കോട്ട: വൻ വ്യവസായികളായ അംബാനിമാരും അദാനിയുമൊക്കെ നോട്ടുകൾ നിരോധിക്കുന്ന വിവരം നേരത്തെ അറിഞ്ഞിരുന്നുവെന്നു രാജസ്ഥാനിലെ ബിജെപി എംഎൽഎ. കോട്ട എംഎൽഎ ഭവാനി സിങ്ങിന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു.

ബിസിനസ്സ് വമ്പന്മാരെല്ലാം നേരത്തെ തന്നെ കള്ളപ്പണം മാറ്റിയിട്ടുണ്ടാകുമെന്നാണ് എംഎൽഎ പറയുന്നത്. കോൺഗ്രസ് അനുയായി ആണെന്ന് അവകാശപ്പെടുന്ന ഒരു നവമാദ്ധ്യമ യൂസർ ആണ് ആദ്യം വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

കള്ളപ്പണത്തെ ചെറുക്കാൻ പടിപടിയായുള്ള നടപടിയാണ് വേണ്ടിയിരുന്നത്. കാര്യങ്ങൾ ക്രമീകരിക്കാൻ ജനങ്ങൾക്ക് കുറച്ച് സമയമെങ്കിലും സർക്കാരിന് നൽകാൻ കഴിയുമായിരുന്നു. നോട്ട് നിരോധനം നേരത്തെ അറിഞ്ഞവരാണ് അദാനിമാരും അംബാനിമാരും. അതിനാൽ നേരത്തെ പണം മാറ്റാൻ അവർക്ക് കഴിഞ്ഞുവെന്നാണു ഭവാനി സിങ് പറയുന്നത്.

വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയുള്ള 500,1000 നോട്ട് അസാധുവാക്കൽ തീരുമാനത്തെ ഭവാനി വിമർശിക്കുകയും ചെയ്യുന്നുണ്ട്. മുമ്പും വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ നിറഞ്ഞ എംഎൽഎയാണു ഭവാനി സിങ്. കോട്ടയിലെ ബിഹാറി വിദ്യാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതു വിവാദമായിരുന്നു. ഇരുചക്രവാഹനം ഓടിക്കുന്നവർ ഹെൽമെറ്റ് ധരിക്കരുത് എന്നുള്ള പരാമർശവും വിവാദമായി. യാത്ര ചെയ്യാൻ ഒട്ടും സുഖകരമല്ലെന്നും കഷണ്ടിക്ക് കാരണമാകുമെന്നും ആയിരുന്നു ഭവാനി സിങ്ങിന്റെ ന്യായീകരണം.

കേന്ദ്രസർക്കാർ വേണ്ടപ്പെട്ടവർക്ക് ചോർത്തി നൽകിയിട്ടാണു നോട്ടു നിരോധനം ഏർപ്പെടുത്തിയതെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നത്. ഇതിനിടെയാണ് ഭവാനി സിങ്ങിന്റെ വീഡിയോയും പുറത്തുവന്നത്. തീരുമാനം ചോർന്നതിൽ പ്രത്യേക അന്വേഷണം വേണമെന്നാണ് പാർലമെന്റിൽ കഴിഞ്ഞദിവസം പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇതിനിടെ,
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വമ്പൻ വ്യവസായികളുടെ വായ്പ എഴുതിത്ത്തള്ളിയ വാർത്തയും വ്യാപക വിമർശനത്തിന് ഇടവരുത്തി. ഈ പശ്ചാത്തലത്തിൽ ഭവാനി സിങ്ങിന്റെ വെളിപ്പെടുത്തൽ വലിയ വിവാദത്തിനാണു വഴിവച്ചത്.

എന്നാൽ, സംഗതി വിവാദമായതോടെ ഇക്കാര്യം നിഷേധിച്ചു ഭവാനി സിങ് രംഗത്തെത്തിയിട്ടുണ്ട്. അനൗദ്യോഗികമായി പറഞ്ഞകാര്യങ്ങളാണ് ഇതെന്നാണു വിശദീകരണം. വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നും ഭവാനി പറഞ്ഞു.