ഇംഫാൽ: മണിപ്പൂരിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് ഗവർണർ നജ്മ ഹെപ്ത്തുള്ള. നിലവിലെ മുഖ്യമന്ത്രി ഇബോബി സിംഗിനോടു രാജിവയ്ക്കാൻ നിർദ്ദേശിച്ചതായും ഗവർണർ വ്യക്തമാക്കി. സർക്കാർ രൂപീകരണത്തിന് കോൺഗ്രസും ബിജെപിയും ചരടുവലികൾ ശക്തമാക്കിയിരിക്കേയാണ് ഗവർണർ നിലപാടു വ്യക്തമാക്കിയത്.

60 അംഗ നിയമസഭയിൽ 28 എണ്ണവുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചുവെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോർട്ടുകൾ. 21 സീറ്റുകളുമായി രണ്ടാം സ്ഥാനത്തു നിൽക്കുന്ന ബിജെപിയാകട്ടെ ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് അവകാശപ്പെടുന്നുണ്ട്.

കേവല ഭൂരിപക്ഷത്തിന് 31 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.
നാഷണൽ പീപ്പിൾസ് പാർട്ടിയുടെ പിന്തുണയുണ്ടെന്ന് കോൺഗ്രസ് വാക്കാൽ പറയുമ്പോൾ ഇവരുടെ പിന്തുണ കത്തുമായി ബിജെപി ഗവർണറെ കണ്ടെതായാണ് വിവരം. നാഗാ പീപ്പിൾസ് ഫ്രണ്ടിന്റേയും എൻപിപിയുടേയും സ്വതന്ത്രരുടേയും പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന ബിജെപി 32 പേരുടെ പിന്തുണ ഗവർണറെ അറിയിച്ചതായും കത്തുകൾ നജ്മ ഹെപ്ത്തുള്ളക്ക് ബോധ്യപ്പെട്ടതായും സൂചനയുണ്ട്.

ഇതോടെ ഗോവയ്ക്ക് പിന്നാലെ മണിപ്പൂരിലും പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ ബിജെപി അധികാരം പിടിക്കുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. തനിക്ക് വ്യക്തമായ പിന്തുണയുണ്ടെന്നും രാജിവെക്കില്ലെന്നുമായിരുന്നു ബിജെപിയുടെ അവകാശ വാദത്തോടുള്ള ഇബോബി സിങിന്റെ ആദ്യ പ്രതികരണം. ഗവർണർ കടുത്ത നിലപാടെടുത്തതോടെ 24 മണിക്കൂറിനകം രാജിവെക്കുമെന്ന് കാവൽ മുഖ്യമന്ത്രി നിലപാട് മാറ്റി.

ബിജെപി അധികാരത്തിലേറിയാൽ 15 വർഷത്തെ കോൺഗ്രസ് ഭരണത്തിനാണ് മണിപ്പൂരിൽ അന്ത്യമാകുക. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പൂജ്യത്തിൽനിന്നാണ് 21 സീറ്റുകൾ ബിജെപി നേടിയത്.