തിരുവനന്തപുരം: ബിജെപി കോർകമ്മിറ്റി യോഗം ജില്ലാകമ്മിറ്റി ഓഫീസിൽ ചേരും. യോഗം ഹോട്ടലിൽ നടത്തുന്നതിന് പൊലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ജില്ലാകമ്മിറ്റി ഓഫീസിൽ ചേരാൻ തീരുമാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ തിരിച്ചടി നിരാശപ്പെടുത്തിയെന്ന് ബിജെപി ദേശീയ നേതൃത്വം വിലയിരുത്തി. പരാജയം വിലയിരുത്താൻ പോലും ശ്രമിക്കാത്ത കേരള നേതാക്കളുടെ സമീപനത്തിലും നേതൃത്വത്തിന് അതൃപ്തിയുണ്ട്.

അഞ്ചുസീറ്റുവരെ പ്രതീക്ഷിച്ച കേരളത്തിൽ പാർട്ടി തകർന്നടിഞ്ഞു. വിജയസാധ്യതയുള്ള സീറ്റുകളിൽ നല്ല പ്രകടനം ഉണ്ടായില്ല. പരാജയം എന്തുകൊണ്ടെന്ന് പഠിക്കാൻ പോലും കേരള നേതാക്കൾ താൽപ്പര്യം കാട്ടുന്നില്ല തുടങ്ങിയ വിമർശനങ്ങളാണ് ഡൽഹിയിൽ തുടരുന്ന ബിജെപി ജന.സെക്രട്ടറിമാരുടെയും തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗത്തിൽ ഉയർന്നത്.