- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മുസ്‌ലിങ്ങളെ മോശമായി ചിത്രീകരിക്കുന്നു'; 'മാനാട്' സെൻസർ ചെയ്യുകയോ നിരോധിക്കുകയോ ചെയ്യണമെന്ന് ബിജെപി ന്യൂനപക്ഷ മോർച്ച
ചെന്നൈ: ചിലമ്പരശനെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത 'മാനാട്' മുസ്‌ലിം സമൂഹത്തെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ബിജെപിയുടെ ന്യൂനപക്ഷ മോർച്ച.
ചിത്രത്തിൽ മുസ്‌ലിം സമൂഹത്തെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ആയതിനാൽ ചിത്രം വീണ്ടും സെൻസർ ചെയ്യുകയോ തമിഴ്‌നാട്ടിൽ നിരോധിക്കുകയോ ആണ് വേണ്ടതെന്ന് ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി എം സയീദ് ഇബ്രാഹിം മധുരൈയിൽ പറഞ്ഞു.
'നിയമലംഘകരും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരുമായാണ് മുസ്‌ലിങ്ങളെ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ശക്തിയുള്ള മാധ്യമമായി പരിഗണിക്കപ്പെടുന്ന സിനിമ സമൂഹത്തിലേക്ക് പോസിറ്റീവ് സന്ദേശങ്ങളാണ് എത്തിക്കേണ്ടത്. ന്യൂനപക്ഷ സമൂഹത്തിൽ നിന്നുള്ളവരെ മൗലികവാദികളായി ചിത്രീകരിക്കുന്നത് അവരിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
1998ലെ കോയമ്പത്തൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട രംഗങ്ങളിൽ തൊപ്പി വച്ചവരും കാവിയുടുത്തവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുന്നുണ്ട്. ഈ രംഗം സമൂഹത്തിന്റെ മതേതരത്വത്തിന് ഭീഷണി ഉയർത്തുന്ന ഒന്നാണ്. 1998ൽ ഡിഎംകെ ആയിരുന്നു അധികാരത്തിൽ.
കോയമ്പത്തൂർ സ്‌ഫോടനം ഇന്ന് ഒരു സിനിമയിൽ ദൃശ്യവൽക്കരിക്കുന്ന സമയത്ത് അത് ആവശ്യമായ രീതിയിൽ സെൻസർ ചെയ്യേണ്ടതുണ്ട്', മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഈ വിഷയത്തിൽ ഉടനടി ഇടപെടണമെന്നും സയീദ് ഇബ്രാഹിം ആവശ്യപ്പെട്ടു.
സൂര്യ നായകനായി ഒടിടി റിലീസ് ആയെത്തിയ 'ജയ് ഭീം' എന്ന ചിത്രത്തിനെതിരെയും സയീദ് ഇബ്രാഹിം സംസാരിച്ചു. ചിത്രം സമൂഹത്തിലെ ഒരു മർദ്ദിത വിഭാഗത്തിന് വേദനയുണ്ടാക്കിയെന്ന് വാണിയർ സമുദായ നേതൃത്വത്തിന്റെ പരാതി ചൂണ്ടിക്കാട്ടി സയീദ് ഇബ്രാഹിം അഭിപ്രായപ്പെട്ടു.
'സംസ്ഥാനത്തിന്റെ വികസനത്തിന് ഉതകുന്ന നല്ല സന്ദേശങ്ങളുള്ള സിനിമകളാണ് കോളിവുഡിൽ നിന്ന് ഉണ്ടാവേണ്ടത്. ന്യൂനപക്ഷങ്ങളെ വിമർശിക്കുന്നതിനു പകരം പലമേഖലകളിലെ വിജയകഥകൾ സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാവുന്നതാണ്'. മാനാട് വീണ്ടും സെൻസർ ചെയ്യണമെന്നും അല്ലാത്തപക്ഷം തമിഴ്‌നാട്ടിൽ ചിത്രത്തിന് നിരോധനം ഏർപ്പെടുത്തണമെന്നും സയീദ് ഇബ്രാഹിം ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്