ന്യൂഡൽഹി: ഡൽഹി നിയമസഭയിൽ മേശപ്പുറത്തു വലിഞ്ഞുകയറി ബിജെപി എംഎൽഎയുടെ പരാക്രമം. ബിജെപി എംഎൽഎ വിജേന്ദ്ര ഗുപ്തയാണു മേശപ്പുറത്തു കയറി പരാക്രമം നടത്തിയത്.

സ്പീക്കർക്കു തൊട്ടരികിലായിരുന്നു വിജേന്ദ്രയുടെ ഇരിപ്പിടം. അപ്രതീക്ഷിതമായി ഇയാൾ മേശയ്ക്കു മുകളിൽ ചാടിക്കയറുകയായിരുന്നു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായുള്ള തർക്കത്തെ തുടർന്നാണ് ബിജെപി എംഎൽഎ മേശപ്പുറത്ത് കയറിയത്. വെളുത്ത കുർത്തയും പൈജാമയും ധരിച്ച വിജേന്ദ്ര ഗുപ്ത സ്പീക്കറുടെ ഒരുവശത്തു മുൻനിരയിലാണ് ഇരുന്നിരുന്നത്.

നിയമസഭയ്ക്കകത്ത് ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിലുള്ള വാക്കുതർക്കം രൂക്ഷമാണ്. പ്രതിപക്ഷ പാർട്ടികളെ കേൾക്കാൻ മുഖ്യമന്ത്രി തയാറാകുന്നില്ലെന്ന് വിജേന്ദ്ര ഗുപ്ത ഉൾപ്പെടെയുള്ള ബിജെപി എംഎൽഎമാർ ആരോപിച്ചിരുന്നു. ഇന്നും ഇത് ആവർത്തിച്ചു. തുടർന്ന് ഇരുവരും തമ്മിലുള്ള വാക്കുതർക്കം രൂക്ഷമാവുകയും ചെയ്തു. ഇതിനു തൊട്ടുപിന്നാലെയാണ് ഇയാൾ മേശപ്പുറത്തേക്കു ചാടിക്കയറിയത്. എംഎൽഎമാർ മൊബൈൽ ഫോണിൽ ഇതു പകർത്തുന്നതും ദൃശ്യങ്ങളിൽ കാണാം.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു കേരള നിയമസഭയിൽ കെ എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ തടയാനെത്തിയ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം വിവാദമായിരുന്നു. ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ സഭയ്ക്കുള്ളിൽ നടന്ന പോര് മാദ്ധ്യമങ്ങളും സൈബർ ലോകവും ആഘോഷിക്കുകയും ചെയ്തു. എംഎൽഎയായിരുന്ന വി ശിവൻകുട്ടി മേശപ്പുറത്തു കയറി നിന്ന ചിത്രങ്ങൾ വൈറലാകുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്തു മത്സരിച്ച ശിവൻകുട്ടിക്കെതിരെ ഈ ചിത്രങ്ങൾ ഉയർത്തിക്കാട്ടി എതിരാളികൾ പ്രചാരണം നടത്തുകയും ചെയ്തിരുന്നു.