കണ്ണൂർ: കീഴാറ്റൂർ വയൽ ഒഴിവാക്കി ദേശീയ പാത കൊണ്ടു പോകാനുള്ള സാധ്യത ബിജെപി. സംസ്ഥാന നേതൃത്വം കേന്ദ്രസർക്കാറിൽ ഉന്നയിക്കും. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്കരിയെ അടുത്ത ദിവസം തന്നെ കാണും. അതിനു ശേഷം കേന്ദ്ര സംഘത്തെ കീഴാറ്റൂരിലേക്ക് അയക്കും. സിപിഎമ്മും യു.ഡി.എഫും വയൽക്കിളികൾക്ക് പിന്തുണ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ അലൈന്മെന്റ് മാറ്റാനുള്ള സമ്മർദ്ദം ബിജെപി. ശക്തമാക്കും.സമരം ഏറ്റെടുത്ത സ്ഥിതിക്ക് നിലവിലുള്ള അലൈന്മെന്റ് മാറ്റിയില്ലെങ്കിൽ അത് ബിജെപിക്ക് തന്നെ തിരിച്ചടിയാകും. തളിപ്പറമ്പ് ടൗണിലൂടെ മേൽപ്പാത അപ്രായോഗികമാവുകയും കീഴാറ്റൂർ വയലിൽ മേൽപാത അനുവദിക്കാതെയും വന്നാൽ ദേശീയ പാത തന്നെ മുരടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും.

കീഴാറ്റൂർ വയലിൽ നിന്നും കണ്ണൂരിലേക്കുള്ള ബിജെപി.യുടെ മാർച്ച് സമരം ഏറ്റടെത്തതിന്റെ പ്രകടരൂപമായി. തുടക്കത്തിൽ തന്നെ വയലിൽ നടന്ന ചടങ്ങിൽ തങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന്റെ ശംഖനാദം മുഴക്കി വേണ്ടുവോളം ആശയ പ്രചാരണം നടത്തി. സിപിഎം. നെ നേരിടാനുള്ള എല്ലാ അവസരങ്ങളും അവർ മുതലെടുത്തു.

മുൻ കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുരേഷ് കീഴാറ്റൂരിനേയും വയൽക്കിളി പോരാളിയായ നമ്പ്രാടത്ത് ജാനകിയേയും വേദിയിലിരുത്തി അവർ സിപിഎം. നെ കണക്കറ്റ് പ്രഹരം നൽകി. ബിജെപി.യുടെ പതാക നിറമുള്ള തൊപ്പികൾ ധരിച്ചായിരുന്നു ആയിരത്തോളം വരുന്ന പ്രവർത്തകർ കീഴാറ്റൂർ വയലിൽ എത്തിയിരുന്നത്. കഴിഞ്ഞ ദിവസം വരെ കീഴാറ്റൂർ വയലിലൂടെ ദേശീയപാതക്കെതിരെയുള്ള സമരത്തിന് സിപിഎം. ഉം കോൺഗ്രസ്സും ഒഴിച്ച് എല്ലാ സംഘടനകളും ഒരു പക്ഷത്ത് നിലയുറപ്പിച്ചിരുന്നു.

എന്നാൽ ഇന്ന് കാര്യങ്ങൾ മാറി. വയൽക്കിളി സമരത്തെ ബിജെപി.ക്കാർ പൂർണ്ണമായും ഏറ്റെടുത്തു. വയൽക്കിളികൾക്ക് പുറമേ ബിജെപി.ക്കാർ മാത്രമാണ് പതാകയേന്തി മാർച്ചിൽ അണിനിരന്നത്. സുരേഷ് കീഴാറ്റൂരിന്റെ ബന്ധുക്കളായ ചിലരും ഇന്ന് ബിജെപി.യുടെ തൊപ്പിയണിഞ്ഞ് സമര മുഖത്ത് നിലകൊണ്ടു. ഇതെല്ലാം ഒടുവിൽ വയൽക്കിളികൾ ബിജെപി. പക്ഷത്തേക്ക് ചായുമോ എന്ന സൂചനയും നൽകുന്നു. ബിജെപി. സിപിഎമ്മിനെ പ്രതികരിക്കാനുള്ള രാഷ്ട്രീയ തന്ത്രമായാണ് കീഴാറ്റൂർ സമരത്തെ കാണുന്നത്. മാർച്ച് ഉദ്്ഘാടനം ചെയ്യാൻ ദേശീയ സെക്രട്ടറി രാഹുൽസിൻഹയെ കൊണ്ടു വന്നതു പോലും രാഷ്ട്രീയ ലക്ഷ്യം വെച്ചു കൊണ്ടു തന്നെയാണ്.

ബംഗാളിലെ നന്ദിഗ്രാമിൽ നിന്ന് കൊണ്ടു വന്ന മണ്ണ് കീഴാറ്റൂർ വയലിൽ നിക്ഷേപിച്ചതും നന്ദി ഗ്രാം പോലെ കീഴാറ്റൂർ സമരത്തെ ദേശീയ ചർച്ചാ വിഷയമാക്കാനും ബിജെപി. ശ്രമിക്കുന്നതിന്റെ സൂചന കൂടിയാണ് രാഹുൽ സിൻഹയുടെ പ്രസംഗം. ബംഗാളിലെ നന്ദി ഗ്രാമിന് തുല്യമായാണ് അദ്ദേഹം പ്രസംഗത്തിലുടനീളം കീഴാറ്റൂരിനെ വിശേഷിപ്പിച്ചത്. തുടർന്ന് ഈ വയൽ വിട്ടു കൊടുക്കില്ലെന്ന് പ്രഖ്യാപിച്ചതും വയൽക്കിളികളെ തങ്ങൾക്കൊപ്പം നിർത്താനുള്ള പദ്ധതിയുടെ ഭാഗം തന്നെ.

സിപിഎം. പ്രവർത്തകരാണ് നന്ദിഗ്രാമിൽ ആ പാർട്ടിയെ കുഴിച്ചു മൂടിയതെന്നും ഈ ഗ്രാമത്തിലും സമരം ചെയ്യുന്നവർ സിപിഎം. പ്രവർത്തകരാണെന്നും അവർ ഇവിടെ സിപിഎം. ന്റെ ശവക്കല്ലറ തീർക്കുമെന്നും രാഹുൽസിൻഹ പറഞ്ഞു. നിങ്ങളുടെ പോരാട്ട വീര്യത്തിന് നന്ദി പറയുന്നു എന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം വേദിയൊഴിഞ്ഞത്. മാർച്ച് നയിക്കുന്ന ബിജെപി. ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസിന് അദ്ദേഹം പതാക കൈമാറി. കീഴാറ്റൂർ സമരനായിക നമ്പ്രാടത്ത് ജാനകി നെൽക്കതിരും പാളത്തൊപ്പിയും നൽകി മാർച്ചിനെ ആശിർവദിച്ചു.