ബെസ്റ്റ് കണ്ണാ ബെസ്റ്റ്! അർധ നഗ്നയായ ബാർ നർത്തകിക്കൊപ്പം അഴിഞ്ഞാടിയ ഈ മഹാനാണോ ജെഎൻയു വിഷയത്തിൽ സദാചാരപ്രസംഗം നടത്തിയത്. സോഷ്യൽ മീഡിയ ബിജെപി എംഎൽഎ ഗ്യാൻദേവ് അഹുജയെ നിർത്തിപ്പൊരിക്കുകയാണ്.

അർദ്ധനഗ്‌നയായ ബാർ നർത്തകിക്കൊപ്പം നൃത്തം ചെയ്യുന്ന ചിത്രം വൈറലായതോടെ പ്രതിരോധിക്കാനാകാത്ത അവസ്ഥയിലാണ് ഈ എംഎൽഎ. ജെഎൻയു ക്യാമ്പസിൽ നിന്നും പ്രതിദിനം 3000 ഉപയോഗിച്ച കോണ്ടവും 10000 സിഗരറ്റ് കുറ്റികളും 3000 ബിയർ കുപ്പികളും 50000 എല്ലിൻ കഷണങ്ങളും ലഭിക്കുന്നുവെന്ന വിവാദ പ്രസ്താവന നടത്തിയാണു ഗ്യാൻദേവ് കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടംനേടിയത്.

തുടർന്ന് ശുദ്ധ അസംബദ്ധം ആരോപിച്ച് വിദ്യാർത്ഥികളെയും പാർട്ടിയേയും അപമാനിച്ച ഇയാളെ ബിജെപി ശാസിക്കുകയും ചെയ്തു. എന്നാൽ സംഭവം ചൂടുപിടിച്ചതോടെ ഗ്യാൻദേവിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് വിദ്യാർത്ഥികളും വിവിധ സംഘടനകളും രംഗത്തു വന്നു. അതിനു പിന്നാലെ, ഫെബ്രുവരി 2ന് ദൈനിക് ഭാസ്‌കർ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച വിവാദ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

യൂത്ത് പഞ്ചാബി സേവാസമിതി നടത്തിയ ലോഹ്‌രി മേളയിലാണ് നാടുമുഴുവൻ സദാചാരം പ്രസംഗിച്ച എംഎൽഎ ബാർനർത്തകിക്കൊപ്പം ചുവടു വച്ചത്. കയ്യിലുണ്ടായിരുന്ന നോട്ടുകൾ നർത്തകിക്ക് എറിഞ്ഞു കൊടുത്ത് എംഎൽഎ ആഘോഷം കൊഴുപ്പിക്കുന്നുമുണ്ട്. സ്ത്രീകൾക്ക് നേരെ മദ്യം നീട്ടുകയും കുടിപ്പിക്കുകയും ചെയ്തു ഈ രാജസ്ഥാൻ എംഎൽഎ.

1990ൽ സംഘപരിവാറിന്റെ തൊഴിലാളി സംഘടനാ നേതാവായിരിക്കെ പൊലീസ് ഓഫീസറെ ആക്രമിച്ച് കൊല്ലാൽ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ. പൊലീസ് വാറണ്ട് പുറപ്പെടുവിച്ചിട്ടും ഇതുവരെ അതിനെ ഗൗനിച്ചില്ല. ഒടുവിൽ 2003ൽ രാജസ്ഥാനിൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ ആഭ്യന്തരമന്ത്രിയെ കൂട്ടുപിടിച്ച് കേസ് എഴുതി തള്ളി. എന്നാൽ നിയമ നിർമ്മാണ സഭാംഗം തന്നെ നിയമ ലംഘകൻ ആയി മാറിയത് ആൾവാർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അംഗീകരിച്ചില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയുടൻ ഗ്യാൻ ദേവ് അഹുജയ്ക്ക് കടുത്ത വയറുവേദന തുടങ്ങി. പിന്നെ ജാമ്യം കിട്ടും വരെ ആശുപത്രിക്കിടക്കയിൽ അഭയം തേടി. അങ്ങനെ തികഞ്ഞ 'രാജ്യസ്‌നേഹി'യും നിയമവാഴ്ചയെ അങ്ങേയറ്റം ബഹുമാനിക്കുന്ന ബിജെപി എംഎൽഎയുമാണ് ഗ്യാൻദേവ് അഹുജയെന്നാണു സോഷ്യൽ മീഡിയ പരിഹസിക്കുന്നത്.

കഴിഞ്ഞ വർഷം ജനുവരിയിൽ ഗ്യാൻദേവ് അഹുജയുടെ കാറിൽ ഒളിപ്പിച്ച് കടത്തിയ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചിരുന്നു. പിടിക്കപ്പെടുമ്പോൾ അഹുജയും കാറിലുണ്ടായിരുന്നു. രാവണന്റെ സഹോദരനായ അഹിരാവണന്റെ അവതാരമാണ് താനെന്നാണ് ഗ്യാൻദേവ് അഹുജ തന്നെ പറയുന്നത്. അതിനാണ് നീളത്തിൽ മീശ വളർത്തുന്നത് എന്നാണ് കോണ്ടം വിവാദത്തിൽപ്പെട്ട എംഎൽഎ നൽകുന്ന വിശദീകരണം.