ന്യൂഡൽഹി: പ്രളയത്തിൽ അകപ്പെട്ടുപോയ കേരളത്തെ സഹായിക്കാൻ കേന്ദ്രം ദുരിതാശ്വാസത്തിൽ ഇടപെട്ടതാണ് എണ്ണവില ഉയരാനുള്ള കാരണമെന്ന് ബിജെപി മന്ത്രി രാജ്കുമാർ റിൻവ. ഇക്കാരണത്താൽ ഇന്ധനവില വർധനയിൽ ഇടപെടാൻ കേന്ദ്രത്തിന് കഴിയുന്നില്ലെന്ന് ഇദ്ദേഹം പറഞ്ഞു. വില കൂടുതലാണെങ്കിൽ ജനങ്ങൾ കുറച്ച് ഇന്ധനം മാത്രം ഉപയോഗിച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു. ഇന്ത്യാ ടുഡേയുടെ ചാനൽ ചർച്ചയിലാണ് അദ്ദേഹം ഈ അബദ്ധങ്ങൾ എടുത്തിട്ടത്.

ഇന്ധന വില കൂടുകയാണെങ്കിലും ദേശീയതയുടെ പേരിൽ ജനങ്ങൾക്ക് കുറച്ചൊക്കെ ത്യാഗം സഹിക്കാമെന്നും ഇവിടുത്തെ ജനങ്ങൾക്ക് മറ്റ് രാജ്യക്കാരെ പോലെ രാജ്യസ്നേഹം ഇല്ലെന്ന് വരെ രാജ്കുമാർ റിൻവ പറഞ്ഞു കളഞ്ഞു. പ്രളയം പോലുള്ള ദുരന്തങ്ങളുണ്ടായപ്പോൾ സർക്കാർ അതിന് വേണ്ടി വലിയ തോതിൽ പണം ചെലവഴിച്ചു. എന്നാൽ ഇന്ധന വില കൂടിയപ്പോൾ അതിന് വേണ്ടി പണം ചെലവാക്കാൻ ജനങ്ങൾ തയ്യാറാകുന്നില്ല. ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നിരിക്കുകയാണ്. അത് അനുസരിച്ചാണ് രാജ്യത്തെ ഇന്ധന വില നിശ്ചയിക്കുന്നതെന്നും രാജ്കുമാർ റിൻവ പറഞ്ഞു.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില വർധനവ് ഇവിടുത്തെ ആളുകൾക്ക് മനസ്സിലാകുന്നില്ല. അതുകൊണ്ട് തന്നെ ആളുകൾ തങ്ങളുടെ മറ്റ് ചെലവ് കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചർച്ചപുറത്തായതോടെ മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളും നിറയുകയാണ്.