കോട്ടയം: പാലായിൽ കെ.എം. മാണിക്കെതിരെ ബിജെപി പിന്തുണയോടെ മത്സരിക്കാനുള്ള തീരുമാനത്തിൽനിന്ന് നിലവിൽ പിന്മാറിയിട്ടില്ലെന്ന് മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്. വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറിയെന്ന രീതിയിൽ വന്ന വാർത്തയെക്കുറിച്ച് മറുനാടനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ വ്യക്തിപരമായ കാരണങ്ങളുണ്ടായാൽ മാത്രമേ പിന്മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലായിൽനിന്നു പിന്മാറിയാൽ മറ്റൊരു സീറ്റിലും മത്സരിക്കില്ലെന്നും പി.സി. തോമസ് മറുനാടനോട് പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തീർച്ചയായും ബിജെപി അക്കൗണ്ട് തുറക്കും. വെറുമൊരു അക്കൗണ്ട് തുറക്കലിൽ ഒതുങ്ങില്ലെന്നും സംസ്ഥാനത്ത് ഇരു മുന്നണികൾക്കും ബദലായി ശക്തമായ മുന്നേറ്റംതന്നെയാകും ഇത്തവണ ബിജെപി സഖ്യം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ കൂടി ഒപ്പം നിർത്തുന്ന രീതിയിലുള്ള ശൈലി സ്വീകരിച്ചാൽ അധികാരത്തിലെത്തുക ശ്രമകരമായ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടെ പാലായിലെ ബിജെപി സ്ഥാനാർത്ഥിയെ പറ്റി അഭ്യൂഹവും സജീവമാണ്. കേരള കോൺഗ്രസ്-ബിജെപി രഹസ്യധാരണയാണ് പിന്മാറ്റത്തിന് പിന്നിലെന്ന് നേരെത്തെ ആക്ഷേപമുയർന്നിരുന്നു. മാണിയെ തറപറ്റിക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു തോമസിന്റെ കടന്നുവരവ്. പാലായിലെ ബിജെപി പ്രവർത്തകരും മാണിവിരുദ്ധരും ഇതിനെ സ്വാഗതംചെയ്‌തെങ്കിലും തോമസിന്റെ വരവിൽ ആശങ്കപ്പെട്ട മാണി ചില സഭാനേതാക്കളെ രംഗത്തിറക്കി അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമം നടത്തി എന്ന ആരോപണം ശക്തമായിരുന്നു.

ഇടതു സ്ഥാനാർത്ഥികൂടി വരുന്നതോടെ പാലായിൽ ശക്തമായ ത്രികോണമത്സരത്തിന് കളമൊരുങ്ങും. തോമസ് മത്സരത്തിനിറങ്ങിയാൽ ബാർകോഴയിൽ മുങ്ങിനിൽക്കുന്ന മാണിക്കു തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമായിരിക്കെ സഭാനേതാക്കളെ കളത്തിലിറക്കി പിസി തോമസിനെ പിന്തിരിപ്പിക്കാൻ ശ്രമം നടന്നതായി ബിജെപിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ആരോപിച്ചു. കാർഷിക മേഖലയിലെ പ്രതിസന്ധിയും റബർ ഉൾപ്പെടെ വിളകൾക്കുണ്ടായ വിലയിടിവും ബാർകോഴയും കേരള കോൺഗ്രസിലെ കൊഴിഞ്ഞുപോക്കും മണ്ഡലത്തിൽ മാണിക്കെതിരെ നിറഞ്ഞുനിൽക്കുമ്പോഴാണ് തോമസിനെ പിന്തിരിപ്പിക്കാൻ മാണിയുടെ ഇടപെടലിലുണ്ടായെന്ന ആരോപണം ശക്തമാകുന്നത്.

രാഷ്ട്രീയ എതിർപ്പുകൾ കാര്യമായി ഇല്ലാതിരുന്നിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 5299 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് മാണി ജയിച്ചത്. പൂഞ്ഞാർ സീറ്റിനെച്ചൊലി അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ പി.സി. തോമസ് മാണിയുടെ തട്ടകത്തിലേക്ക് വരുന്നത് ഗുണകരമാകുമെന്നായിരുന്നു ബിജെപി വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നേടിയ മുന്നേറ്റവും മാണിഗ്രൂപ് വിട്ട് ഐ.എഫ്.ഡി.പിയെന്ന ദേശീയ പാർട്ടിയുണ്ടാക്കി വാജ്‌പേയി സർക്കാറിൽ കേന്ദ്രമന്ത്രിയായ ചരിത്രവും തോമസിനു പിൻബലമേകുമെന്നും ബിജെപി കണക്കുകൂട്ടുന്നു.