ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തായ മണിപ്പൂരിലും അധികാരം പിടിക്കാൻ തന്ത്രങ്ങൾ പയറ്റി ബിജെപി. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെ വെട്ടി സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി നേതൃത്വം അവകാശപ്പെട്ടു. നേരത്തേ ഗോവയിലും സമാനമായി സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ ബിജെപി നടത്തുകയും അതു വിജയം കാണുകയും ചെയ്തിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കറെ രാജിവയ്‌പ്പിച്ച് മുഖ്യമന്ത്രി പദവി നല്കിയാണ് ബിജെപി നേതൃത്വം കരുക്കൾ നീക്കിയത്. പരീക്കർ തിരിച്ചുവന്നതോടെ ചെറു പാർട്ടികളും സ്വതന്ത്രരും ബിജെപി പാളയത്തോട് കൂറു പ്രഖ്യാപിക്കുകയായിരുന്നു.

മണിപ്പൂരിലും രണ്ടാം സ്ഥാനത്താണെങ്കിലും അധികാരം പിടിക്കാനുള്ള നീക്കങ്ങൾ ബിജെപി സജീവമാക്കിയിരിക്കുകയാണ്. അറുപത് അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷം നേടാൻ 31 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്. 31 എംഎൽമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് ബിജെപി വക്താവ് രാം മാധവ് അറിയിച്ചു. സർക്കാർ രൂപീകരിക്കാൻ ഗവർണറോട് അവകാശവാദം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സഭയിൽ കോൺഗ്രസിന് 28 ഉം ബിജെപിക്ക് 21 ഉം സീറ്റാണുള്ളത്. നാല് സീറ്റുകൾ വീതമുള്ള നാഷണൽ പീപ്പിൾസ് പാർട്ടി, നാഗാ പീപ്പിൾസ് ഫ്രണ്ട് എന്നിവരുടെ പിന്തുണയോടെ ഭരണം പിടിക്കുമെന്നാണ് ബിജെപി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ലോക് ജനശക്തി പാർട്ടിക്ക് ഒരംഗമുണ്ട്. പിന്നെ ശേഷിക്കുന്നത് ഒരു തൃണമൂൽ അംഗവും ഒരു സ്വതന്ത്രനുമാണ്. ഈ മൂന്നു പേരിൽ രണ്ട് പേരുടെകൂടെ പിന്തുണ ഉറപ്പിച്ചാൽ ഭൂരിപക്ഷം തികയ്ക്കാം.

31 എന്ന മാന്ത്രിക സംഖ്യ ബിജെപി നേടി എന്നതാണ് രാം മാധവിന്റെ പ്രസ്താവന തെളിയിക്കുന്നത്. സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉടൻ തന്നെ ഗവർണറെ കണ്ട് ഉന്നയിക്കുമെന്നും രാംമാധവ് വ്യക്തമാക്കി. അതിനിടെ കോൺഗ്രസിൽ നിന്ന് ഒരു എംഎൽഎ കൂറുമാറി ബിജെപിയിൽ ചേർന്നിട്ടുണ്ട്. ശ്യാംകുമാർ സിങ് എന്ന എംഎൽഎയാണ് ബിജെപിയിൽ ചേർന്നത് എന്നാണ് വിവരം.