ന്യൂഡൽഹി: സംഘപരിവാറിന്റെ ബീഫ് നിരോധ അജണ്ടയ്ക്ക് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ? ഇന്ത്യയിലെ സാധാരണക്കാർക്ക് ബീഫ് നിഷേധിച്ച് കയറ്റുമതിക്കാരായ വൻകിടക്കാർ ഒത്താശ ചെയ്യാൻ വേണ്ടിയാണെന്ന ആരോപണങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഈ ആരോപണങ്ങളെ ശരിവെക്കുന്നതാണ് ബിജെപി നേതാക്കളുടെ കച്ചവട ബന്ധവും. ഗോവധ നിരോധനത്തിനായി വാദിക്കുന്ന ബിജെപിയുടെ ഉത്തർപ്രദേശിലെ മുതിർന്ന നേതാവ് ബീഫ് കച്ചവടക്കാരനാണെന്ന് രേഖകൾ പുറത്തുവന്നതോടെ സംഘപരിവാറിന്റെ മുഖം പോയി. ഹിന്ദുസ്ഥാൻ ടൈംസാണ് ഇത് സംബന്ധിച്ച രേഖകൾ പുറത്തുവിട്ടത്.

ഉത്തർപ്രദേശിലെ സർധാനയിൽനിന്നുള്ള എംഎൽഎ സംഗീത് സോമാണ് വൻതോതിൽ ബീഫ് വ്യാപാരത്തിനും കയറ്റുമതിക്കും ചുക്കാൻ പിടിക്കുന്നതെന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്. ഗോവധ നിരോധനത്തിനെതിരേ രാഷ്ട്രീയമായി പുറത്തു പ്രസംഗിക്കുന്ന സംഗീത് സോം രഹസ്യമായാണ് ബീഫ് വ്യവസായം നടത്തിയിരുന്നത്.

2009ൽ അലിഗഡിൽ കയറ്റുമതിക്കായുള്ള ബീഫ് സംസ്‌കരണ യൂണിറ്റ് ആരംഭിക്കാനാണ് സംഗീത് സോം സർക്കാരിൽനിന്നു ഭൂമി സ്വന്തമാക്കിയത്. അൽ ദുവ ഫുഡ് പ്രൊഡക്ട്‌സിന്റെ പേരിലായിരുന്നു ഇത്. ഈ കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളാണ് സംഗീത് സോം. മൊയ്‌നുദീൻ ഖുറേഷി, യോഗേഷ് റാവത്ത് എന്നിവരാണ് മറ്റു ഡയറക്ടർമാർ. താൻ കമ്പനിയുടെ ഡയറക്ടറാണെന്നകാര്യം അറിയില്ലെന്നാണ് സംഭവം വിവാദമായപ്പോൾ സംഗീത് സോമിന്റെ പ്രതികരണം.

താൻ കടുത്ത ഹിന്ദുത്വ വാദിയാണെന്നും യുപിയിൽ ബിജെപി അധികാരത്തിൽ വന്നാൽ സമ്പൂർണ ഗോവധ നിരോധനത്തിനായി വാദിക്കുമെന്നും കൊലക്കുറ്റമാക്കുമെന്നുമാണ് തന്റെ നിലപാടെന്നമാണ് സംഗീത് സോമിന്റെ വാദം. അതേസമയം, ഹലാൽ ഇറച്ചി വിൽപനയിൽ കേന്ദ്രീകരിച്ചിരിക്കുന്ന കമ്പനിയാണ് അൽ ദുവയെന്നാണ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്. തനിക്കു കമ്പനിയിൽ പങ്കാളിത്തം ഇല്ലെന്നു പറയുന്ന സംഗീത് സോമിന്റെ ഒപ്പാണ് ഫാക്ടറിക്കായി ഭൂമി വാങ്ങിയ ആധാരത്തിൽ ഇട്ടിരിക്കുന്നത്.

സമാജ് വാദി പാർട്ടിയിലെ തന്റെ ശത്രുക്കളാണ് വ്യാജ ആരോപണം ഉണ്ടാക്കുന്നതെന്നും തെളിയിക്കുകയാണെങ്കിൽ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം വെല്ലുവിളിച്ചു. മുസാഫർനഗറിൽ മുസ്ലിം വിഭാഗക്കാർക്കു നേരേ നടന്ന കലാപത്തിൽ മുഖ്യ പങ്കുള്ളയാണെന്ന് ആരോപണവിധേയനാണ് സംഗീത് സോം.

ദാദ്രി സംഭവത്തിലെ പ്രതികൾക്ക് കേസ് നടത്താനുള്ള ധനസഹായവും മറ്റും നൽകുമെന്ന് ഇയാൾ പ്രഖ്യാപിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ബിസാറയിൽ സന്ദർശനം നടത്തിയ സംഗീത് സോമിനെതിരെ കേസെടുക്കണമെന്ന് പൊലീസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.