട്ടും മോശമാക്കിയില്ല. 1162 വാർഡുകളൽ ജയിക്കാൻ കോൺഗ്രസിനും കഴിഞ്ഞു. ഇരുപാർട്ടികൾക്കും വിമതരിൽ നിന്നു കനത്ത തിരിച്ചടി ലഭിക്കുകയും ചെയ്തു. വിമതരുൾപ്പെടെയുള്ള സ്വതന്ത്ര സ്ഥാനാർത്ഥികൾ 702 സീറ്റിൽ ജയിച്ചത് ഇരു പാർട്ടികളെയും ഞെട്ടിച്ചു. എൻസിപിക്ക് 19ഉം ബിഎസ്‌പിക്ക് 16ഉം ഇടതു കക്ഷികൾക്ക് ആറു സീറ്റും ലഭിച്ചു.

വ്യാപം അഴിമതി കൊടുമ്പിരിക്കൊണ്ടിട്ടും മധ്യപ്രദേശിൽ ഒരു പോറൽ പോലുമേൽക്കാതെ ബിജെപി രക്ഷപ്പെട്ടിരുന്നു. തങ്ങളുടെ നിലപാടുകൾക്കുള്ള വിജയമാണിതെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അവകാശപ്പെടുകയും ചെയ്തു. എന്നാൽ അതിനു പിന്നാലെ രാജസ്ഥാനിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയം സ്വന്തമാക്കാൻ കഴിഞ്ഞെങ്കിലും മുഖ്യമന്ത്രി വസുന്ധര രാജെയ്ക്കു കനത്ത തിരിച്ചടിയാണ് ഫലം സമ്മാനിച്ചത്.

129 മുനിസിപ്പാലിറ്റികളിൽ ഫലമറിഞ്ഞ 113 ൽ 62 എണ്ണം ബിജെപി സ്വന്തമാക്കി. കോൺഗ്രസിന് 25 എണ്ണം മാത്രമാണ് ലഭിച്ചത്. സ്വതന്ത്രരും മറ്റുള്ളവരും 17 മുനിസിപ്പാലിറ്റികളിൽ വിജയിച്ചപ്പോൾ 9 എണ്ണത്തിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമാണ്.

വസുന്ധര രാജെയ്‌ക്കെതിരായ അഴിമതി ആരോപണങ്ങളെ ജനം തിരസ്‌കരിച്ചതിന്റെ തെളിവാണിതെന്നു മുതിർന്ന ബിജെപി നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും വസുന്ധരയ്ക്ക് സ്വാധീനമുണ്ടെന്നു കരുതപ്പെട്ടിരുന്ന ജലവാർ മേഖലയിൽ കനത്ത തിരിച്ചടിയാണു ബിജെപിക്കുണ്ടായത്.

ലളിത് മോദിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വസുന്ധര രാജ സിന്ധ്യ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ ഉയരുന്നതിനിടെയാണു തെരഞ്ഞെടുപ്പു നടന്നത്. തെരഞ്ഞെടുപ്പിൽ 76 ശതമാനം പോളിങ്ങാണുണ്ടായിരുന്നത്.

വസുന്ധരയുടെ മകൻ ദുഷ്യന്ത് സിങ് എംപിയുടെ മണ്ഡലമായ ജലവാറിൽ കനത്ത തിരിച്ചടി നേരിട്ടത് വസുന്ധരയുടെ മുഖ്യമന്ത്രി സ്ഥാനത്തിനു തന്നെ ഭീഷണിയായിരിക്കുകയാണ്. ജലവാറിനു പുറമെ ദുഷ്യന്തിന്റെ മണ്ഡലം ഉൾപ്പെടുന്ന ജൽറാപത്താൻ, ധോൽപുർ എന്നിവിടങ്ങളിലും തിരിച്ചടിയാണ് ബിജെപിക്കുണ്ടായത്. ജൽറാപത്താൻ വസുന്ധര രാജെയുടെ നിയമസഭാ മണ്ഡലമാണ്.

ജലവാറിലും ബാറനിലും മുനിസിപ്പൽ കൗൺസിലിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചു കയറിയത്. ജലവാറിൽ ആകെയുള്ള 35ൽ 22 സീറ്റും കോൺഗ്രസ് സ്വന്തമാക്കിയത് രാഷ്ട്രീയരംഗത്ത് വസുന്ധരയ്ക്കു കനത്ത തിരിച്ചടിയാകുമെന്നതിൽ സംശയമില്ല. വസുന്ധരയുടെ നിയമസഭാ മണ്ഡലമായ ജൽറാപത്താനിൽ കോൺഗ്രസ് ആകെയുള്ള 45ൽ 21 സീറ്റാണു നേടിയത്. ബിജെപിക്ക് ഇവിടെ 15 സീറ്റു നേടാനേ കഴിഞ്ഞുള്ളൂ.

സംസ്ഥാനത്തെ ആകെ കണക്കു പരിശോധിച്ചാൽ ബിജെപിക്കാണു മുൻതൂക്കമെങ്കിലും വസുന്ധരയുടെയും ദുഷ്യന്തിന്റെയും തട്ടകത്തിൽ വിജയം നേടാൻ കഴിഞ്ഞത് തങ്ങളുടെ ആരോപണങ്ങൾ സത്യമാണെന്നതിന്റെ തെളിവാണെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഭരണകക്ഷിയുടെ തെറ്റായ നയങ്ങളിൽ ജനങ്ങൾ മടുത്തുവെന്നാണ് ഇതു തെളിയിക്കുന്നതെന്ന് രാജസ്ഥാൻ പ്രദേശ കോൺഗ്രസ് കമ്മിറ്റി ചെയർമാൻ സച്ചിൻ പൈലറ്റ് പറഞ്ഞു. ബിജെപിയുടെ വോട്ടുശതമാനം ഇടിഞ്ഞെന്നും അവർ ചൂണ്ടിക്കാട്ടി.